Follow KVARTHA on Google news Follow Us!
ad

യുഡിഎഫ് തൊഗാഡിയയെ സഹായിച്ചത് കുഞ്ഞാലിക്കുട്ടിയുടെ അറിവോടെ; പക്ഷേ, അഹമ്മദും ബഷീറും അറിഞ്ഞില്ല

വിശ്വഹിന്ദുപരിഷത്ത് ആഗോള നേതാവ് ഡോ. പ്രവീണ്‍ തൊഗാഡിയയുടെ പ്രകോപനപരമായ പ്രസംഗത്തിനെതിരേ Kerala, UDF, Kunhalikutty, Muslim, Case, Police, Investigates, Oommen Chandy, Praveen Thogadiya
തിരുവനന്തപുരം: (www.kvartha.com 25.11.2014) വിശ്വഹിന്ദുപരിഷത്ത് ആഗോള നേതാവ് ഡോ. പ്രവീണ്‍ തൊഗാഡിയയുടെ പ്രകോപനപരമായ പ്രസംഗത്തിനെതിരേ എടുത്തിരുന്ന കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചകാര്യം മുസ്‌ലിം ലീഗ് മുന്‍കൂട്ടി അറിഞ്ഞു. ലീഗ് നിയമസഭാകക്ഷി നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ആശയവിനിമയം നടത്തിയിരുന്നു എന്നാണു വിവരം.
കേസ് പിന്‍വലിക്കുന്നതിനോട് അനുകൂലമായാണ് അദ്ദേഹം പ്രതികരിച്ചതത്രേ.

കുഞ്ഞാലിക്കുട്ടിയുമായി മാത്രമല്ല, മറ്റു ഘടക കക്ഷി നേതാക്കളായ കെ.എം മാണി, എം.പി വീരേന്ദ്രകുമാര്‍ തുടങ്ങിയവരോടും സംസാരിച്ചു. ഹിന്ദു സംഘടനകളില്‍ ചിലത് നല്‍കിയ നിവേദനം പരിഗണിച്ച് കേസ് പിന്‍വലിക്കാം എന്ന പൊതുധാരണയാണ് അങ്ങനെ രൂപപ്പെട്ടത്. പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്കെതിരായി കേരള പോലീസ് നേരത്തേ ഇതേ പോലെ എടുത്തിരുന്ന ചില കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ മുന്നണിതലത്തില്‍ പൊതുധാരണ ഉണ്ടായിരുന്നു. അതേ മാതൃക തൊഗാഡിയയുടെ കാര്യത്തിലും സ്വീകരിക്കുന്നത് ശരിയോ എന്ന സംശയം വീരേന്ദ്രകുമാര്‍ മാത്രം പ്രകടിപ്പിച്ചതായി സൂചനയുണ്ട്.

തൊഗാഡിയ നടത്തിയതുപോലെ അതിരൂക്ഷമായ വര്‍ഗീയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നില്ല മഅ്ദനിയുടെ പ്രസംഗങ്ങള്‍ എന്നാണ് വീരന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ കുഞ്ഞാലിക്കുട്ടി പൂര്‍ണമായും അനുകൂലിക്കുകയാണു ചെയ്തത്. ആഭ്യന്തര വകുപ്പിന് കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയും കോടതിയുടെ അനുവാദത്തോടെ അതു ചെയ്യുകയുമാകാം. എന്നാല്‍ വിവാദ വിഷയം എന്ന നിലയിലാണ് കക്ഷി നേതാക്കളുടെ അഭിപ്രായം ചോദിച്ചത്.

അതേസമയം, കുഞ്ഞാലിക്കുട്ടി ഇക്കാര്യം വേണ്ടവിധം ലീഗിന്റെ മറ്റു പ്രധാന നേതാക്കളെ ധരിപ്പിച്ചില്ല. അതാണ് ഇപ്പോള്‍ ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് രംഗത്തു വന്നതിനു കരണമെന്നാണു വിവരം. ലീഗ് ദേശീയ നേതാക്കളും ലോക്‌സഭാംഗങ്ങളുമായ ഇ അഹമ്മദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരെ മാത്രമല്ല, സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പോലും കാര്യം ശരിയായി മനസിലാക്കിയില്ല. കുഞ്ഞാലിക്കുട്ടി അറിയിച്ചില്ല. ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമായ സാമൂഹ്യനീതി മന്ത്രി എം കെ മുനീറും അറിഞ്ഞത് വൈകിയാണത്രേ.

കാര്യങ്ങള്‍ ഇപ്പോള്‍ വന്‍ ചര്‍ച്ചയായ സാഹചര്യത്തില്‍, കേസുകളുടെ കാര്യത്തില്‍ മഅ്ദനിയെ അനുകൂലിക്കുന്നതിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത് തടയാനാണ് ഇത്തരമൊരു നിലപാട് എടുത്തതെന്നു വാദിച്ച് രക്ഷപ്പെടാനാണ് കുഞ്ഞാലിക്കുട്ടി പാര്‍ട്ടിക്കുള്ളില്‍ ശ്രമിക്കുന്നത്. പക്ഷേ, അത് അംഗീകരിക്കാത്തതുകൊണ്ടാണ് ഇ.ടി മുഹമ്മദ് ബഷീര്‍ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. കാര്യം ഇവിടംകൊണ്ട് അവസാനിക്കില്ലെന്നാണ് ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ നല്‍കുന്ന സൂചന. കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും മാത്രം അറിഞ്ഞ് കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്നാണ് ഇവരുടെ വിമര്‍ശനം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Kerala, UDF, Kunhalikutty, Muslim, Case, Police, Investigates, Oommen Chandy, Praveen Thogadiya

Keywords: Kerala, UDF, Kunhalikutty, Muslim, Case, Police, Investigates, Oommen Chandy, Praveen Thogadiya, Thogadia stand by UDF; PK Kunhalikktty hide from other league leaders. 

Post a Comment