Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ തന്ത്രങ്ങള്‍ മെനയാന്‍ ബി.ജെ.പി

അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും കേരളത്തില്‍ മികച്ച Election, Lok Sabha, CPM, BJP, Congress, Narendra Modi, Oommen Chandy, Kollam, NK Premachandran
തിരഞ്ഞെടുപ്പ് 2014: കേരളത്തില്‍ സംഭവിച്ചതെന്ത് ? പാര്‍ട്ട് 6
കെ വേണു ( രാഷ്ട്രീയ നിരീക്ഷകന്‍)

അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും കേരളത്തില്‍ മികച്ച വിജയം നേടുകയും ചെയ്തതും ഇപ്പോഴത്തെ ഫലവും തമ്മില്‍ താരതമ്യമില്ല. രണ്ടു സാഹചര്യങ്ങളിലും വോട്ടര്‍മാരുടെ സമീപനം വ്യത്യസ്ഥമാണ്. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുകയാണ് ഫലത്തില്‍ അന്നു ചെയ്തത്. ഇപ്പോഴാകട്ടെ മറ്റു പല പ്രദേശങ്ങളും രാഷ്ട്രീയമായി തെറ്റായ തീരുമാനം എടുത്തപ്പോള്‍ കേരളം അതേ തീരുമാനം എടുക്കാതിരിക്കുകയാണു ചെയ്തത്. അതു നല്ല കാര്യമാണുതാനും. അന്നത്തെ നിലപാട് നെഗറ്റീവും ഇപ്പോഴത്തേത് പോസിറ്റീവുമാണ്.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന തെരഞ്ഞെടുപ്പുകളിലാണ് ഇടതുമുന്നണിക്ക് ഏറ്റവും മോശപ്പെട്ട തെരഞ്ഞെടുപ്പുഫലം നേരിടേണ്ടിവന്നത്. മാത്രമല്ല വി.എസ് അച്യുതാനന്ദന്‍ തനി അവസരവാദി ആണെന്ന് പല സാഹചര്യങ്ങളിലും അദ്ദേഹം സ്വീകരിച്ച നിലപാടുകളില്‍ നിന്നു ജനത്തിനു ബോധ്യമായിട്ടുമുണ്ട്. അതുകൊണ്ട് ഇത്തവണ അദ്ദേഹം പാര്‍ട്ടിയുടെ കൂടെനിന്നത് പ്രത്യേകിച്ച് എന്തെങ്കിലും ഗുണം ചെയ്‌തോ എന്നു പരിശോധിക്കുന്നതില്‍ കാര്യമൊന്നുമില്ല.

സാധാരണയായി അവര്‍ക്ക് 60 ശതമാനത്തോളം വോട്ടുകള്‍ ലഭിക്കാറുള്ള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്ഥമായി വി.എസ് സര്‍ക്കാര്‍ ഭരിച്ച കാലത്തെ തെരഞ്ഞെടുപ്പില്‍ താഴേക്കുപോകുന്നതാണു കണ്ടത്. അദ്ദേഹത്തിന്റെ സ്വാധീനം തെരഞ്ഞെടുപ്പുകാലത്ത് യാതൊരു പ്രസക്തിയും ഇല്ലാതായി മാറിയിരിക്കുന്നു. 2006ല്‍ ചെയ്തതിന്റെ ആവര്‍ത്തനംപോലെ വി.എസിനു സീറ്റ് നിഷേധിക്കുന്നു എന്ന തരത്തില്‍ ആളുകള്‍ക്കിടയില്‍ സഹതാപവും വി.എസിന് രക്തസാക്ഷി പരിവേഷവും നല്‍കാന്‍ ശ്രമിച്ചതുകൊണ്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അത്ര വലുതല്ലാതായി മാറിയത്. ഇപ്പോള്‍ അദ്ദേഹത്തിന് അത്തരം സ്വാധീനമൊന്നും ഇല്ല.
Election, Lok Sabha, CPM, BJP, Congress, Narendra Modi, Oommen Chandy, Kollam, NK Premachandran
നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ യു.ഡി.എഫിന് മെച്ചപ്പെട്ട സ്ഥിതിയാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. 80 നിയമസഭാ മണ്ഡലങ്ങളില്‍ അവര്‍ക്ക് മുന്‍കൈയുണ്ട്. അതേസമയം, കസ്തൂരി രംഗന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരേ ഉണ്ടായ അവിശ്വാസംകൊണ്ടു മാത്രം രണ്ടു സീറ്റിലെങ്കിലും അവര്‍ പരാജയപ്പെടുകയും ചെയ്തു. കണ്ണൂരില്‍ മലയോരമേഖലയിലെ വോട്ടുകള്‍ എണ്ണിയപ്പോഴാണ് കെ. സുധാകരന്‍ പിന്നിലായതും പി.കെ ശ്രീമതി വിജയിച്ചതും. ഇടുക്കിയിലും മറ്റൊന്നുമല്ല കാരണം. ചാലക്കുടിയും തൃശൂരും ഒരേപോലെ നഷ്ടപ്പെടുത്തിയത് പി.സി ചാക്കോയുടെ തെറ്റായ ഇടപെടലാണ്. ചാലക്കുടിയില്‍ കെ.പി ധനപാലനാണ് മല്‍സരിച്ചിരുന്നതെങ്കില്‍ ഇന്നസെന്റ് വിജയിക്കുമായിരുന്നില്ല. ചാക്കോ തൃശൂരില്‍ മത്സരിച്ചാലും തോല്‍ക്കുമായിരുന്നു. പക്ഷേ, ചാലക്കുടി കൂടി നഷ്ടപ്പെടുത്തി. എ.എ.പി ഇവിടെ രണ്ടിടത്തും ഫലത്തെ സ്വാധീനിച്ചു എന്നും പറയുന്നുണ്ട്. അവര്‍ രണ്ടുകൂട്ടരുടെയും വോട്ടുകള്‍ പിടിച്ചിട്ടുണ്ടാകാം.

ബി.ജെ.പി കേരളത്തില്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരിക്കുന്നു എന്നത് ഈ തെരഞ്ഞെടുപ്പിന്റെ വലിയ ഒരു പ്രത്യേകതയാണ്. തിരുവനന്തപുരത്തെപ്പോലെ രണ്ടാം സ്ഥാനത്തു വന്നില്ലെങ്കിലും മറ്റ് അഞ്ചു മണ്ഡലങ്ങളില്‍ അവര്‍ ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകള്‍ പിടിച്ചത് ചെറിയ കാര്യമല്ല. ഇനി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് ഇവിടെ എം.എല്‍.എമാര്‍ ഉണ്ടാകാം എന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് ഇത്. രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് ഈ സാഹചര്യം അവര്‍ കൂടുതല്‍ അനുകൂലമാക്കി മാറ്റുകയും ചെയ്യും.

എ.എ.പിക്ക് യഥാര്‍ത്ഥത്തില്‍ ദേശീയതലത്തില്‍ ഉണ്ടായത് വലിയ വിജയമാണ്. ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ച പാര്‍ട്ടിക്ക് നാല് എം.പിമാര്‍ ഉണ്ടായത് ചെറിയ കാര്യമല്ല. മാത്രമല്ല, ഡല്‍ഹിയില്‍ അവര്‍ക്ക് സീറ്റൊന്നുമില്ലെങ്കിലു ലഭിച്ച വോട്ടുകള്‍ വര്‍ധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 30 ശതമാനം വോട്ടുകളാണ്. ഇപ്പോഴത് 32.5 ശതമാനമായി. ജനം അവരെ തള്ളിക്കളഞ്ഞില്ല എന്ന് അര്‍ത്ഥം. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ബദലായി മാറാന്‍ പോലും സാധ്യതയുള്ള വിധം അവര്‍ വളരും.

രാഷ്ട്രീയത്തെ സുതാര്യവല്‍കരിക്കുക എന്ന എ.എ.പി മുദ്രാവാക്യം പ്രധാനമാണ്. ആ സുതാര്യവല്‍കരണത്തിന് ആരും തയ്യാറല്ല. ബി.ജെ.പിയും ഇനി അതിലാണു കുടുങ്ങാന്‍ പോകുന്നത്. അഴിമതി ഇല്ലാതാക്കുന്ന വിധത്തിലുള്ള സുതാര്യവല്‍കരണം അവരും അംഗീകരിക്കാന്‍ പോകുന്നില്ല. ജനാധിപത്യത്തിന്റെ ഭാവി സുതാര്യവല്‍ക്കരണത്തിലാണ് എന്ന എ.എ.പി നിലപാട് കോണ്‍ഗ്രസും സ്വീകരിച്ചാല്‍ മാത്രമേ അവര്‍ക്കും സ്വയം ശുദ്ധീകരിക്കാന്‍ സാധിക്കുകയുള്ളു. പൂര്‍ണ സുതാര്യവല്‍ക്കരണത്തിനും ജനാധിപത്യവല്‍കരണത്തിനും അവരും തയ്യാറാകണം.

കടപ്പാട്: സമകാലിക മലയാളം വാരിക

പാര്‍ട്ട് 1: തിരഞ്ഞെടുപ്പ് 2014: കേരളത്തില്‍ സംഭവിച്ചതെന്ത് ?

 പാര്‍ട്ട് 2: വി. മുരളീധരന്‍ തുറന്നുപറയുന്നു

 പാര്‍ട്ട് 3 : നേട്ടമുണ്ടാക്കിയത് ആര്, ഇടതോ, വലതോ ?

 പാര്‍ട്ട് 4 : ഇത് വലിയ വിജയമോ, ഭരണത്തിന് അനുകൂലമായ വിധിയോ ?

 പാര്‍ട്ട് 5 : കേരളത്തിലെ ' സ്പ്ലിറ്റ് ട്രെന്‍ഡ്'

 പാര്‍ട്ട് 7 : അന്ന് അല്‍ഫോണ്‍സ് കണ്ണന്താനം, ഇന്ന് ജോസ് കെ മാണി ? മെനയുമോ ബി.ജെ.പി പുതിയ തന്ത്രം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Election, Lok Sabha, CPM, BJP, Congress, Narendra Modi, Oommen Chandy, Kollam, NK Premachandran, V Muraleedharan, MG Radhakrishnan, C Goureedasan, K Venu,

Post a Comment