Follow KVARTHA on Google news Follow Us!
ad

അനുഭവക്കരുത്തില്‍ ഇനി നളിനി നെറ്റോ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഭരിക്കും

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യ തെരഞ്ഞെടുപ്പ് Kerala, Thiruvananthapuram, Election, Politics, Nalini Netto, Election commissioner
തിരുവനന്തപുരം: (www.kvartha.com 28.11.2014) കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി പ്രവര്‍ത്തിച്ച ശേഷം നളിനി നെറ്റോ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും നിര്‍ണായക പദവിയിലേക്ക്. ഡിസംബര്‍ ഒന്നുമുതല്‍ അവര്‍ കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. അനുഭവങ്ങളുടെ കരുത്തില്‍ പാകംവന്ന നളിനി നെറ്റോ ഔദ്യോഗിക ജീവിതത്തിന്റെ അത്യുന്നതങ്ങളിലും സാധാരണക്കാരിയെപ്പോലെയാണ് ജീവിച്ചത്. അതിന് അവര്‍ക്ക് കൃത്യമായ വിശദീകരണവുമുണ്ട്.

'നമുക്ക് മുന്നില്‍ ഓരോ ആവശ്യങ്ങളുമായി എത്തുന്നവരോട് 'ടോട്ടല്‍ എംപതി' തോന്നണം. അവരുടെ പ്രശ്‌നങ്ങള്‍ എന്റേതുകൂടിയാണ് എന്ന താദാത്മ്യം പ്രാപിക്കല്‍. ഞാനിരിക്കുന്ന ഈ കസേര എനിക്ക് യാദൃശ്ചികമായി കിട്ടിയതാണെന്ന ബോധം വേണം. കസേരയേക്കാള്‍ നമ്മള്‍ വലുതായിരിക്കണം, എപ്പോഴും. പകരം കസേര തന്നേക്കാള്‍ വലുതാകാന്‍ അനുവദിക്കരുത്. ഔദ്യോഗിക ജീവിതത്തില്‍ ഉള്‍പ്പെടെ നാം ഒരു സാധാരണ വ്യക്തി മാത്രമാണെന്ന ബോധം ഉണ്ടെങ്കില്‍ എപ്പോഴെങ്കിലും നഷ്ടബോധമോ നേട്ടങ്ങളേക്കുറിച്ചുള്ള അഹംഭാവമോ ഉണ്ടാകില്ല. നഷ്ടങ്ങളും നേട്ടങ്ങളുംതന്നെ മാറിനില്‍ക്കുകയും നമ്മള്‍ നമ്മളായിരിക്കുകയും ചെയ്യും. ' സമീപകാലത്ത് ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. നിവേദിത പി ഹരന്‍ സ്ഥാനമൊഴിയുന്ന ഒഴിവിലാണ് നളിനി സ്ഥാനമേല്‍ക്കുന്നത്.

കേരളത്തെ പിടിച്ചുലച്ച പീഡനക്കേസില്‍ ഇരയായി മാറേണ്ടിവന്ന ഐഎഎസ് ഉദ്യോഗസ്ഥ കൂടിയാണ് അവര്‍. 'പ്രതീക്ഷിക്കാത്ത ഒരു അനുഭവം എനിക്ക് ഉണ്ടായി എന്നതു ശരിയാണ്. പക്ഷേ, അതില്‍ നിന്നൊരു കരുത്ത് ഉള്ളില്‍ രൂപപ്പെട്ടു. പിടിച്ചുനില്‍ക്കാന്‍ ദൈവം തരുന്ന ഉള്‍ക്കരുത്താണ് അത്. അന്നത്തെ നിലയില്‍ ഏതുവിധം നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുമോ അങ്ങനെ നന്നായിത്തന്നെ ഞാന്‍ ആ അനുഭവത്തിന്റെ തുടര്‍ദിനങ്ങളെ മാറികടന്നു.' അവര്‍ ആ അഭിമുഖത്തില്‍ പറഞ്ഞു.

നളിനി നെറ്റോയ്ക്കു നേരേ സെക്രട്ടേറിയറ്റിലെ ഓഫീസില്‍വച്ച് സ്വന്തം വകുപ്പുമന്ത്രിയില്‍ നിന്ന് ഉണ്ടായ മോശം പെരുമാറ്റം കേരളം ഏറെ ചര്‍ച്ച ചെയ്തുകഴിഞ്ഞതാണ്. തൊഴില്‍സ്ഥലത്ത് സ്ത്രീക്കു നേരേയുണ്ടാകുന്ന അതിക്രമത്തേക്കുറിച്ച് രാജ്യം ഇന്നത്തെയത്രയൊന്നും ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടില്ലാത്ത കാലം. കേരളം ഇളകിമറിയുകയും മന്ത്രി രാജിവയ്ക്കുകയും ചെയ്തു. അന്തസുള്ള സ്ത്രീയുടെ ഇഛാശക്തിയോടെ പിടിച്ചുനിന്നു പൊരുതുകയും സഹതാപത്തിനു ചുറ്റിലും നോക്കുന്ന നിസ്സഹായയായ ഇരയായി മാറാതെ തല ഉയര്‍ത്തിപ്പിടിച്ച് മാതൃക കാട്ടുകയും ചെയ്തു അവര്‍.

ഔദ്യോഗിക പദവികളില്‍ മാറ്റങ്ങള്‍ പലത് സംഭവിക്കുകയും ശ്രദ്ധേയമായ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളും രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളും ഇടയില്‍ ഒന്നിലേറെ ഉപതരഞ്ഞെടുപ്പുകളും പരാതിയില്ലാതെ നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാവുകയും ചെയ്തു പിന്നീട്. ഇപ്പോഴും എല്ലാ രാഷ്ട്രീയ കക്ഷികളിലുമുള്ളത് നല്ല വ്യക്തിബന്ധങ്ങള്‍; കേരളത്തിലെ രാഷ്ട്രീയക്കാര്‍ മാന്യമായി ആശയ വിനിമയം നടത്താന്‍ പറ്റുന്നവരാണ് എന്ന അഭിപ്രായമാകട്ടെ അനുഭവത്തില്‍ നിന്നു ബോധ്യപ്പെട്ടതാണുതാനും. ഒരാളല്ലല്ലോ എല്ലാവരും എന്നാണ് അവരുടെ അഭിപ്രായം. കേരള സര്‍വകലാശാലയില്‍ പിജി വിദ്യാര്‍ത്ഥിനിയായ മകള്‍ അനീഷയ്്ക്കും റിട്ടയേഡ് ഐപിഎസ് ഓഫീസറായ ഭര്‍ത്താവ് ഡെസ്മണ്ട് നെറ്റോയ്ക്കുമൊപ്പം തിരുവനന്തപുരത്താണ് നളിനി നെറ്റോ സ്ഥിരതാമസം.

നളിനി നെറ്റോയുമായുള്ള അപൂര്‍വ അഭിമുഖത്തിന്റെ പൂര്‍ണരൂപം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kerala, Thiruvananthapuram, Election, Politics, Nalini Netto, Election commissioner, Nalini neto; from highly inflammable experiences. 

Post a Comment