Follow KVARTHA on Google news Follow Us!
ad

അന്ന് അല്‍ഫോണ്‍സ് കണ്ണന്താനം, ഇന്ന് ജോസ് കെ മാണി ? മെനയുമോ ബി.ജെ.പി പുതിയ തന്ത്രം

ഭരണമുന്നണി നേരിട്ടുകൊണ്ടിരുന്ന നിരവധി പ്രശ്‌നങ്ങളെ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ പ്രതിപക്ഷത്തിന് സാധിക്കാതെ വരുമ്പോള്‍ Election, Lok Sabha, CPM, BJP, Congress, Narendra Modi, Oommen Chandy, Kollam, NK Premachandran
തിരഞ്ഞെടുപ്പ് 2014: കേരളത്തില്‍ സംഭവിച്ചതെന്ത് ?
പാര്‍ട്ട് 7

ബി.ആര്‍.പി ഭാസ്‌കര്‍ ( മാധ്യമ പ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍)

ഭരണമുന്നണി നേരിട്ടുകൊണ്ടിരുന്ന നിരവധി പ്രശ്‌നങ്ങളെ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ പ്രതിപക്ഷത്തിന് സാധിക്കാതെ വരുമ്പോള്‍ പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പുഫലമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. വേറൊരു വിധത്തിലും ഇത് പറയാം. ജീര്‍ണിച്ച യു.ഡി.എഫിന് രാഷ്ട്രീയമായി മറുപടി നല്‍കാന്‍ ജീര്‍ണിച്ച എല്‍.ഡി.എഫ് അശക്തമാണ്. അത്രതന്നെ.

രണ്ടു മുന്നണികളും നിരവധി പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഇതു മറികടക്കാന്‍ ഇടതുപക്ഷം സ്വീകരിച്ച മാര്‍ഗങ്ങളില്‍ ഒന്ന് മുന്നണിക്കു പുറത്തുനിന്ന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുക എന്നതായിരുന്നു. പ്രതിസന്ധിഘട്ടങ്ങളെ താല്‍കാലികമായി കണ്ട പരിഹാരം. സാധാരണ നിലയില്‍ വോട്ടര്‍മാര്‍ അത് സ്വീകരിക്കാറുമുണ്ട്. ഏതെങ്കിലും മത, സാമുദായിക വിഭാഗത്തിന്റെ പ്രതിനിധിയെയോ മറ്റോ അങ്ങനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരുമ്പോള്‍ ഇടതുപക്ഷ വോട്ടുകളും ആ വ്യക്തിയുടെ സ്വാധീനഫലമായുള്ള വോട്ടുകളും ചേര്‍ന്നാണ് മികച്ച ഫലം നല്‍കുന്നത്.
Election, Lok Sabha, CPM, BJP, Congress, Narendra Modi, Oommen Chandy, Kollam, NK Premachandran,
ചാലക്കുടിയിലും ഇടുക്കിയിലും അത് ഫലം കണ്ടു. പക്ഷേ, എറണാകുളത്തും പത്തനംതിട്ടയിലും പൊന്നാനിയിലും ഫലിച്ചില്ല. തങ്ങള്‍ സ്വീകരിച്ച തെരഞ്ഞെടുപ്പു തന്ത്രം വിജയിച്ചു എന്ന് വേണമെങ്കില്‍ സി.പി.എമ്മിന് അവകാശപ്പെടാം. പക്ഷേ, അതേ തന്ത്രം പല ഇടങ്ങളിലും ഫലം കണ്ടുമില്ല. 2009ല്‍ അബ്ദുല്‍ നാസര്‍ മഅദനിയുമായി പൊന്നാനിയില്‍ സഖ്യമുണ്ടാക്കിയതിന് സംസ്ഥാനതലത്തില്‍ സി.പി.എം വിലകൊടുക്കേണ്ടി വന്നത് നമുക്കൊക്കെ അറിയാം. അതേപോലെതന്നെ ഇത്തവണയും ചില സ്ഥലങ്ങളിലുണ്ടാക്കിയ കൂട്ടുകെട്ടുകള്‍ മറ്റു ചില സ്ഥലങ്ങളില്‍ വിപരിതഫലം ഉണ്ടാക്കിയിട്ടുണ്ടാകണം.കോണ്‍ഗ്രസിനു കേരളത്തില്‍ സാധാരണയായി മുന്‍തൂക്കം കിട്ടാറുള്ളതാണ്. 2004 മാത്രമാണ് അതിന് അപവാദം.

തിരുവനന്തപുരത്തെ ഫലം ബി.ജെ.പിയെ രണ്ടാമത് എത്തിക്കുകയും വിജയിച്ച ശശി തരൂരിന് ഭൂരിപക്ഷം കുറയുകയും ചെയ്തതിനു പല കാരണങ്ങളുണ്ട്. കേന്ദ്രത്തില്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തും എന്ന പ്രതീതിയാണ് ഒന്ന്. ഒ. രാജഗോപാല്‍ വിജയിച്ചാല്‍ മന്ത്രിയാകുമെന്നും അത് ഗുണം ചെയ്യും എന്നും വലിയൊരു വിഭാഗം ചിന്തിച്ചു. നേരത്തേ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ ചെയ്തയാളാണ് എന്ന ധാരണ പരക്കെയുണ്ടല്ലോ. സ്ഥാനാര്‍ത്ഥിയുടെ ജാതിയാണ് മറ്റൊരു കാര്യം. തരൂരും രാജഗോപാലും നായന്മാരാണെങ്കിലും തരൂര്‍ 'ഡല്‍ഹി നായരാണ്  ' എന്നു പറഞ്ഞ് അദ്ദേഹത്തെ അംഗീകരിക്കാന്‍ എന്‍.എസ്.എസ് വിസമ്മതിച്ചിരുന്നു.  പകരം അവരുടെ പിന്തുണ രാജഗോപാലിനു ലഭിച്ചു. ഇടതുമുന്നണി മൂന്നാം സ്ഥാനത്താവുകയും ചെയ്തു.

കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനെ സഹായിച്ചത് പിണറായി വിജയന്‍ നടത്തിയ പരനാറി പ്രയോഗമാണ്. നല്ല പ്രതിഛായ ഉള്ളയാളാണ് പ്രേമചന്ദ്രന്‍. ഇടതുമുന്നണി സര്‍ക്കാരിലെ നല്ല മന്ത്രിയുമായിരുന്നു. അദ്ദേഹത്തെ പരസ്യമായി അങ്ങനെ അപമാനിച്ചതിനു പിന്നിലെ ലക്ഷ്യം മറ്റെന്തോ ആണ് എന്ന ധാരണയും ആളുകള്‍ക്കിടയിലുണ്ടായി. എം.എ ബേബി ജയിക്കരുത് എന്ന് പിണറായി ആഗ്രഹിക്കുന്നു എന്നു വന്നു. ബേബി വിജയിച്ചാല്‍ ദേശീയതലത്തില്‍ കൂടുതല്‍ ഉയരും എന്നു ചിന്തിക്കുന്നതില്‍ അസ്വാഭാവികതയില്ല. പരനാറി പ്രയോഗം ഉണ്ടായിരുന്നില്ല എങ്കില്‍ പ്രേമചന്ദ്രന് ഇത്ര ഭൂരിപക്ഷം ലഭിക്കാതിരിക്കുകയെങ്കിലും ചെയ്യുമായിരുന്നു.

ഇടുക്കിയില്‍ നല്ല മത്സരമാണു നടന്നത്. കണ്ണൂരില്‍ സി.പി.എം വിജയിച്ചത് പോലെ വടകരയില്‍ നില മെച്ചപ്പെടുത്തുകയും ചെയ്തു.  സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണ് വടകര. എതിര്‍പ്പ് അതിനുള്ളില്‍ തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.പി ചന്ദ്രശേഖരന്‍ കുറേ വോട്ട് പിടിച്ചതുകൊണ്ടാണ് സീറ്റ് യു.ഡി.എഫിന് കിട്ടിയത്. ടി.പിയെ ഇല്ലാതാക്കിയെങ്കിലും വടകരയില്‍ സി.പി.എമ്മിന്റെ വിജയത്തെ തടുത്തുനിര്‍ത്താന്‍ ആര്‍.എം.പിക്ക് കഴിഞ്ഞു. പി.സി ചാക്കോയെ വിജയിപ്പിക്കാന്‍ മണ്ഡലം വച്ചുമാറ്റത്തിന് ഹൈക്കമാന്‍ഡ് അനുവദിച്ചതാണ് ചാലക്കുടി കോണ്‍ഗ്രസിനു നഷ്ടപ്പെടുത്തിയത്. ഇടുക്കിയില്‍ കത്തോലിക്കാ സഭയെ കൂടെ നിര്‍ത്താന്‍ നടത്തിയ ശ്രമം താഴേത്തട്ടിലെ പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെടാതെ വന്നു. കസ്തൂരി രംഗന്‍ റിപോര്‍ട്ടില്‍ സ്വീകരിച്ച നിലപാട് കോണ്‍ഗ്രസിനു ദോഷവുമായി.

സി.പി.ഐ തകരുന്നു എന്നു വ്യക്തമാക്കുകയാണ് തെരഞ്ഞെടുപ്പുഫലം. സി.പി.എം തന്നെ തകരുന്ന സ്ഥിതിയില്‍ കൂടെ നില്‍ക്കുന്ന സി.പി.ഐയും ഇല്ലാതാകുന്നതില്‍ അത്ഭുതമില്ല. കോണ്‍ഗ്രസിന് കേരളത്തിലും ഉണ്ടായത് വലിയ തിരിച്ചടിയായിരുന്നെങ്കില്‍ പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നു. ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. ബി.ജെ.പിക്ക് ന്യൂനപക്ഷ ബന്ധം ശക്തിപ്പെടുത്താന്‍ താല്‍പര്യവും കെ.എം മാണിക്ക് അതിനോടു താല്‍പര്യവും വന്നാല്‍ സ്ഥിതി മാറും. ഇടതുസ്വതന്ത്ര എം.എല്‍.എ ആയിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തെ കൊണ്ടുപോയതുപോലെ ജോസ് കെ മാണിയെയും കൂടെച്ചേര്‍ക്കാനും സഹമന്ത്രിയാക്കാനും ബി.ജെ.പി തയ്യാറായിക്കൂടായ്കയില്ല. അങ്ങനെയൊരു ചാഞ്ചാട്ടം മാണിക്ക് ഉണ്ടായാല്‍ യു.ഡി.എഫിന്റെ ഇപ്പോഴത്തെ ഘടന തകരും.

കടപ്പാട്: സമകാലിക മലയാളം വാരിക

പാര്‍ട്ട് 1: തിരഞ്ഞെടുപ്പ് 2014: കേരളത്തില്‍ സംഭവിച്ചതെന്ത് ?

 പാര്‍ട്ട് 2: വി. മുരളീധരന്‍ തുറന്നുപറയുന്നു

 പാര്‍ട്ട് 3 : നേട്ടമുണ്ടാക്കിയത് ആര്, ഇടതോ, വലതോ ?

 പാര്‍ട്ട് 4 :ഇത് വലിയ വിജയമോ, ഭരണത്തിന് അനുകൂലമായ വിധിയോ ?

 പാര്‍ട്ട് 5 : കേരളത്തിലെ ' സ്പ്ലിറ്റ് ട്രെന്‍ഡ്'

 പാര്‍ട്ട് 6 : കേരളത്തില്‍ തന്ത്രങ്ങള്‍ മെനയാന്‍ ബി.ജെ.പി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Election, Lok Sabha, CPM, BJP, Congress, Narendra Modi, Oommen Chandy, Kollam, NK Premachandran, V Muraleedharan, MG Radhakrishnan, C Goureedasan, K Venu, J. Prabash.

Post a Comment