Follow KVARTHA on Google news Follow Us!
ad

ഉറക്കം കെടുത്തും തീരുമാനങ്ങളുമായി ഉരുക്ക് മുഷ്ടിയുള്ള രണ്ടു ഭരണാധികാരികള്‍

ചില രാജ്യങ്ങളെ നമ്മള്‍ പരിചയപ്പെടുക തന്നെ വേണം. എന്നെ ഈയ്യിടെ ആകര്‍ഷിച്ച രണ്ടു രാജ്യങ്ങളുണ്ട്. ഫിലിപ്പൈന്‍സും ഉത്തരകൊറിയയും. ഉത്തര കൊറിയയ്ക്കുള്ളത് ഒരൊന്നൊന്നര പ്രസിഡന്റാണ്, Article, Prime Minister, Olympics, Drugs, North Korea, Philippine
അസ്‌ലം മാവില

(www.kvartha.com 28.08.2016) ചില രാജ്യങ്ങളെ നമ്മള്‍ പരിചയപ്പെടുക തന്നെ വേണം. എന്നെ ഈയ്യിടെ ആകര്‍ഷിച്ച രണ്ടു രാജ്യങ്ങളുണ്ട്. ഫിലിപ്പൈന്‍സും ഉത്തരകൊറിയയും. ഉത്തര കൊറിയയ്ക്കുള്ളത് ഒരൊന്നൊന്നര പ്രസിഡന്റാണ്, കിം വിങ് ഉന്‍. ഈ പേര് കേട്ടാല്‍ മുട്ട് വിറക്കാത്ത സ്വദേശികള്‍ ആരുമുണ്ടാകില്ല. അമ്മാതിരി ഉത്തരവുകളും പ്രസ്താവനകളുമാണ് ഇദ്ദേഹം പുറത്തിറക്കുന്നത്.

റിയോ ഒളിമ്പിക്‌സ് കഴിഞ്ഞു ഏതാനും ദിവസങ്ങളല്ലേ ആയുള്ളൂ. കായികതാരങ്ങളൊക്കെ അവരവരുടെ നാട്ടിലെത്തിക്കഴിഞ്ഞു; സ്വീകരണവും തുടങ്ങി. പക്ഷെ ഉത്തര കൊറിയയില്‍ തിരിച്ചു വരുന്നവര്‍ക്ക് രണ്ടു തരം സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മെഡലുള്ളവര്‍ക്ക് ഗ്രീന്‍ ചാനല്‍; വെറും കയ്യോടെ വരുന്നവര്‍ക്ക് ''ഖനി'' ചാനല്‍. അതായത് രണ്ടാമത്തെ വിഭാഗക്കാര്‍ കോച്ചും കോല്‍ക്കാരനുമടക്കം ഖനികളില്‍ പോയി എല്ലുമുറിയെ പണി എടുക്കുക. എന്നാലവര്‍ക്ക് ശിഷ്ട കാലം പല്ലുമുറിയെ കഴിച്ചും കഴിഞ്ഞും കൂടാം. മാത്രമല്ല അവരുടെ റേഷന്‍ വെട്ടികുറക്കും. ആഡംബര വീടും നഷ്ടപ്പെടും.

ജൂലൈ 27 ന് 32 കായിക താരങ്ങളെ വിമാനം കയറ്റുമ്പോള്‍ കൊറിയന്‍ ഭരണാധികാരി പറഞ്ഞു പോല്‍ ചിരിച്ചു കൊണ്ടുപോകുന്നതൊക്കെ കൊള്ളാം, വരുമ്പോള്‍ ഇതേ മുഖവുമായിട്ടായിരിക്കണം ഇറങ്ങേണ്ടത്. കുറഞ്ഞത് അഞ്ച് സ്വര്‍ണം വേണം, കൂടാതെ 12 വെള്ളി വെങ്കല മെഡലുകള്‍ വേറെയും വേണം. നെഞ്ചിടിപ്പോടെ അതും ഓര്‍ത്താണ് അവര്‍ റിയോയിലേക്ക് യാത്ര തിരിച്ചത്. ഓഗസ്റ്റ് 21 ആകുമ്പോഴേക്കും ഉത്തര കൊറിയയുടെ പട്ടികയില്‍ കുറച്ചു മെഡലുകള്‍ സ്ഥാനം പിടിച്ചു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ എങ്ങിനെ കൂട്ടിയിട്ടും സ്വര്‍ണം അഞ്ചിന്റെ അരികത്തെത്തിയില്ല.

രണ്ടു സ്വര്‍ണം, മൂന്ന് വെള്ളി, രണ്ടു വെങ്കലം. യു കെയില്‍ നിന്നിറങ്ങുന്ന ടെലഗ്രാഫ് പത്രം ഓഗസ്റ്റ് 23നു സ്‌പോര്‍ട്‌സ് തലക്കെട്ട് ഇങ്ങിനെ എഴുതി North Korean athletes fall short of Kim Jong-un's medal target in Rio Olympics. പത്രം തുടര്‍ന്നു ഉത്തര കൊറിയന്‍ ഒളിമ്പിക് ടീം, കിം വിങ് ഊന്റെ ഉഗ്രകോപത്തിനു വിധേയരാകും. വരും വരായ്കകള്‍ മുന്‍കൂട്ടി അറിഞ്ഞത് കൊണ്ടാകാം ജൂലൈ 28 നു റിയോയില്‍ ഇറങ്ങിയ ഉത്തര കൊറിയന്‍ സീനിയര്‍ ഒഫീഷ്യല്‍ പറഞ്ഞത് ഞങ്ങള്‍ തിരിച്ചു പോകുന്നത് കുറഞ്ഞത് 5 സ്വര്‍ണം കൊണ്ടായിരിക്കുമെന്ന്.

2010 ലോകകപ്പ് ഫുട്‌ബോളില്‍ ഉത്തര കൊറിയ പോര്‍ചുഗലിനോട് തോറ്റപ്പോഴും സമാനമായ വാര്‍ത്ത കേട്ടിരുന്നു. അന്ന് പോര്‍ചുഗലിനോട് തോറ്റത് 7 - 0 ന്. തോറ്റ ടീമില്‍ ഉണ്ടായിരുന്ന മുഴുവന്‍ ടീമംഗകളെയും വിമാനമിറങ്ങിയപ്പോള്‍ രണ്ടു ജോഡി കവറോളും സെയ്ഫ്റ്റി ഹെല്‍മറ്റും കൊടുത്തു നേരെ അയച്ചത് ഖനിയിലേക്കാണത്രെ. കോച്ചുകളെ വരെ വിട്ടില്ല. ഒന്നും രണ്ടും കൊല്ലം കഴിഞ്ഞായിരുന്നു അവര്‍ കല്‍ക്കരി ഖനിയില്‍ നിന്നു പുറത്തേക്ക് വന്നതെന്ന് പിന്നീട് ലീക്കായ വാര്‍ത്ത. അന്ന് ഫിഫ അന്വേഷണമൊക്കെ നടത്തിയിരുന്നു. പക്ഷെ അതിപ്പോഴും എവിടെയും എത്താതെ ഫയല്‍ മടക്കി തട്ടിന്‍ പുറത്താണ്.

നാളിതു വരെയുള്ള ഇന്ത്യന്‍ ഒളിമ്പിക്‌സ് ഒരുക്കങ്ങളും പോക്കുവരവുകളും കണ്ടു മടുത്ത ആരെങ്കിലും നമ്മുടെ നാട്ടില്‍ കിം വിങ് ഉന്നിന്റെ തീരുമാനം അരനൂറ്റാണ്ട് മുമ്പ് തന്നെ നടപ്പിലാക്കണമായിരുന്നു എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.

ഇനി അടുത്ത വ്യക്തി ഫിലിപൈന്‍സ് പ്രസിഡന്റ് റോഡ്രീഗോ ദുറ്റെര്‍റ്റെ. ഇദ്ദേഹം ഇപ്പോള്‍ ലോക മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രമാണ്. മറ്റൊന്നുമല്ല, ഡ്രഗ് അഡിക്ടുകള്‍ക്കും അതിന്റെ ഡീലര്‍മാര്‍ക്കും അദ്ദേഹം അവസരങ്ങള്‍ നല്‍കുന്നു. ഈ പണി നിര്‍ത്തുക, അല്ലെങ്കില്‍ കീഴടങ്ങുക. ഇത് രണ്ടുമില്ലെങ്കില്‍ ചാകാന്‍ തയ്യാറാകുക. അതിനു അദ്ദേഹം ഉത്തരവും ഇറക്കി, കണ്ടിടത്തു വെച്ച് വെടി. നാട്ടാര്‍ക്കും തോക്ക് ഉപയോഗിക്കാം. ചത്തത് മയക്കുമരുന്ന് അഡിക്റ്റ് അല്ലെങ്കില്‍ അതിന്റെ പിണിയാള്‍ ആയിരിക്കണം. നാല് ന്യൂസ് ചാനലിനെ വിശ്വസിക്കാമെങ്കില്‍ കഴിഞ്ഞ ഏഴു ആഴ്ചകള്‍ കൊണ്ട് 1900 പേരെയാണ് പോലീസും നാട്ടുകാരും തല നോക്കി കാച്ചിയത്. ഇതില്‍ മൂന്നില്‍ രണ്ടും നാട്ടുകാര്‍ കൊന്നിട്ടതാണ്.

പ്രസിഡന്റ് റോഡ്രിഗോ ഇതിനു മുമ്പ് 22 വര്‍ഷകാലം ഡാവോ സിറ്റിയുടെ മേയറായിരുന്നു. മയക്കു മരുന്നിനെതിരെ അവിടെയും ഇതൊക്കെത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏര്‍പാട്. ഒരു കുടുംബത്തിലെ ആറ് മക്കളില്‍ നാല് പേരെ വെടി വെച്ചു കൊന്നാണ് മയക്ക് മരുന്ന് വേട്ടക്ക് ഡാവോ സിറ്റിയില്‍ അന്ന് നഗരപിതാവ് തുടക്കം കുറിച്ചത്. Davao Death Squad എന്ന പേരില്‍ ഒരു വിങ് ഇതിനായി രൂപീകരിച്ചു. ഫിലിപ്പൈന്‍സിന്റെ മൊത്തം ഭരണം കയ്യില്‍ കിട്ടിയപ്പോള്‍ ഈ നിയമം ദേശവ്യാപകമായി ബാധകമാക്കി. ടൈം മാഗസിന്‍ ഇദ്ദേഹത്തിന് ഒരു ചെല്ലപ്പേരിട്ടിട്ടുണ്ട് THE PUNISHER, പീഡകന്‍.

യു എന്നില്‍ വരെ മയക്കുവേട്ട ചൂടേറിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. അതിനു അദ്ദേഹം അങ്ങോട്ട് മറുപടി നല്‍കിയത് ഭീഷണി സ്വരത്തിലാണ്. എന്റെ രാജ്യത്തെ സാമാന്യ ജനത്തിന്റെ ഉറക്കം കെടുത്തുന്ന സാമൂഹിക വിപത്തിനെതിരെയുള്ള എന്റെ തീരുമാനത്തെ നിങ്ങള്‍ ചോദ്യം ചെയ്യുന്നുവെങ്കില്‍ യു എന്നില്‍ നിന്നും ഫിലിപ്പൈന്‍സ് വിട്ടു നില്‍ക്കാന്‍ നിര്‍ബന്ധിതമാകും. മാത്രവുമല്ല ചൈന, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയുമായി കൂടിയാലോചിച്ചു പ്രത്യേക സഖ്യത്തിന് രൂപം നല്‍കുകയും ചെയ്യും. ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തില്‍ നിന്നും പുറത്തെടുത്ത ചോരയില്‍ കുളിച്ച സിറിയന്‍ ബാലന്റെ മായാത്ത ചിത്രം യു എന്നിനും യു എസിനും ഓര്‍മയെങ്കിലും വേണം. ആദ്യം അവിടെ തീരട്ടെ പ്രശ്‌നം. ഒന്നോ രണ്ടോ മൂന്നോ എത്രയുമായിക്കൊള്ളട്ടെ, അമേരിക്ക സ്വന്തം പൗരന്മാരായ കറുത്ത വര്‍ഗക്കാരെ എന്തു കൊണ്ടാണ് നിലത്ത് വീണിട്ടു പോലും വെടി വെച്ച് കൊല്ലുന്നത് ? അദ്ദേഹം അവരോട് ചോദിച്ചു. യു എന്നും യു എസും ഇപ്പോള്‍ അല്‍പം അയഞ്ഞ മട്ടാണ്.

We will not stop until the last drug lord, the last financier and the last pusher have surrendered or put behind bars or below the ground if they so wish. അവസാനത്തെ മയക്കു മരുന്ന് രാജാവും അതിന് പണമിറക്കുന്നവയും പിന്നെ വില്‍പനക്കാരനും കീഴടങ്ങുകയോ അഴികള്‍ക്കുള്ളില്‍ വരികയോ അവരിച്ഛിക്കുന്നുവെങ്കില്‍ മണ്ണിനിടയിയിലാകുകയോ ചെയ്യുന്നത് വരെ നാമിത് നിര്‍ത്തില്ല. പ്രസിഡന്റിന്റെ ഉറച്ച വാക്കുകളാണ്. ഫിലിപ്പൈന്‍ ജനതയിലെ 91 ശതമാനം പേരും ഇപ്പോള്‍ യെസ് വെച്ചുകഴിഞ്ഞു. സൈ്വരം കിട്ടാന്‍ തുടങ്ങിയാല്‍ പിന്നെ വെടി കൊണ്ട് ചാകുന്നത് മക്കളോ മാമിയോന്നു നാട്ടുകാര്‍ നോക്കുമോ ?

അധികാരമേറ്റ ഉടനെ റോഡ്രീഗോ തുടങ്ങിയത് ക്രമസമാധാന പാലകര്‍ക്ക് മുട്ടന്‍ പണി നല്‍കിയായിരുന്നു. അദ്ദേഹം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി . പോലീസ് വിഭാഗത്തില്‍ മയക്കു മരുന്ന് മാമാപണി നടത്തുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ ഏറ്റു പറഞ്ഞു കീഴടങ്ങുക. അതോടെ മൂന്ന് ഉന്നത പോലീസ് ഓഫീസര്‍മാര്‍ അകത്തായി. ചൈനക്കാരായ മയക്കു മരുന്ന് രാജാക്കന്മാരും പത്തിമടക്കി. ഭരണം കയ്യാളിയിരുന്ന 22 മേയര്‍മാരും ഇതില്‍ കമ്മീഷന്‍ പറ്റുന്നുണ്ടെന്ന് തെളിഞ്ഞു. പിന്നെയും സൈ്വരം കെടുന്നെന്ന് തോന്നിയപ്പോഴാണ് മുന്‍പിന്‍ നോക്കാതെ നാട്ടുകാരോടും പോലീസിനോടും അദ്ദേഹം പറഞ്ഞത് കണ്ടിടത്തു വെച്ച് കാച്ചുക. കാറ്റ് പോകണം.

ഏറ്റവും പുതിയ റിപോര്‍ട്ട് പ്രകാരം മയക്ക് മരുന്നുമായി ബന്ധമുള്ള ആറു ലക്ഷം ആള്‍ക്കാര്‍ കീഴടങ്ങി ഫിലിപ്പൈന്‍സിലെ വിവിധ ജയിലില്‍ കഴിയുകയാണ്. ഫിലിപ്പൈന്‍സ് ഒരുപക്ഷെ ഇനി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അവരുടെ പുനരധിവാസമായിരിക്കും.

Kim Jong-un and Rodrigo Duterte

Keywords: Article, Prime Minister, Olympics, Drugs, North Korea, Philippine, Aslam Mavila, Kim Jong-un and Rodrigo Duterte.