സ്വന്തം മാതാവിനെ 14 വയസുള്ള മകന്‍ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിന്റെ പിന്നാമ്പുറം വായിച്ച് ഹൃദയം പിടഞ്ഞ നിങ്ങളോട് ചില ചോദ്യങ്ങൾ

 


അസ്ലം മാവില

(www.kvartha.com 27.03.2017) കഴിഞ്ഞ വാരമാണ് ആ വാർത്ത നമ്മെത്തേടി എത്തിയത്. കെവാർത്ത റിപ്പോർട്ട് ചെയ്ത ആ സംഭവം അതേപടി ചുവടെ ചേർക്കുന്നു:

മനസാക്ഷിയെ നടുക്കുന്ന പീഡനകഥ കാസര്‍കോട്ടും; വില്ലനായത് കഞ്ചാവ്, സ്വന്തം മാതാവിനെ 14 വയസുള്ള മകന്‍ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

കാസര്‍കോട്: (www.kvartha.com 20.03.2017/ EXCLUSIVE REPORT) കേരളത്തില്‍ പീഡനകഥകള്‍ നിരന്തരം റിപോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട്ടും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനകഥ പുറത്തുവന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ കഞ്ചാവ് ലഹരിയില്‍ ഉറക്കുഗുളിക നല്‍കി സ്വന്തം മാതാവിനെ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവമാണ് പുറത്തുവന്നിരിക്കുന്നത്.

ഇത് സംബന്ധിച്ചുള്ള അന്വേഷണം പോലീസ് പ്രാഥമിക ഘട്ടത്തില്‍ തന്നെ അവസാനിപ്പിക്കുകയായിരുന്നു. പരാതിയില്ലാത്തതിനാലാണ് പോലീസ് അന്വേഷണം അവസാനിപ്പിച്ചത്. കാസര്‍കോട് നഗരത്തിന് സമീപത്തെ ഒരു പ്രദേശത്താണ് ഇത്തരമൊരു പീഡനകഥ നടന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മകനാണ് മാതാവിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്ന് ഏറെ വൈകിയാണ് വീട്ടുകാരറിഞ്ഞത്.

35 കാരിയായ യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. മൂന്ന് മക്കളും യുവതിയുമാണ് വീട്ടില്‍ താമസം. ഇതില്‍ രണ്ട് ആണ്‍കുട്ടികളാണ്. മൂത്ത മകന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയാണ്. കൂട്ടുകെട്ടിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി മയക്കുമരുന്നിന്റെ അടിമയായി മാറിയത്. രാത്രിയില്‍ മാതാവ് കഴിക്കുന്ന ഭക്ഷണത്തില്‍ ഉറക്കുഗുളിക പൊടിച്ചുചേര്‍ത്ത് മയക്കിക്കിടത്തിയാണ് വിദ്യാര്‍ത്ഥി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.

ഒരു മാസത്തിന് ശേഷം കലശലായ വയറുവേദന അനുഭവപ്പെട്ട യുവതി വയറുവേദനക്കുള്ള മരുന്നുകളും മറ്റും കഴിച്ചിരുന്നു. പിന്നീട് ചര്‍ദിയും മറ്റു അസ്വസ്ഥതകളും തുടങ്ങിയതോടെ യുവതിക്ക് താന്‍ ഗര്‍ഭിണിയാണെന്ന് സംശയം തോന്നുകയും ഗള്‍ഫിലുള്ള ഭര്‍ത്താവിനെ പെട്ടെന്ന് വിളിച്ചുവരുത്തി ഒരുമിച്ച് ഡോക്ടറെ കണ്ട് ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു. ഭര്‍ത്താവും വീട്ടുകാരും ആദ്യം യുവതിയുടെ ചാരിത്ര്യശുദ്ധിയിലാണ് സംശയിച്ചത്. ഭര്‍ത്താവിനോട് താന്‍ അത്തരക്കാരിയല്ലെന്ന് ആണയിട്ട് പറഞ്ഞതോടെ കുടുംബത്തിലെ മുതിര്‍ന്ന അംഗം രഹസ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായം തേടുകയായിരുന്നു.

സമീപവാസികളെയടക്കം നിരീക്ഷിച്ച് പോലീസുദ്യോഗസ്ഥന്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ യുവതിക്ക് സംശയിക്കത്തക്ക രീതിയില്‍ യാതൊന്നും സംഭവിക്കാനിടയില്ലെന്ന് വ്യക്തമായി. യുവതി പതിവ്രതയാണെന്നും മനസ്സിലായി. പിന്നീടാണ് മകന്റെ സുഹൃത്തുക്കളെയും മറ്റും ചുറ്റിപ്പറ്റി അന്വേഷണം നടന്നത്. മകന്‍ കഞ്ചാവ് ഉപയോഗിക്കുന്ന കൂട്ടുകെട്ടിലെ അംഗമാണെന്ന് പോലീസിന് വിവരം കിട്ടിയതോടെയാണ് അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടായത്. തുടര്‍ന്ന് മകനെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. കഞ്ചാവ് ലഹരിയില്‍ പലതവണ മാതാവിനെ ഉറക്കഗുളിക നല്‍കി താന്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന നഗ്‌ന സത്യം വെളിപ്പെടുത്തിയപ്പോള്‍ വീട്ടുകാരെല്ലാം തന്നെ സ്തബ്ധരായി. മയക്കാനുള്ള മരുന്ന് വില കൊടുത്താല്‍ ആര്‍ക്കും കിട്ടുന്ന സാഹചര്യത്തില്‍ മകന് കാര്യങ്ങള്‍ എളുപ്പമായി.

സ്വബോധത്തില്‍ മകന്‍ തന്റെ ചെയ്തിയില്‍ അതിയായി ദുഃഖിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. പീഡിപ്പിച്ചതാരാണെന്ന് തെളിഞ്ഞതോടെ മാതാവിന്റെ വയറ്റില്‍ വളരുന്ന സ്വന്തം മകനിലുണ്ടായ കുഞ്ഞിനെ ഗര്‍ഭഛിദ്രം നടത്തി ഒഴിവാക്കുകയായിരുന്നു. നാട്ടില്‍ ആരും തന്നെ അറിയാതിരുന്ന ഈ രഹസ്യം ലഹരിക്കെതിരെ ക്യാമ്പയിന്‍ നടത്തുന്ന കാസര്‍കോട്ടെ ഒരു പൊതുപ്രവര്‍ത്തകനാണ് കെവാര്‍ത്തയോട് വെളിപ്പെടുത്തിയത്.

സമൂഹത്തില്‍ നടമാടുന്ന പല തെറ്റായ പ്രവണതകള്‍ക്കും മുഖ്യകാരണം ലഹരി തന്നെയാണെന്നാണ് ഈ സംഭവത്തിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കുന്നത്. നമ്മുടെ കുട്ടികള്‍ നിഷ്‌കളങ്കരും സല്‍സ്വഭാവികളാണെന്നുമാണ് എല്ലാ രക്ഷിതാക്കളും കരുതുന്നത്. എന്നാല്‍ ലഹരിക്കടിമപ്പെട്ടാല്‍ അമ്മപെങ്ങമ്മാരെ തിരിച്ചറിയാനുള്ള വിവേകം പോലും നഷ്ടപ്പെടുന്നുവെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. വൈകി വീട്ടിലെത്തുന്ന കുട്ടികളെ നിരീക്ഷിക്കുകയും തെറ്റായ കൂട്ടുകെട്ടുകളില്‍ പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ സദാജാഗരൂകരായിരിക്കണമെന്നും പൊതുപ്രവര്‍ത്തകന്‍ പറഞ്ഞു.

സ്വന്തം മാതാവിനെ 14 വയസുള്ള മകന്‍ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിന്റെ പിന്നാമ്പുറം വായിച്ച് ഹൃദയം പിടഞ്ഞ നിങ്ങളോട് ചില ചോദ്യങ്ങൾ

ഇനി ചോദ്യങ്ങൾ: 

മേൽ സൂചിപ്പിച്ച സംഭവത്തിലെ വില്ലനായ കഞ്ചാവ് നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ പോലും ചൂടപ്പം പോലും വിറ്റുപോകുമ്പോൾ പൊതുപ്രവർത്തകരും സാമൂഹ്യ സേവകരും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ നാം ഓരോരുത്തരും എന്തു നടപടിയാണ് സ്വീകരിച്ചത്?

ദുരന്ത വാർത്തകൾ കണ്ടും കേട്ടും മന:സാക്ഷി മരവിച്ചു പോയി എന്നല്ലാതെ ഇത്തരം സംഭവങ്ങളും മറ്റു കുറ്റകൃത്യങ്ങളും ആവർത്തില്ലാതിരിക്കാൻ എന്തെല്ലാം മാർഗങ്ങളാണ് നാം സ്വീകരിച്ചത്?

നമ്മുടെ സഹോദരങ്ങളും മക്കളും ബന്ധുക്കളുമെല്ലാം ലഹരി വസ്തുക്കളുടെ അടിമയല്ല എന്നുറപ്പുണ്ടോ? കുട്ടികളുടെ സുഹൃത്തുക്കൾ ആരൊക്കെയാണ്?


ഫിലിപ്പൈന്‍സ് ഓപ്പറേഷൻ

'അവസാനത്തെ മയക്കു മരുന്ന് രാജാവും അതിന് പണമിറക്കുന്നവരും പിന്നെ വില്‍പ്പനക്കാരനും കീഴടങ്ങുകയോ അഴികള്‍ക്കുള്ളില്‍ വരികയോ (അവരിച്ഛിക്കുന്നുവെങ്കില്‍) മണ്ണനടിയിലാകുകയോ ചെയ്യുന്നത് വരെ നാമിത് നിര്‍ത്തില്ല.' ഈ വാക്കുകള്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രീഗോ ദുറ്റെര്‍റ്റെയുടേത്. നാട്ടുകാര്‍ക്കടക്കം തോക്കേന്താന്‍ ലൈസെന്‍സും കൊടുത്ത് ആ ദ്വീപ്‌സമൂഹത്തില്‍ 2017 ഫിബ്രവരി 2 വരെ ഒരു കൊല്ലത്തിനിടയില്‍ വാര്‍ ഓണ്‍ ഡ്രഗ്‌സ് ഓപ്പറേഷനില്‍ വെടിവെച്ചു കൊന്നിട്ടത് 7600 ഡ്രഗ്‌സ് അഡിക്റ്റുകളെ! ഇപ്പോഴും ആ ഓപ്പറേഷന്‍ അഭംഗുരമവിടെ തുടരുകയും ചെയ്യുന്നു.

ഉഡ്താ പഞ്ചാബ്

ആഴ്ചകള്‍ കഴിഞ്ഞില്ലല്ലോ, ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് തെരെഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ആദ്യം എഴുതിവെച്ചത് പഞ്ചാബിനെ മയക്ക് മരുന്ന് ലോബിയില്‍ നിന്ന് രക്ഷപ്പെടുത്തുമെന്നായിരുന്നു. 2016 ജൂണ്‍ 16ന് റിലീസായ ഉഡ്താ പഞ്ചാബ് എന്ന സിനിമ, മയക്കുമരുന്ന് ഒരു സംസ്ഥാനത്തെ എങ്ങിനെ വരിഞ്ഞുമുറുക്കി കഴിഞ്ഞുവെന്നതിന്റെ നേര്‍ചിത്രമായിരുന്നു. ഇന്ത്യയുടെ ധാന്യപ്പുര എന്ന പേരു മാറി ഇന്ന് പഞ്ചാബ് മയക്കുമരുന്ന് ഗോഡൗണായി മാറിക്കഴിഞ്ഞു.

കേരളം, പിന്നെ മലബാർ

കേരളത്തെയും മയക്ക് മരുന്ന് വെറുതെ വിടുന്നില്ല. മദ്യത്തേക്കാളേറെ ഇപ്പോള്‍ മയക്ക് മരുന്നിനോടാണ് പ്രിയം. ഇങ്ങു മലബാർ പ്രദേശങ്ങൾ പോലും ഇതിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നൊഴിവല്ല. അല്ല, അതിന്റെ ഹബ്ബായി മാറിയോ എന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. തിക്തഫലങ്ങള്‍ ഈ തലമുറതന്നെ കണ്ടുതുടങ്ങി. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇക്കഴിഞ്ഞ ആഴ്ച കെവാര്‍ത്തയില്‍ നാം ഞെട്ടലോടെ വായിച്ചത്, ഡ്രഗ് അഡിക്റ്റായ പതിനാലുകാരന്‍ മകന്‍ സ്വന്തം മാതാവിന് മയക്ക്ഗുളിക നല്‍കി അരുതാത്തത് ചെയ്തുവെന്ന്! സ്വപുത്രനാല്‍ ആ മാതാവ് ഗര്‍ഭിണിയായെന്ന്! കണ്ണേ മടങ്ങുക! കാതേ അടയുക! സംഭവം റിപ്പോര്‍ട്ട് ചെയ്തത് കാസര്‍കോട്ട് നിന്ന്!


വലിയ കണ്ണികൾ; ടാര്‍ജറ്റ് കുട്ടികൾ

മയക്ക് മരുന്നിനടിമപെട്ടപ്പോള്‍ ഒരു പതിനാലുകാരന് അത്തരമൊരു നീചവൃത്തി ചെയ്യാന്‍ തോന്നണമെങ്കില്‍, സ്വന്തം മാതാവിന് ഉറക്ക ഗുളിക നല്‍കി പ്രാപിക്കാന്‍ മാത്രം മനസ്സ് മരവിക്കണമെങ്കില്‍, എത്രവലിയ കണ്ണിയില്‍ അവന്‍ കുടുങ്ങണം! ആ കൂട്ട് കെട്ടില്‍ എത്ര മനുഷ്യപിശാചുക്കള്‍ ഒന്നിച്ചുണ്ടാകണം! കുഞ്ഞിച്ചോറു വെച്ച് കളിക്കുന്ന ഒരു പ്രായത്തെ മയക്ക് മരുന്ന് ലോബി എത്ര നികൃഷ്ടമായായിരിക്കും ദുരുപയോഗം ചെയ്തിരിക്കുക. വീണ്ടും കണ്ണേ മടങ്ങുക!

ഇവരുടെ ടാര്‍ജറ്റ് കുട്ടികളാണ്, പുതു തലമുറയാണവര്‍ക്ക് വേണ്ടത്. കുഞ്ഞുമക്കളെയാണ് അവര്‍ക്ക് നോട്ടം. ''കേരളം ജാഗരൂകരാകണം. ഒരു ജനത മുഴുവന്‍ ഉറക്കമൊഴിച്ചു നില്‍ക്കണം. ആരും ഈ ചതിക്കുഴിയില്‍ പെടരുത്.'' സാമൂഹിക ശാസ്ത്രജ്ഞര്‍, രാഷ്ട്രീയ ബുദ്ധി ജീവികള്‍, പോലീസും രഹസ്യാന്വേഷണവിഭാഗമടക്കം കണക്ക് നിരത്തി പറഞ്ഞിട്ടും, നാമുറക്കത്തിലാണ്, നമുക്ക് നേരം വെളുത്തിട്ടേയില്ല.

ആളുകളെ മയക്കുന്ന, സ്വബോധം നഷ്ടപെടുത്തുന്ന, അക്രമവാസന ഉണര്‍ത്തുന്ന വസ്തുക്കള്‍ കേരളത്തില്‍ യഥേഷ്ടം വിറ്റഴിക്കപ്പെടുകയാണിന്ന്. കഞ്ചാവും മയക്ക് മരുന്നുമടക്കമുള്ള സകല ലഹരി വസ്തുക്കളുടെയും നീരാളിപ്പിടുത്തത്തില്‍ നിന്നും മലബാറിന് പോലും രക്ഷയില്ലാതായിരിക്കുന്നു. യുവാക്കളെയും സ്‌കൂള്‍ കുട്ടികളെയും ടാര്‍ജറ്റ് ചെയ്യുന്ന ഇതിന്റെ പിണിയാളുകള്‍ അധികവും അമ്പത് വയസ്സിനു മുകളിലുള്ളവരാണെന്നതാണ് സങ്കടം. അന്യ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെ വരെ കഞ്ചാവ് വില്‍ക്കാനായി ഇതിന്റെ ഏജന്റുമാര്‍ നിയോഗിച്ചിട്ടുണ്ടെന്നു കേള്‍ക്കുന്നു.

എന്റെ നാട്ടിലേക്ക് ''തിന്മകളുടെ മാതാവ്'' വരരുത് 

അത്‌കൊണ്ട് ഒരു ശ്രദ്ധ എല്ലാവര്‍ക്കും ഉണ്ടായേ തീരൂ. എന്റെ നാട്ടിലേക്ക് ''തിന്മകളുടെ മാതാവ്'' വരരുത് എന്ന് എല്ലാവരും നിര്‍ബന്ധം പിടിക്കണം. ഹുട്ക്ക മുതല്‍ കഞ്ചാബ് വരെയുള്ള ഒന്നും തന്നെ നമ്മുടെ നാട്ടില്‍ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ട കടമ അതത് പ്രദേശത്തുള്ള ഓരോ രക്ഷിതാവിന്റെയും കടമയായിരിക്കണം. പാന്‍ പരാഗ്, ഹന്‍സ് ഇവ വില്‍ക്കുന്ന കടക്കാരുമായി ഒരു തരത്തിലും സഹകരിക്കരുത്, അവരെ ബഹിഷ്‌കരിക്കാന്‍ നാം തയ്യാറാകണം.

പതിനായിരങ്ങളുടെ ജീവിതമാണ് മയക്കു മരുന്ന് ഉപയോഗം കൊണ്ട് നമ്മുടെ കേരളത്തില്‍ താറുമാറായിക്കൊണ്ടിരിക്കുന്നത്. അവര്‍ മാത്രമല്ല അവരുടെ കൂടെ ആരൊക്കെ വെറുതെ ചങ്ങാത്തം കൂടിയോ അവരും ഈ ചതിക്കുഴിയില്‍ വീണിട്ടുണ്ട്. ഇത് ഒരാളെ മാത്രം ബാധിക്കുന്ന വിഷയമല്ല, മറിച്ച് ആ ലൊക്കാലിറ്റിയില്‍പെട്ട മുഴുവനാളുകളെയും ഏതെങ്കിലുമൊരു തരത്തില്‍ ബാധിക്കുക തന്നെ ചെയ്യും.

കിട്ടാതെ വരുമ്പോള്‍ അക്രമ വാസന കൂടും, ഭ്രാന്ത് പിടിക്കും

മയക്കു മരുന്നിനു അടിമപ്പെട്ടാല്‍ പിന്നെ സാധാരണ ജീവിതത്തിലേക്ക് വരാന്‍ വളരെ പ്രയാസമാണ്. അത് വലിച്ചേ തീരൂ. കിട്ടാതെ വരുമ്പോള്‍ അക്രമ വാസന കൂടും, ഭ്രാന്ത് പിടിക്കും. മാതാവിനെയോ പിതാവിനെയോ സഹോദരങ്ങളെയോ അയല്‍വാസികളെയോ ആരെയും തിരിച്ചറിയാതെ വരും. ആ പതിനാലുകാരന് പോലും സ്വന്തം മാതാവിനെ തിരിച്ചറിഞ്ഞില്ലെങ്കില്‍, അതിലപ്പുറമുള്ളവരുടെ കാര്യം പറയാനുണ്ടോ ?

മക്കള്‍ കൂട്ടുകൂടുമ്പോള്‍

നാട്ടിലും നാട്ടിന് പുറത്തും മക്കള്‍ കൂട്ടുകൂടുമ്പോള്‍ അതിയായ ശ്രദ്ധ ഉണ്ടായേ തീരൂ. അവരുടെ കൂട്ടുകെട്ടിനെ കുറിച്ച് രക്ഷിതാക്കളും അയല്‍ക്കാരും നല്ല ബോധവാന്മാരായിരിക്കണം. നമ്മുടെ ഒരു കണ്ണ്‌തെറ്റല്‍ കൊണ്ട് പിന്നീട് തീ തിന്നേണ്ടി വരുന്നത് നാം തന്നെയായിരിക്കും. ഒരു ചെറിയ ''സൂചന'' കിട്ടിയാല്‍ അവരെ നമ്മില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനു പകരം കൂടുതല്‍ അടുപ്പിച്ചു തെറ്റില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നമുക്കാകണം. അതും വളരെ പോസിറ്റിവായ രീതിയില്‍ ഗുണകാംക്ഷയോടു കൂടിയുമായിരിക്കുകയും വേണം. അവനവന്റെ മക്കളെയെങ്കിലും അരികില്‍ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ തങ്ങളുടെ നടപ്പുശീലങ്ങളില്‍ മാറ്റം വരുത്തിയേ പറ്റൂ.

സിഗരറ്റ് ശീലം സിഗ്‌നലാണ്

സ്‌കൂള്‍ കുട്ടികള്‍ ചെറിയ ക്ലാസ് മുതല്‍ സിഗരറ്റ് ശീലം തുടങ്ങിയിട്ടുണ്ടെങ്കില്‍ അതൊരു സിഗ്‌നലാണ്, ''ആരോ ഒരാള്‍ അവനെ നോട്ടമിട്ടു തുടങ്ങിയിട്ടുണ്ട്.' കുട്ടികള്‍ ലഹരി വസ്തുക്കളുടെ രുചി നോക്കിത്തുടങ്ങുന്നത് പുകവലിയില്‍ കൂടിയാണ്. കുട്ടികളുടെ വേഷവിധാനങ്ങളും അവരുടെ താല്‍പര്യങ്ങളും ദൗര്‍ബല്യങ്ങളും നിഷ്‌കളങ്കതയും മുതലെടുത്താണ് മയക്ക് മരുന്ന് ലോബി അവരുടെ വലയില്‍ കുടുക്കുന്നത്. ഒരു കുട്ടിയെ ആരെങ്കിലും ദേഹോപദ്രവം ചെയ്താലോ ചീത്ത പറഞ്ഞാലോ അവനത് വീട്ടില്‍ വന്നു പറയാന്‍ സാധ്യത കൂടുതലാണ്, പക്ഷെ ഈ കുരുക്കില്‍ പെട്ടാല്‍ കുട്ടികളത് വീട്ടില്‍ ഒരുകാരണവശാലും പറയില്ല. മയക്ക് ലോബിയില്‍ കുടുങ്ങിയാല്‍, അബോധാവസ്ഥയില്‍ മൊബൈലിലെടുത്ത ഫോട്ടോകളും വീഡിയോകളും കുരുന്നു മനസ്സുകളില്‍ ഉണ്ടാക്കുന്ന അങ്കലാപ്പ് എന്തായിരിക്കും !

കള്ളം പറയുന്ന അമ്മമാരും സഹോദരിമാരും 

ഏറ്റവും ശ്രദ്ധ വേണ്ടത് കുടുംബത്തിലാണ്. കുടുംബ നാഥന്‍ വീട്ടില്‍ നേരത്തെ എത്തുന്ന ശീലമുണ്ടാകണം. നേരം വൈകി എത്തുന്ന മകനെ കുറിച്ച് ''അട്ടത്ത് ഉറങ്ങുന്നെന്നു'' കള്ളം പറയുന്ന അമ്മമാരും സഹോദരിമാരും വീട്ടില്‍ ഒരു വിഷവിത്ത് മുളക്കാനുള്ള മണ്ണൊരുക്കുകയാണെന്ന് ഓര്‍ക്കുക. കുടുംബനാഥന്‍ പ്രവാസിയാണെങ്കില്‍ അയല്‍വാസികളും ബന്ധുക്കളുമാണ് ആ വീടിനു താങ്ങാകേണ്ടത്. രാത്രി അലഞ്ഞു തിരിഞ്ഞു നടക്കുന്ന നാല്‍ക്കാലികളുടെ കൂട്ടത്തില്‍ എണ്ണാനുള്ളതല്ല ഒരു മനുഷ്യ ജന്മവും, കുട്ടികള്‍ പ്രത്യേകിച്ചും. കല്ലിലും കല്‍വെര്‍ട്ടിലും കവലയിലും കടത്തിണ്ണയിലും ഇരിക്കുന്ന ശീലം അവലക്ഷണത്തിന്റെ ആദ്യ അടയാളമാണ്. എല്ലാ നേരവും, പ്രത്യേകിച്ച് രാത്രി ഭക്ഷണം കുടുംബ സമേതമാകട്ടെ.

കമ്മറ്റിക്കാർക്കും കാര്യമുണ്ട്

പള്ളിക്കമ്മിറ്റികളും അമ്പലക്കമ്മറ്റികളും തൊട്ട് നാട്ടിലെ മുഴുവന്‍ കൂടായ്മകളും ഉണര്‍ന്നേ മതിയാകൂ. മതാധ്യക്ഷന്മാരും മഹല്ലു ഭരണക്കാരും ഉണര്‍ന്നേ മതിയാകൂ. രാഷ്ട്രീയ നേതൃത്വം ഈ വഴിക്ക് ശ്രദ്ധചെലുത്തി നിയമപാലകര്‍ക്ക് കരുത്തു പകരണം. എല്ലാ മീറ്റിങ്ങിലും ഇതൊരു അജണ്ടയായി വരണം.

ലഹരി തലക്ക് പിടിച്ചപ്പോള്‍, പെയിന്റടിക്കാരന്‍ റിപ്പര്‍ കുഞ്ഞുമോന്‍ തലക്കിട്ടു ''കൊട്ടി''ക്കൊന്നത് 9 പേരെയെന്ന് വായിച്ചത് ആഴ്ചകള്‍ക്ക് മുമ്പ്. പകല്‍ പെയിന്റടി, അന്തിക്ക് പൈന്റടി, പാതിരാക്ക് കഞ്ചാവടി, അത് കിട്ടാതിരിക്കുമ്പോള്‍ ആരാന്റമ്മേടെ മക്കള്‍ക്ക് തലക്കടി എന്നതായിരുന്നു അവന്റെ രീതി തന്നെ. ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍കോടിനെ ഞെട്ടിച്ച റിയാസ് കൊലപാതക മുഖ്യ പ്രതിയും കഞ്ചാവടിക്കാരന്‍ തന്നെയായിരുന്നല്ലോ. മയക്ക്മരുന്ന് മനുഷ്യത്വമാണ് ഇല്ലാതാക്കുന്നത്.

പിന്നെ വാവിട്ടു കരഞ്ഞു കാര്യമില്ല

വൈകരുത്. യുവാക്കള്‍, മുതിര്‍ന്നവര്‍, അധ്യാപകര്‍, മത നേതൃത്വങ്ങള്‍, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കള്‍, വിദ്യാര്‍ഥികള്‍, കുടുംബിനികള്‍ എല്ലാവരും ഈ വിപത്തിനെതിരെ സജീവമാകുക. കൈവിട്ടു പോയാല്‍, പിന്നെ വാവിട്ടു കരഞ്ഞു കാര്യമില്ല. ലേഖന തുടക്കത്തില്‍ സൂചിപ്പിച്ച മ്ലേച്ഛസംഭവങ്ങള്‍ ഇനിയുമിനിയും വായിക്കാന്‍ പച്ചക്കരളുള്ള മനുഷ്യര്‍ക്കാവില്ല. ജാഗ്രത, കണ്ണിമ വെട്ടാത്ത ജാഗ്രത !



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:  മനസാക്ഷിയെ നടുക്കുന്ന പീഡനകഥ കാസര്‍കോട്ടും; വില്ലനായത് കഞ്ചാവ്, സ്വന്തം മാതാവിനെ 14 വയസുള്ള മകന്‍ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

Keywords: Article, Aslam Mavilae, Anti-Drugs, Addict, Kerala, Liquor, Children, Ganja, Udta Punjab, Target, Police, Cigarette, Parents.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia