Follow KVARTHA on Google news Follow Us!
ad

മുബഷിറയെയും നിയാസിനെയും കാണാതായിട്ട് ഒരുമാസം പിന്നിട്ടു; ഇരുവരും തിരുവനന്തപുരത്തെ ഭീമാപള്ളിയിലുള്ളതായി സംശയം, അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പോലീസ് ഹൈക്കോടതിയില്‍

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും, കോളജ് വിദ്യാര്‍ത്ഥിയെയും കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടും വ്യക്തമായ വിവരം ലഭിക്കാതെ പോലീസ്. പെരിയ അംബേദ്കര്‍ കോളജിലെ Kasaragod, Missing, Students, Complaint, Police, Investigates, Kerala, Mubasshira, Niyas
കാഞ്ഞങ്ങാട്: (www.kvartha.com 11.01.2017) പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും, കോളജ് വിദ്യാര്‍ത്ഥിയെയും കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടും വ്യക്തമായ വിവരം ലഭിക്കാതെ പോലീസ്. പെരിയ അംബേദ്കര്‍ കോളജിലെ വിദ്യാര്‍ത്ഥിയും പുല്ലൂര്‍ ഹരിപുരം ഉദയനഗര്‍ ഹൗസില്‍ സി എച്ച് നവാസിന്റെ മകനുമായ മുഹമ്മദ് നിയാസ് (17), ഇതേ കോളജിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മാണിക്കോത്ത്, ചിത്താരിയിലെ ഫാത്വിമത്ത് മുബഷിറ (16) എന്നിവരെയാണ് കഴിഞ്ഞ മാസം ഒമ്പത് മുതല്‍ കാണാതായത്.


നിയാസിന്റെ ബന്ധുക്കളുടെയും, ചില സുഹൃത്തുക്കളുടെയും വീടുകളില്‍ അന്വേഷിച്ചെങ്കിലും പോലീസിന് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ മുബഷിറയെ ഉടന്‍ കണ്ടെത്തി ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി, പെണ്‍കുട്ടിയെ ചൊവ്വാഴ്ച വൈകുന്നേരത്തിനകം കണ്ടെത്തണമെന്ന് ഹൊസ്ദുര്‍ഗ് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണത്തിനായി കൂടുതല്‍ സമയം വേണമെന്നാണ് കേസന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് പോലീസ് ഹൈക്കോടതിയില്‍ ചൊവ്വാഴ്ച റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.

സാധ്യമായ രീതിയിലെല്ലാം അന്വേഷണം നടന്നുവരുന്നതായും പോലീസ് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിനിടെ നിയാസും മുബഷിറയും തിരുവനന്തപുരത്ത് ഭീമാപള്ളിയില്‍ ചിലരുടെ സംരക്ഷണയില്‍ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിയാസിന് ഭീമാ പള്ളിയില്‍ ചില പരിചയക്കാരുണ്ട്. അവരായിരിക്കാം ഇരുവര്‍ക്കും അവിടെ താമസിക്കാന്‍ സഹായം നല്‍കുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി വൈ എസ് പി കെ ദാമോദരന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഭീമാപള്ളി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.

കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് രാവിലെ പതിവ് പോലെ സ്‌കൂളിലേക്ക് പോയ മുബഷിറ വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇതേദിവസം നിയാസും വീടുവിട്ടതായി കണ്ടെത്തി. ഏഴ് പവന്‍ സ്വര്‍ണവുമായാണ് മുബഷിറ വീട്ടില്‍ നിന്നുമിറങ്ങിയത്. നിയാസ് തന്റെ മൊബൈല്‍ ഫോണ്‍ കാഞ്ഞങ്ങാട്ടെ കടയില്‍ വിറ്റതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷം പുതിയ ഫോണ്‍ വാങ്ങിയ ശേഷമാണ് നാടുവിട്ടത്. ഇരുവരെയും കണ്ടെത്തുന്നതിനായി പോലീസ് ലൂക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

അതിനിടെ മുബഷിറയെ കണ്ടെത്തുന്നതിനായി ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ വാങ്ങി മുങ്ങിയ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. പാണത്തൂരിലെ മുഹമ്മദ് സലാമിനും കണ്ടാലറിയാവുന്ന മറ്റു മൂന്നു പേര്‍ക്കുമെതിരെയാണ് ബന്ധുക്കളുടെ പരാതി പ്രകാരം വഞ്ചനാ കുറ്റത്തിന് കേസെടുത്തത്. ഒരു ലക്ഷം രൂപ തന്നാല്‍ മുബഷിറയെ കണ്ടെത്തി നല്‍കാമെന്നായിരുന്നു ഇവര്‍ ബന്ധുക്കള്‍ക്ക് വാഗ്ദാനം നല്‍കിയത്. എന്നാല്‍ 10,000 രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷം സംഘം മുങ്ങുകയായിരുന്നു.

Keywords: Kasaragod, Missing, Students, Complaint, Police, Investigates, Kerala, Mubasshira, Niyas, Missing of two students; Police investigation goes on.