Follow KVARTHA on Google news Follow Us!
ad

Wedding & Divorce | വിവാഹവും മോചനവും

ഒരുപാട് സങ്കടങ്ങളും സന്തോഷങ്ങളും ബാക്കിയാക്കി പോയവൾ, Childhood, Memories, School, Wedding, Divorce
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം (ഭാഗം 2)

കൂക്കാനം റഹ്‌മാൻ

(KVARTHA) തുറന്നെഴുത്തിന് ഗുണമുണ്ടാവുമെന്ന് കരുതുന്നു. വ്യക്തിപരമായ കാര്യമാണെങ്കിലും സമൂഹത്തിൽ അക്കാര്യം ചർച്ചയാവും. ചിലപ്പോൾ ചിലർക്ക് അത്തരം അനുഭവം ഉണ്ടാവുകയും ചെയ്യാം. എൻ്റെ വിവാഹം നടന്നത് 1973 നവംബർ 23ന്. അപ്പോൾ എൻ്റെ വയസ് 23. നിർബന്ധത്തിന് വഴങ്ങി ചെയ്ത പ്രവൃത്തിയായിരുന്നു. ഉമ്മയുടെ മൂത്ത ആങ്ങളയുടെ മകളുമായാണ് വിവാഹം നടന്നത്. അവൾക്കന്ന് 18 വയസ്സായി കാണും. ഞാൻ അവളുടെ വീട്ടിൽ ചെറുപ്പകാലം മുതലേ പോവാറുണ്ട്. ഉമ്മയുടെ കൂടെ. അവളുടെ പേര് ഉമ്മുകുൽസു എന്നാണ്. എന്നെ അന്ത്രുമാൻ എന്നാണ് ചിലരൊക്കെ വിളിക്കുക. 'അന്ത്രു ദി മാൻ' സിനിമ വന്നപ്പോൾ എൻ്റെ പഴയ പേര് അന്ത്രുമാൻ നല്ലതാണെന്ന് തോന്നി.
 
Article, Wife and Husband, Marriage and Divorce.

  ഞാനും ഉമ്മുകുൽസുവും അവളുടെ സഹോദരന്മാരും ഒന്നിച്ചു കളിക്കാറുണ്ട്. അവൾ അമ്മാവൻ്റെ നാലാമത്തെ മകളാണ്. പത്തുവയസുകാരിയായ കുൽസുവിൻ്റെ ഡ്രസ് ചുവന്നൊരു മുണ്ടും കുപ്പായവുമായിരുന്നു. അവൾക്ക് പതിമൂന്ന് വയസ്സായി കാണും, ഞാൻ പതിനെട്ടുകാരനും. അതിനു ശേഷം ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. ആ വീട്ടിൽ ചെന്നാലും ഞങ്ങൾക്ക് പരസ്പരം കാണാനുള്ള അവസരം കിട്ടില്ല. അമ്മാവൻ തനി ഓർത്തഡോക്സാണ്. വീടിന് ചുറ്റും ഉയരത്തിൽ മൺകയ്യാലയും അതിനു മുകളിൽ മെടഞ്ഞ ഓലകൊണ്ട് മറവും കെട്ടിയിട്ടുണ്ട്. പെൺകുട്ടികളെ ഓതാൻ മാത്രമെ പഠിപ്പിച്ചുള്ളു. സ്കൂളിൽ ഒന്നോരണ്ടോ ക്ലാസിൽ പോയെന്ന് മാത്രം.

അമ്മാവൻ ഉമ്മയെ പറഞ്ഞ് വലയിലാക്കി. തറവാട് സ്വത്തിൽ അദ്ദേഹത്തിനുളള വിഹിതം എനിക്കു തരാമെന്നും പഴയ തറവാട് വീട് പുതുക്കിത്തരാമെന്നും ഉമ്മയ്ക്ക് വാക്കു കൊടുത്തു. ഉമ്മ എന്നെ നിർബന്ധിച്ചു. വിവാഹം നിശ്ചയിച്ചു. പറഞ്ഞപോലെ അമ്മാവൻ വാക്കുപാലിച്ചു. എൻ്റെ പുരോഗമന ചിന്തയെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും അദ്ദേഹത്തിനറിയാം. വിവാഹം കഴിഞ്ഞാൽ അതൊക്കെ ശരിയാക്കിയെടുക്കാമെന്ന് അദ്ദേഹം കണക്കുകൂട്ടി. വിവാഹം നടന്നു. ആദ്യ ദിവസം തന്നെ ഞാൻ ഞെട്ടിപ്പോയി. പുതിയാപ്പിളക്കൊരുക്കിയ മണിയറ കണ്ടു. അമ്മാവൻ കച്ചവടം നടത്തിയ വീടിനോട് ചേർന്ന മുറിയാണ് കിടപ്പറയാക്കിയത്. നിരപ്പലക മാറ്റി ഡോർ ഫിറ്റ് ചെയ്തിട്ടുണ്ട്. ഒരൊറ്റ ജനൽ പോലുമില്ലാത്ത കുടുസ്സായ മുറി. മെത്തയും അലങ്കാരങ്ങളൊക്കെ ഗംഭീരമുണ്ട്. മരുമകനായത് കൊണ്ട് ഇങ്ങിനെയൊക്കെ മതിയെന്ന് മൂപ്പർ കരുതിയിട്ടുണ്ടാവാം.

ഫുൾകൈ ബ്ലൗസും മുണ്ടും ധരിക്കുന്ന അവൾക്കായി ഞാൻ കൊണ്ടു പോയത് അരക്കൈ ബ്ലൗസും സാരിയുമൊക്കെയാണ്. അത് കണ്ടപ്പോൾ തന്നെ അമ്മാവന് ഹാലിളകിക്കാണും. വിവാഹ പിറ്റേന്ന് ഞങ്ങൾ രണ്ടു പേരും ഫോട്ടോ എടുക്കാൻ പയ്യന്നൂര് പോകുന്നു എന്ന് പറഞ്ഞപ്പോഴും 'അതു വേണോ?'
എന്നായിരുന്നു മറുപടി. ഞങ്ങൾ പയ്യന്നൂരിലെ ചിത്രാ സ്റ്റുഡിയോവിൽ ചെന്ന് ഫോട്ടോ എടുത്തു. ആ ഫോട്ടോ എൻ്റെ വീടിൻ്റെ പൂമുഖത്ത് തൂക്കിയിട്ടു.

ഞാനും ഉമ്മയും അനിയന്മാരും സിനിമയ്ക്ക് പോവാറുണ്ട്. ഉമ്മുകുൽസുവിനെയും കൂട്ടി ഞങ്ങൾ സിനിമയ്ക്ക് പോയി. അവൾക്ക് മടിയുണ്ടായിരുന്നു വരാൻ. പേടിയോടെയാണവൾ വന്നത്. ഇതെല്ലാം അവളുടെ ജീവിതത്തിലെ ആദ്യാനുഭവങ്ങളായിരുന്നു. സിനിമ തുടങ്ങുന്നതിന് മുന്നേ സ്‌ക്രീനിൽ സിനിമയെ കുറിച്ചുള്ള കാര്യങ്ങൾ എഴുതി കാണിക്കുമല്ലോ? കുൽസുവിന് ഒന്നും വായിക്കാൻ കഴിയുന്നില്ല. അക്ഷരം അറിയില്ലായെന്ന് എനിക്ക് ബോധ്യമായി.

ഞാൻ നാടകം അഭിനയിക്കാൻ പോകുന്നതും പൊതു പ്രവർത്തനത്തിന് പോകുന്നതും അമ്മാവന് ഇഷ്ടമല്ലായിരുന്നു. ഇതെല്ലാം നിർത്തലാക്കിക്കാൻ കഴിയുമെന്നായിരുന്നു അമ്മാവൻ്റെ കണക്കുകൂട്ടൽ. അദ്ദേഹം ഉപദേശിക്കാൻ തുടങ്ങി. പെണ്ണിൻ്റെ ഡ്രസ് കാര്യം, ഫോട്ടോ, സിനിമ, നാടകം അഭിനയിക്കൽ ഇതെല്ലാം നമുക്ക് യോജിച്ചതല്ലായെന്ന് അമ്മാവൻ എന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അതൊന്നും അംഗീകരിക്കാത്തപ്പോൾ അദ്ദേഹത്തിന് കുറുമ്പ് വന്നു.

ഇരുപത്തിമൂന്നുകാരനായ എനിക്ക് സത്യത്തിൽ സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേർപ്പെടേണ്ടതെങ്ങിനെയെന്ന് അറിയില്ലായിരുന്നു. (കാലം 1973 ആണ് എന്നോർക്കണേ).
അതുകൊണ്ട് തന്നെ ഞങ്ങൾ അത്തരം ഇടപെടലൊന്നും കൂടാതെ മൂന്ന് മാസം കഴിച്ച കുട്ടി. മൂന്നു മാസത്തിനിടയിൽ ഞങ്ങൾ ഒപ്പമുണ്ടായത് കേവലം പത്തോ പന്ത്രണ്ടോ ദിവസങ്ങൾ മാത്രം. അവൾ അവളുടെ വീട്ടിലും ഞാൻ എൻ്റെ വീട്ടിലുമാണ് താമസിച്ചു വന്നത്.

ഞാൻ അമ്മാവൻ്റെ വഴിയിലൂടെ പോവില്ലെന്നറിഞ്ഞപ്പോൾ എങ്ങിനെയെങ്കിലും ബന്ധം ഒഴിവാകണം എന്ന നിലയിലേക്ക് അമ്മാവനും ബന്ധുക്കളും എത്തി. വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്ന് തന്നെ എന്ന പോലെ ഞാനും ആഗ്രഹിച്ചത് അതു തന്നെ. എൻ്റെ കളിക്കൂട്ടുകാരി എന്ന നിലയിലും രക്ഷാകർത്താക്കളോട് അനുസരണയോട് പെരുമാറുന്നവൾ എന്ന നിലയിൽ അവസാനമായി അവൾക്ക് സ്വകാര്യമായി ഒരു കുറിപ്പ് കൊടുത്തയച്ചു. 'എൻ്റെ കൂടെ ജീവിക്കുവാൻ തയ്യാറാണെങ്കിൽ ഇതിന് ഒരു മറുപടി കൊടുത്തു വിടുക'. 'എനിക്ക് രക്ഷിതാക്കൾ പറയുന്നതനുസരിച്ചേ ചെയ്യാൻ പറ്റു', എന്ന മറുപടിയാണ് കിട്ടിയത്.

ഒഴിവാകാം എന്ന ധാരണയിൽ രണ്ടു പേരുമെത്തി. ചിട്ടപ്രകാരം ഞങ്ങൾ വിവാഹമോചിതരായി.
വർഷങ്ങൾ കടന്നുപോയി. അവളുടെ വിവാഹം നടന്നു എന്ന വിവരമറിഞ്ഞു. അതിനു ശേഷം ഞാൻ വിവാഹം കഴിച്ചു. ഞാൻ ആ വീട്ടിൽ പോകാറുണ്ട്. അവളൊഴിച്ച് ബാക്കി എല്ലാവരേയും കാണുകയും സംസാരിക്കുകയും ചെയ്യും. അവളുടെ മൂത്ത മകൻ്റെ വിവാഹത്തിന് അവൻ വീട്ടിൽ വന്നു എന്നെ ക്ഷണിച്ചു. ഞാൻ പോയി.

വിവാഹത്തിരക്കിനിടയിൽ കുൽസു എന്നെ കണ്ടു. ഒരു ചിരി ഞങ്ങൾ പരസ്പരം കൈമാറി. ഉള്ളു കുളിർത്തതായി തോന്നി. വർഷങ്ങൾ പിന്നെയും നിരവധി കൊഴിഞ്ഞു പോയി. നാല് വർഷമപ്പുറം ഒരു നവംബർ 23ന് അവൾ കുഴഞ്ഞുവീണു മരിച്ചു എന്ന വിവരം കിട്ടി. വിവരമറിഞ്ഞയുടനെ ഞാൻ എത്തി. അവസാനമായി അവളെ ഒരു നോക്കു കണ്ടു. ആരോടും ഒന്നും പറയാതെ പരസ്പരം പറഞ്ഞു പൂർത്തിയാക്കാൻ ഒരുപാട് സങ്കടങ്ങളും സന്തോഷങ്ങളും ബാക്കിയാക്കി അവൾ പോയി.
  
Article, Wife and Husband, Marriage and Divorce.


Also Read: 

Post a Comment