Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിക്കെതിരെ ആദ്യവെടിപൊട്ടിച്ച് കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍; തെരഞ്ഞെടുപ്പ് പരാജയകാരണം ശബരിമല തന്നെയെന്ന് വിമര്‍ശനം, പിണറായിയുടെ ഉഗ്രശാസനകള്‍ മാത്രം അനുസരിച്ചിരുന്ന കണ്ണൂരിലെ പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രിക്കെതിരെ എതിര്‍ശബ്ദമുയരുന്നത് ഇതാദ്യം

മുഖ്യമന്ത്രി പിണറായി വിജയന്റെ ശബരിമല നിലപാടിനെ പരസ്യമായി വിമര്‍ശിച്ച് കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍Kannur, News, Kerala, Politics, Pinarayi vijayan, Sabarimala
കണ്ണൂര്‍: (www.kvartha.com 27.05.2019) മുഖ്യമന്ത്രി പിണറായി വിജയന്റെ ശബരിമല നിലപാടിനെ പരസ്യമായി വിമര്‍ശിച്ച് കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ രംഗത്ത്. തിരുവായ്ക്കെതിര്‍വായില്ലാതെ പിണറായിയുടെ ഉഗ്രശാസനകള്‍ മാത്രം അനുസരിച്ചിരുന്ന കണ്ണൂരിലെ പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രിക്കെതിരെ എതിര്‍ശബ്ദമുയര്‍ന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ വിറകൊള്ളിച്ചിട്ടുണ്ട്. നേരത്തെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും മുഖ്യമന്ത്രി പറയുന്നതുപ്പോലെയല്ല കാര്യങ്ങളെന്ന് എംവി ഗോവിന്ദന്‍ തുറന്നടിച്ചിരുന്നു.


സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തെരഞ്ഞെടുപ്പു പരാജയകാരണം ശബരിമല വിഷയമല്ലെന്നു ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇതിനു അനുകൂലമായ നിലപാടാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സ്വീകരിച്ചത്. എന്നാല്‍ എം വി ഗോവിന്ദന്‍, കെ എന്‍ ബാലഗോപാല്‍, തോമസ് ഐസക്ക് എന്നിവര്‍ ഇതിനെ എതിര്‍ത്തു സംസാരിച്ചുവെന്നാണ് സൂചന. ശബരിമല വിഷയത്തില്‍ സമവായത്തിലെത്തുന്നതാണ് പാര്‍ട്ടിക്ക് നല്ലതെന്നും സിപിഎമ്മിനുള്ളിലെ വിശ്വാസികളെ കൂടി പരിഗണിച്ചു നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍ നീങ്ങണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അല്ലെങ്കില്‍ വരുന്ന ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് വീണ്ടും കോട്ടം തട്ടുമെന്നും ഇവര്‍ വാദിക്കുന്നു. വോട്ടുചോര്‍ച്ച മുന്‍കൂട്ടി കാണാന്‍ സിപിഎം കേരളഘടകത്തിന് കഴിഞ്ഞില്ലെന്ന വിമര്‍ശനം പാര്‍ട്ടി പിബിയില്‍ നിന്നുണ്ടായത് ഇതിന്റെ ചുവടുപിടിച്ചാണെന്നാണ് സൂചന. ഇതോടെ പിണറായി വിജയന്റെ സമഗ്രാധിപത്യം പാര്‍ട്ടിയില്‍ ഇനിയും അനുവദിക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് ഉയരുന്നത്. സിപിഎം പ്രത്യയശാസ്ത്ര വെല്ലുവിളി നേരിടുമ്പോഴെല്ലാം മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തിലൂന്നി പ്രതിരോധിക്കാറുള്ള താത്വികചാര്യനായാണ് എം വി ഗോവിന്ദന്‍ പാര്‍ട്ടിക്കുള്ളില്‍ അറിയപ്പെടുന്നത്.

പിണറായി ഗ്രൂപ്പിലെ വിശ്വസ്തനെന്ന സ്ഥാനത്തിനപ്പുറം ചില കാര്യങ്ങള്‍ തുറന്നടിച്ചു പറയാനുള്ള ആര്‍ജ്ജവവും തന്റേടവും എം വി ഗോവിന്ദന്‍ പലപ്പോഴും കാണിക്കാറുണ്ട്. എം വി ഗോവിന്ദന്റെ തുറന്ന നിലപാടുകള്‍ പാറപോലെ ദൃഡമായ കണ്ണൂര്‍ ഘടകത്തിലും വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്. പിണറായിക്കെതിരെയുള്ള നിശബ്ദരോഷം കണ്ണൂര്‍ ജില്ലാകമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. മുഖ്യമന്ത്രി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെയും നേതൃത്വത്തെയും വകവയ്ക്കാതെ പ്രവര്‍ത്തിക്കുന്നുവെന്നാണ് പ്രധാന വിമര്‍ശനം.

ഇക്കുറിയും സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത് മുഖ്യമന്ത്രി തന്നിഷ്ടപ്രകാരമാണെന്ന വിമശനം മിക്ക ജില്ലാകമ്മിറ്റികള്‍ക്കുമുണ്ട്. കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്തിയിരുന്ന പി ജയരാജനെ കണ്ണൂരില്‍ നിന്നും വടകര സ്ഥാനാര്‍ഥിയാക്കി തോല്‍പ്പിച്ചത് അണികള്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന പൊതുവിമര്‍ശനവും ചില നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്.

എം വി ഗോവിന്ദന്‍ പറയാതെ പറഞ്ഞത് 

മുഖ്യമന്ത്രി പിണറായി വിജയന്റെ ശബരിമല തീസിസിനെ പൂര്‍ണമായും തളളിക്കൊണ്ടാണ് കണ്ണൂരില്‍ നടന്ന പൊതുപരിപാടിയില്‍ പ്രസംഗിച്ചത്. വിശ്വാസികള്‍ക്കെതിരായ യുദ്ധപ്രഖ്യാപനം സിപിഎം ഉദ്ദേശിക്കുന്നില്ലെന്ന നിലപാടുമാറ്റമാണ് കേന്ദ്രകമ്മിറ്റിയംഗം കൂടിയായ എം വി ഗോവിന്ദന്‍ തുറന്നടിച്ചത്. കെഎസ്ടിഎ ജില്ലാ പഠനക്യാമ്പില്‍ സംസാരിക്കവെയായിരുന്നു എം വി ഗോവിന്ദന്റെ വിവാദ പ്രസംഗം.

വിശ്വാസി സമൂഹത്തെ വിശ്വാസി സമൂഹമായിത്തന്നെ കാണണം. സിപിഎമ്മിലും വലിയൊരു വിഭാഗം വിശ്വാസികളുണ്ട്. വിശ്വാസികളെയും മതത്തെയും അവസാനിപ്പിക്കുക എന്നതു സിപിഎം അജണ്ടയല്ല. വിശ്വാസിയും അവിശ്വാസിയും ഉള്‍പ്പെടെ എല്ലാ സമൂഹത്തെയും ഒപ്പം നിറുത്താതെ മുന്നോട്ടുപോകാനാകില്ലെന്ന് സിപിഎം ഉള്‍പ്പെടെയുള്ളവര്‍ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസിസമൂഹത്തെ ഒപ്പം നിറുത്തിക്കൊണ്ടേ ഇടതുപക്ഷ പ്രസ്ഥാനത്തിനു വര്‍ഗസമരത്തില്‍ മുന്നോട്ടുപോകാനാകൂ. മസില്‍പവര്‍ കൊണ്ടു വൈരുദ്ധ്യാത്മക ഭൗതികവാദിയാകാനാകില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം പഠിച്ച് ജീവിതത്തില്‍ നടപ്പാക്കുമ്പോഴാണ് അതിനു സാധിക്കുക. ഹിന്ദു ദൈവത്തിന്റെ പേരാണു ഗോവിന്ദനെങ്കിലും ഞാന്‍ വിശ്വാസിയല്ല, വൈരുദ്ധ്യാത്മക ഭൗതിക വാദിയാണ്. ഏതെല്ലാം രീതിയിലാണു തിരിച്ചടിയുണ്ടായതെന്നു ജനങ്ങളില്‍നിന്നാണു പഠിക്കേണ്ടത്.

തെറ്റുതിരുത്തി മുന്നോട്ടുപോയാല്‍ മാത്രമേ തിരിച്ചടിയില്‍നിന്നു കരകയറാന്‍ കഴിയൂ. ഇടതുപക്ഷത്തിന് വോട്ട് നഷ്ടപ്പെടാന്‍ ഇടയാക്കിയ ഘടകങ്ങള്‍ എന്തൊക്കെയാണ്? ശബരിമല പ്രധാന വിഷയമാണ്. സുപ്രീംകോടതി പറഞ്ഞത് നമ്മള്‍ സ്വീകരിച്ചു. എന്നാല്‍ ശബരിമല പിടിച്ചെടുക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചു. വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നു സര്‍ക്കാരും തീരുമാനിച്ചു. വിശ്വാസത്തിന്റെ പേരില്‍ വര്‍ഗീയ വാദികളാണ് പ്രശ്നങ്ങളുണ്ടാക്കിയത്. എന്നാല്‍ ശബരിമല വിഷയത്തില്‍ സിപിഎമ്മും സര്‍ക്കാരും സ്വീകരിച്ച നിലപാട് തെറ്റിദ്ധരിക്കപ്പെട്ടു എന്നതു വസ്തുതയാണെന്നും എം വി ഗോവിന്ദന്‍ അടിവരയിട്ടുപറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: M V Govindhan against Pinarayi Vijayan, Kannur, News, Kerala, Politics, Pinarayi vijayan, Sabarimala