Follow KVARTHA on Google news Follow Us!
ad

കേരളത്തിലെ ' സ്പ്ലിറ്റ് ട്രെന്‍ഡ്'

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാകുന്നത് ഒരുതരം ' സ്പ്ലിറ്റ് ട്രെന്‍ഡ്' ആണ്. മോഡി കേന്ദ്രത്തില്‍ Kerala, Election, Lok Sabha, CPM, BJP, Congress, Election-2014, Article, J. Prabhash
തിരഞ്ഞെടുപ്പ് 2014: കേരളത്തില്‍ സംഭവിച്ചതെന്ത് ? പാര്‍ട്ട് 5

ജെ പ്രഭാഷ് ( രാഷ്ട്രീയ നിരീക്ഷകന്‍)

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാകുന്നത് ഒരുതരം ' സ്പ്ലിറ്റ് ട്രെന്‍ഡ്' ആണ്. മോഡി കേന്ദ്രത്തില്‍ വരുന്നതു തടയാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതാണു നല്ലത് എന്നു വോട്ടര്‍മാര്‍ ചിന്തിച്ചു. എന്നാല്‍ പൂര്‍ണമായും കോണ്‍ഗ്രസിനെ മാത്രം സ്വീകരിച്ചുമില്ല. ഓരോ നിയോജക മണ്ഡലവും ഓരോ രീതിയിലാണു വോട്ടു ചെയ്തത് എന്നും കാണാം.

ആര്‍.എസ്.പി മുന്നണി മാറി വന്നത് യു.ഡി.എഫിനെ സഹായിച്ച ഘടകങ്ങളില്‍ ഒന്നാണ്. കൊല്ലത്തു മാത്രമല്ല മാവേലിക്കരയിലും ചെറിയതോതില്‍ തിരുവനന്തപുരത്തും അതു സ്വാധീനിച്ചു. വി.എം സുധീരനെ പ്രസിഡണ്ടും വി.ഡി സതീശനെ വൈസ് പ്രസിഡണ്ടുമാക്കി കെ.പി.സി.സി പുനഃസംഘടിപ്പിച്ചതാണ് മറ്റൊരു നേട്ടമായത്. കോണ്‍ഗ്രസിനു കൂടുതല്‍ കെട്ടുറപ്പ് ഉണ്ടാകുന്നു എന്നും ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നു എന്നും വന്നു. സാധാരണയായി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മറ്റും കാസര്‍കോട് മുതല്‍ പാറശാല വരെ ഉണ്ടാകുന്ന ഗ്രൂപ്പ് അടി ഇത്തവണ വ്യാപകമായി ഉണ്ടായില്ല. നേതൃമാറ്റം ഉണ്ടാകും മുമ്പ് വലിയതോതില്‍ ഗ്രൂപ്പ് ഭിന്നത ഉണ്ടായിരുന്നു. പിന്നീട് മെച്ചപ്പെട്ട പ്രതിഛായയിലേക്ക് പാര്‍ട്ടി മാറി.

വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടിക്കൊപ്പം നിന്നത് ഇടതുമുന്നണിക്ക് ഗുണം ചെയ്തു. പക്ഷേ, സ്ഥാനാര്‍ത്ഥി നിര്‍ണയം പ്രശ്‌നമായി. അഞ്ച് സ്വതന്ത്രരെ മത്സരിപ്പിച്ചതും എല്‍.ഡി.എഫുകാര്‍ക്കു പോലും താല്‍പര്യമില്ലാതിരുന്ന ബെന്നറ്റ് എബ്രഹാമിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയതും ഉദാഹരണം. പത്തനംതിട്ടയിലും എറണാകുളത്തും പൊന്നാനിയിലും സ്വതന്ത്രരെ ജനം സ്വീകരിച്ചില്ലല്ലോ. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തുംപോയി. ബെന്നറ്റിനു പകരം വേറെ ആരെങ്കിലുമായിരുന്നു എങ്കില്‍ മത്സരം രാഷ്ട്രീയ ഏറ്റുമുട്ടല്‍ ആക്കി മാറ്റാന്‍ കഴിയുമായിരുന്നു.
Election, Lok Sabha, CPM, BJP, Congress, Narendra Modi, Oommen Chandy, Kollam, NK Premachandran
ഏറ്റവും  പാളിപ്പോയ സെലക്ഷന്‍ എറണാകുളത്തെ ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സ്ഥാനാര്‍ത്ഥിത്വമായിരുന്നു. അവിടെയും രാഷ്ട്രീയ മത്സരം സാധിച്ചിരുന്നെങ്കില്‍ അത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഗുണം ചെയ്യുമായിരുന്നു. സര്‍ക്കാരിനെതിരായ വികാരം സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ എല്‍.ഡി.എഫ് വിജയിച്ചില്ല. സര്‍ക്കാരിനെതിരെ ഉപയോഗിക്കാവുന്ന കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി അത് വോട്ടാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു.

വടകരയിലെ ഫലം സി.പി.എമ്മിന്റെ പരാജയമല്ല എന്നാണ് ഞാന്‍ കരുതുന്നത്. പിടിച്ചു നില്‍ക്കാന്‍ സാധിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനു ലഭിച്ചത് ചെറിയ ഭൂരിപക്ഷമാണല്ലോ. എന്‍.കെ പ്രേമചന്ദ്രന് അനുകൂലമായ നായര്‍ ഏകീകരണം ഉണ്ടായതാണ് കൊല്ലത്തെ ഇടതു പരാജയത്തിന്റെ ഒരു കാരണം. കെ. സുധാകരന്‍ ജനകീയനല്ലാത്തത് പി.കെ ശ്രീമതിയുടെ വിജയത്തെ സ്വാധീനിച്ച പല കാരണങ്ങളില്‍ മുഖ്യമായ ഒന്നായി മാറി. വോട്ടുചെയ്യുന്നത് എപ്പോഴും രാഷ്ട്രീയമായി മാത്രമല്ല. സ്ഥാനാര്‍ത്ഥിയുടെ ഇടപെടലും പ്രധാനമാണ്. വിജയിച്ചവരില്‍ ഏറെപ്പേരുടെ കാര്യവും നോക്കിയാല്‍ അതു മനസിലാകും. അതേസമയം എം.എ ബേബി ജനകീയനായിട്ടും തോറ്റത് സി.പി.എമ്മില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ പോവുകയാണ്.

ഞാന്‍ തോറ്റാല്‍ അത് ടുജി സ്‌പെക്ട്രം കേസിലെ സംയുക്ത പാര്‍ലിമെന്ററി സമിതി റിപോര്‍ട്ട് തള്ളുന്നതിനു തുല്യമായിരിക്കും എന്നും മറ്റും പറഞ്ഞ പി.സി ചാക്കോ ജനങ്ങളുമായി ബന്ധമുള്ള നേതാവല്ല. തൃശൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വെറുപ്പിച്ചിട്ട് ചാലക്കുടിയിലേക്ക് ചോദിച്ചു വാങ്ങി മാറിയതുമാണ്. പാര്‍ട്ടിയിലും സര്‍ക്കാരിലും ഉമ്മന്‍ ചാണ്ടി കൂടുതല്‍ ശക്തനായി എന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രധാന ഫലം. കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍ക്കാരുകള്‍ക്ക് എതിരായ വികാരം നേരിട്ടുകൊണ്ടാണ് വിജയിച്ചത്. 2000ത്തിലെ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകള്‍ യു.ഡി.എഫിന് ലഭിച്ചത് അന്ന് ഭരിച്ചിരുന്ന ഇടതുമുന്നണി സര്‍ക്കാരിനെതിരായ ജനവികാരം മുതലെടുക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. സാഹചര്യം മാറി. വിജയം ഒട്ടും മോശമവുമല്ല.

കേരള രാഷ്ടീയം, എല്‍.ഡി.എഫ് - യു.ഡി.എഫ് എന്ന ബൈ പോളാര്‍ സ്ഥിതിയില്‍ നിന്ന് ബി.ജെ.പി കൂടി ഉള്‍പെടുന്ന ട്രൈ പോളാര്‍ സ്ഥിതിയിലേക്ക് മാറുന്നു എന്നാണ് ഇത്തവണത്തെ ഫലങ്ങള്‍ മനസിലാക്കിത്തരുന്നത്. ബി.ജെ.പി പിടിച്ച വോട്ടുകള്‍ നല്‍കുന്ന സൂചനയെ കാണേണ്ടത് കേന്ദ്രത്തില്‍ അവര്‍ അധികാരത്തിലെത്തിയിരിക്കുന്നു എന്നതു കൂടി പരിഗണിച്ചുകൊണ്ടാകണം. വലുതാക്കി മാറ്റാവുന്ന ചെറിയ സൂചനയാണിത്. കേരളത്തിലെ ഹിന്ദുക്കള്‍ക്ക് മുമ്പത്തെപ്പോലെ ബി.ജെ.പി വിരുദ്ധ വികാരം ഇല്ല.

'നോട്ട', എ.എ.പി തുടങ്ങിയ ഘടകങ്ങള്‍ തെരഞ്ഞെടുപ്പുഫലത്തെ കേരളത്തില്‍ കാര്യമായി സ്വാധീനിച്ചിട്ടില്ല. സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരായ പ്രതിഷേധവും വോട്ടര്‍മാരുടെ ഉള്ളിലുള്ള വിയോജിപ്പും പ്രകടിപ്പികാനുള്ള പുതിയ രീതിയാണ് നോട്ട. അതു പക്ഷേ, കേരളത്തില്‍ നിര്‍ണായകമായില്ല. എ.എ.പിക്ക് ഞാന്‍ കേരളത്തില്‍ വ്യക്തമായ ഇടവും കാണുന്നില്ല. തൃശൂരിലും എറണാകുളത്തും അവര്‍ പിടിച്ച വോട്ടുകളുടെ എണ്ണം പ്രധാനംതന്നെ എന്ന് അംഗീകരിച്ചുകൊണ്ടാണ് ഇതു പറയുന്നത്.

കേരളത്തിലെ വോട്ടര്‍മാര്‍ കൂടുതല്‍ രാഷ്ട്രീയ ബോധമുള്ളവരായി മാറുന്നു എന്നു മനസിലാക്കിത്തരുന്നുണ്ട് ഇപ്പോഴത്തെ ഫലങ്ങള്‍. ഒരു മണ്ഡലവും ആര്‍ക്കും സുരക്ഷിതമല്ല. ഏതു കുറ്റിച്ചൂല്‍ നിന്നാലും ജയിക്കുന്ന മണ്ഡലങ്ങള്‍ ഇല്ലാതാകുന്നു.

കടപ്പാട്: സമകാലിക മലയാളം വാരിക

പാര്‍ട്ട് 1: തിരഞ്ഞെടുപ്പ് 2014: കേരളത്തില്‍ സംഭവിച്ചതെന്ത് ?

 പാര്‍ട്ട് 2: വി. മുരളീധരന്‍ തുറന്നുപറയുന്നു

 പാര്‍ട്ട് 3 : നേട്ടമുണ്ടാക്കിയത് ആര്, ഇടതോ, വലതോ ?

 പാര്‍ട്ട് 4 : ഇത് വലിയ വിജയമോ, ഭരണത്തിന് അനുകൂലമായ വിധിയോ ?


 പാര്‍ട്ട് 6 : കേരളത്തില്‍ തന്ത്രങ്ങള്‍ മെനയാന്‍ ബി.ജെ.പി

 പാര്‍ട്ട് 7 : അന്ന് അല്‍ഫോണ്‍സ് കണ്ണന്താനം, ഇന്ന് ജോസ് കെ മാണി ? മെനയുമോ ബി.ജെ.പി പുതിയ തന്ത്രം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Election, Lok Sabha, CPM, BJP, Congress, Narendra Modi, Oommen Chandy, Kollam, NK Premachandran, V Muraleedharan, MG Radhakrishnan, C Goureedasan, K Venu, J. Prabash.

Post a Comment