Follow KVARTHA on Google news Follow Us!
ad

'അധ്യാപക ദിനം' എന്റെ പ്രിയപ്പെട്ട നാരായണന്‍ മാഷ്

എല്ലാ അധ്യാപകരും എനിക്ക് പ്രിയപ്പെട്ടവരാണ്. അവരുടെ സ്‌നേഹതലോടലുകളില്‍ വളര്‍ന്ന ഒരാളാണ് ഞാന്‍. ഇന്ന് എഴുതുന്നത് എന്റെ പ്രിയപ്പെട്ട നാരായണന്‍ മാഷെ Article, Teachers, Celebration, School, Education, Narayanan Master, Aslam Mavila
അസ്‌ലം മാവില

(www.kvartha.com 05.09.2016) എല്ലാ അധ്യാപകരും എനിക്ക് പ്രിയപ്പെട്ടവരാണ്. അവരുടെ സ്‌നേഹതലോടലുകളില്‍ വളര്‍ന്ന ഒരാളാണ് ഞാന്‍. ഇന്ന് എഴുതുന്നത് എന്റെ പ്രിയപ്പെട്ട നാരായണന്‍ മാഷെ പറ്റിയാണ്. മായിപ്പാടി നാരായണന്‍ മാഷ്.

ഞാന്‍ അഞ്ചാം ക്ലാസില്‍ ഉള്ളപ്പോഴാണ് അദ്ദേഹം പട്‌ള സ്‌കൂളിലേക്ക് വരുന്നത്. ഞങ്ങള്‍ക്ക് ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കാന്‍ മാഷ് വന്നിട്ടുണ്ടെന്ന് അറിയാം. അത് നാട്ടുകാരനായ ആളാണെന്നു അറിയില്ല. വന്നപ്പോള്‍ തന്നെ അദ്ദേഹത്തിന് പ്രധാനാധ്യാപകന്‍ ഉത്തരവാദിത്വം നല്‍കിയത് പാഠപുസ്തകങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ടതാണ്. അന്ന് പാഠപുസ്തകങ്ങള്‍ മാത്രമല്ല നോട്ടുബുക്കുകള്‍ സ്‌കൂള്‍ വഴി ലഭിച്ചിരുന്നു. കടലാസിന്റെ ഗുണമേന്മ കുറവാണെങ്കിലും വിലയും അതുപോലെ വളരെ കുറവായിരുന്നു.

പുസ്തക വിതരണ തിരക്കായത് കൊണ്ടാകാം, ഞങ്ങള്‍ അദ്ദേഹത്തെ ആദ്യം കാണുന്നത് ക്ലാസ് റൂമിലല്ല, പുസ്തകങ്ങള്‍ അട്ടിവെച്ച ഒരു ചെറിയ സ്‌റ്റോര്‍ റൂമിലാണ്. അതിനിടയില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ വരുന്നവരെയൊക്കെ ചിരിച്ചുകൊണ്ട് അറ്റെന്‍ഡ് ചെയ്യുന്നുണ്ട്. രക്ഷിതാക്കളൊക്കെ പതിവിനു വിപരീതമായി വളരെ ഫ്രീ ആയിട്ടാണ് സംസാരിക്കുന്നത്, അതിന് അദ്ദേഹം മറുപടി പറയുന്നത് നമ്മുടെ തന്നെ തനി നാടന്‍ മലയാളത്തില്‍. ഒരു സ്‌കൂള്‍ മാഷ് കാസര്‍കോടന്‍ മലയാളത്തില്‍ സംസാരിക്കുന്നത് കാണുന്നത് ആദ്യമായിട്ടായിരുന്നു. പിന്നീടാണ് അറിഞ്ഞത് അദ്ദേഹം ഞങ്ങളുടെ തൊട്ടടുത്ത നാട്ടുമ്പുറത്ത് കാരനാണെന്ന്. വരുന്നതും പോകുന്നതും ഞങ്ങളുടെ വീടിനു തൊട്ടുമുകളിലുള്ള ഇടവഴിയില്‍ കൂടി. അതോടെ അദ്ദേഹം മായിപ്പാടിക്കാരനെന്നു ഉറപ്പിച്ചു.

അഞ്ചിലേക്കുള്ള പാഠപുസ്തകങ്ങള്‍ വന്നെന്നറിഞ്ഞു അന്നൊരു ഒഴിവു ദിവസമാണ് ഞാന്‍ രാവിലെ തന്നെ സ്‌കൂളില്‍ എത്തിയത്. തലേദിവസം രാത്രി ഉപ്പ എന്നോട് പറയുകയും ചെയ്തിട്ടുണ്ട്. പാഠ പുസ്തകങ്ങള്‍ വൈകുന്നേരം ഏറെ വൈകിയിട്ട് സ്‌കൂള്‍ എത്തിയിട്ടുണ്ട്. പിറ്റേ ദിവസം രാവിലെ ഒമ്പത് മണിക്ക് മുമ്പ് തന്നെ നാരായണന്‍ മാഷെ പോയി കാണണം, അദ്ദേഹം പുസ്തകങ്ങള്‍ തരുമെന്ന്. നല്ല മഴയുള്ള ദിവസമായിരുന്നു അന്ന്, വെള്ളിയാഴ്ചയും. പുസ്തകങ്ങള്‍ വാങ്ങാന്‍ കുട്ടികള്‍ വന്നുകൊണ്ടിരിക്കുകയാണ്. മുമ്പൊന്നും ഇല്ലാത്ത രൂപത്തില്‍ ഡിസൈന്‍ ചെയ്ത പുതിയ പുറംചട്ടയാണ് മിക്ക പുസ്തകങ്ങള്‍ക്ക്.

ചരിത്രപുസ്തകത്തിന്റെ പുറം ചട്ടയില്‍ സ്വാതന്ത്ര്യ സമര നേതാക്കളുടെ കളര്‍ ചിത്രങ്ങള്‍. ജീവശാസ്ത്ര പുസ്തകത്തിലെ പുറം ചട്ടയില്‍ നിറയെ പൂക്കളും മൃഗങ്ങളും. അതിലെ ഒരു പൂവ് എന്റെ മനസില്‍ എവിടെയോ തട്ടി. നമ്മുടെ നാട്ടില്‍ അപൂര്‍വമായി കാണുന്ന ഒരിനം പൂവ്. ലില്ലി പൂവിന്റെ സൗന്ദര്യം. നിറമാണെങ്കില്‍ അറ്റം ചെമപ്പ്, അതിന്റെ തൊട്ടു താഴെ മഞ്ഞ. ചെമപ്പും മഞ്ഞയും കലര്‍ന്ന ഈ ഇതളുകള്‍ (sepal ) തീനാളം പോലെയുണ്ട് കാണാന്‍. അവ മുകളിലേക്ക് വന്നു ഒരു കുടം പോലെ രൂപം ഉണ്ടാക്കിയിട്ടുണ്ട്. തൊട്ടുതാഴെയുള്ള നേര്‍ത്ത ഇതളുകള്‍ (petal) താഴെക്ക് ഇരു വശങ്ങളിലേക്ക് വിടര്‍ന്നിട്ടുമുണ്ട്. അതിന്റെ അറ്റം മഞ്ഞ നിറമുള്ള കുഞ്ഞിക്കാലുകള്‍ പോലെ കാണാന്‍ അതിലേറെ ഭംഗിയും. ഒരു തരം ഓര്‍ക്കിഡ് ഫ്‌ളവര്‍ എന്ന് തോന്നുന്നു.

എന്റെ പുസ്തകം പെങ്ങളുടെ കയ്യില്‍ കൊടുത്തു ചിന്നം പിന്നം പെയ്യുന്ന മഴ വകവെക്കാതെ ഞാന്‍ വീട്ടിലേക്കോടി. തലേദിവസവും ഞാന്‍ വരുന്ന വഴിയില്‍ വേലിയില്‍ ഒരു ചെടിയില്‍ ഇതേ പോലുള്ള പൂക്കള്‍ മൂന്നു നാലെണ്ണം കണ്ടതാണ്. അവയിലൊന്നിനെ ഞാന്‍ വേദനിപ്പിക്കാതെ പറിച്ചെടുത്തു നാരായണന്‍ മാഷെ കാണിച്ചു. പുസ്തകചട്ടയിലെ പൂവും കാണിച്ചു. അദ്ദേഹമെന്നെ എന്നെ ആപാദചൂഡം നോക്കി. പേര് ചോദിച്ചു. പുറംതട്ടി പറഞ്ഞു Very Good, Good boy. ആദ്യമായിട്ട് ഇംഗ്ലീഷില്‍ എനിക്ക് ലഭിച്ച അപ്രീസിയേഷന്‍. അന്ന് മുതല്‍ എനിക്ക് നാരായണന്‍ മാഷാണ് എന്തൊക്കെയായിരുന്നു. അദ്ദേഹത്തിന് ഞാനും.

ശാസ്ത്ര വിഷയങ്ങളില്‍ അദ്ദേഹത്തിന് നല്ല അവഗാഹം ഉണ്ട്. അദ്ദേഹത്തിന്റെ ക്ലാസുകള്‍ അത്ര തന്നെ രസകരവുമായിരുന്നു. മാഷ് പഠിപ്പിച്ചതും ഹൈസ്‌കൂള്‍ ക്ലാസില്‍ എത്തിയപ്പോള്‍ സംസാരിച്ചതും എന്നെ ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ കണ്ടല്ലായിരുന്നു. അര്‍ഹിക്കുന്നതിലധികം പരിഗണന അദ്ദേഹമെനിക്ക് നല്‍കി. എന്നോട് ഇടപെടുമ്പോഴൊക്കെ എന്തോ അങ്ങിനിയൊരു ബന്ധം കാത്തു സൂക്ഷിച്ചു. എന്റെ ഉപ്പയോടും അദ്ദേഹം വലിയ സ്‌നേഹബന്ധം നിലനിര്‍ത്തി. ഉപ്പയോടുള്ള ആദരവ് കൊണ്ടാകാം അദ്ദേഹം എന്നോടും അങ്ങിനെയൊരു സ്‌നേഹബന്ധം ഇന്നും സൂക്ഷിച്ചു പോരുന്നത്.

പഠനകാര്യത്തിലും മറ്റുള്ളവയിലും അദ്ദേഹം അമിതമായി എന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എവിടെക്കണ്ടാലും അദ്ദേഹം കുടുംബകാര്യങ്ങള്‍ അന്വേഷിക്കും. ഉപ്പ, ഉമ്മ എല്ലാവരും അദ്ദേഹത്തിന്റെ സംസാരത്തില്‍ വരും. ഇന്നും ആ ഗുരുശിഷ്യ ബന്ധം തുടരുന്നു. ഒരു മാതൃകാ അധ്യാപകനെ പറയാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ എന്റെ വിരല്‍ ആദ്യം ചൂണ്ടുക നാരായണന്‍ മാഷിലെക്കായിരിക്കും.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ കാസര്‍കോട് ഭാഗങ്ങളില്‍ ജനരോഷം ആളിക്കത്തുന്ന ദിനരാത്രങ്ങള്‍. ജനവാസ കേന്ദ്രങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചാല്‍ ഉണ്ടാകുന്ന കെടുതികള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ രാഘവന്‍ മാഷിന്റെ നേതൃത്വത്തില്‍ സംഘടിച്ചു. ഈ വിഷയം സംസാരിക്കാന്‍ മായിപ്പാടിയിലെ ഒരു നാട്ടിന്‍കൂട്ടായ്മയിലേക്ക് എന്നെയാണ് ക്ഷണിച്ചത്. മായിപ്പാടിയിലെ പഴയ രാജകൊട്ടാരത്തിന്റെ തൊട്ട് മുമ്പിലുള്ള ഒരു തുറസായ സ്ഥലത്താണ് നാട്ടുകാര്‍ ഒത്തുകൂടിയത്. രാഘവന്‍ മാഷടക്കം ഒരുപാട് പേരുണ്ട്. ഞാന്‍ സംസാരിക്കാന്‍ എഴുന്നേറ്റു. സദസില്‍ നാരായണന്‍ മാഷെ ഞാന്‍ കണ്ടു. അദ്ദേഹത്തെ സ്‌നേഹപൂര്‍വം ഞാന്‍ വേദിയിലേക്ക് ക്ഷണിച്ചു. മനസില്ലാമനസോടു കൂടിയാണ് എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം വേദിയില്‍ വന്നിരിക്കുന്നത്.

എന്റെ പ്രസംഗം കഴിഞ്ഞു. നാരായണന്‍ മാഷ് സംസാരിക്കാന്‍ ഉദ്ദേശിച്ചതായിരുന്നില്ല. അപ്രതീക്ഷിതമായി അദ്ദേഹം എല്ലാവരുടെയും അനുവാദത്തോടു എഴുന്നേറ്റ് നിന്നു. വികാരാധീതനായി മാഷ് പറഞ്ഞു 'ഈ സംസാരിച്ചത് എന്റെ പ്രിയപ്പെട്ട ശിഷ്യന്‍ ആണ്. അതഭിമാനത്തോടെ നിങ്ങളോട് പറയാന്‍ മാത്രമാണ് ഇപ്പോള്‍ ഞാന്‍ എഴുന്നേറ്റത്'. അന്നെനിക്കുണ്ടായ ആനന്ദം കണ്ണുനീര്‍ രൂപത്തില്‍ കവിളില്‍ ചാലിട്ടൊഴുകി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാഷ് എന്നെ തോളത്തു തട്ടി അഭിനന്ദിച്ച ഓര്‍മകളിലേക്ക് ഒരിക്കല്‍ കൂടി ആ വാക്കുകള്‍ എന്നെ കൂട്ടിക്കൊണ്ടു പോയി.

റിട്ടയേര്‍ഡ് ജീവിതം നയിക്കുന്ന എന്റെ പ്രിയപ്പെട്ട നാരായണന്‍ മാഷ് തന്നെയാകട്ടെ ഇന്നത്തെ അധ്യാപകദിനത്തില്‍ എന്റെ ഓര്‍മകളെ സമൃദ്ധമാക്കാന്‍. എന്റെ എല്ലാ അധ്യാപകര്‍ക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു.

Keywords: Article, Teachers, Celebration, School, Education, Narayanan Master, Aslam Mavila.