SWISS-TOWER 24/07/2023

രഘുറാം റിപോര്‍ട്ട്: സോണിയയോട് ഒന്നും മിണ്ടാതെ ഭരണ നേതൃത്വം; ഉന്നത ഉദ്യോഗസ്ഥര്‍ ഞെട്ടി

 


തിരുവനന്തപുരം: കേരളത്തിന് അതീവദോഷകരമായ രഘുറാം കമ്മിറ്റി റിപോര്‍ട്ടിനെതിരെ മുഖ്യമന്ത്രിയും ധനമന്ത്രിയും പരസ്യമായി പ്രതികരിച്ച ശേഷം സംസ്ഥാനത്തെത്തിയ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയോട് ഒരൊറ്റ നേതാവു പോലും അക്കാര്യം സംസാരിച്ചതേയില്ലെന്നത് ഉന്നത ഉദ്യോഗസ്ഥ കേന്ദ്രങ്ങളെ ഞെട്ടിച്ചു.

കിട്ടിയ അവസരത്തില്‍ കോണ്‍ഗ്രസിലെയും മുന്നണി പടലപ്പിണക്കങ്ങളെക്കുറിച്ചു മാത്രം പറയാനാണ് കോണ്‍ഗ്രസിലെ വിവിധ നേതാക്കളും ധനമന്ത്രിയും വ്യവസായ മന്ത്രിയും ഉള്‍പെടെയുള്ള ഘടക കക്ഷി നേതാക്കളും തുനിഞ്ഞത്. രഘുറാം റിപോര്‍ട്ട് അതേപടി നടപ്പാക്കിയാല്‍ കേരളത്തിനുള്ള കേന്ദ്ര വിഹിതത്തില്‍ പതിനായിരം കോടിയുടെയെങ്കിലും പ്രതിവര്‍ഷ വെട്ടിക്കുറവ് ഉണ്ടാകും എന്നിരിക്കെയാണ് ഈ മൗനം.

കേരളത്തെ വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍പെടുത്തി കേന്ദ്രസര്‍ക്കാരിന്റെ മുന്‍ ധനകാര്യ ഉപദേഷ്ടാവും ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായ രഘുറാം രാജന്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരിക്കുകയാണ്. കേരളം വികസിത സംസ്ഥാനമാണ് എന്ന വിലയിരുത്തല്‍ ഒറ്റയടിക്ക് അഭിമാനകരമായി തോന്നാമെങ്കിലും അത് കേന്ദ്ര വിഹിതത്തിന്റെ കാര്യത്തില്‍ കേരളത്തിന് ദോഷകരമാണ്. അതുകൊണ്ടുതന്നെ റിപോര്‍ട്ട് കേരളത്തിന് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രം ആ റിപോര്‍ട്ട് തള്ളണം എന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനകാര്യ മന്ത്രി കെ.എം മാണിയും പ്രതികരിച്ചത്.
രഘുറാം റിപോര്‍ട്ട്: സോണിയയോട് ഒന്നും മിണ്ടാതെ ഭരണ നേതൃത്വം; ഉന്നത ഉദ്യോഗസ്ഥര്‍ ഞെട്ടി
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന യു.പി.എയുടെ അധ്യക്ഷ രണ്ടു ദിവസം കേരളത്തിലുണ്ടായിട്ട് അങ്ങനെയൊരു കാര്യം അവരുടെ ശ്രദ്ധയില്‍പെടുത്താന്‍ ആരും തയ്യാറായില്ല. രണ്ടു ദിവസവും മുഖ്യമന്ത്രിയുമായി സോണിയ പല വേദികള്‍ പങ്കിട്ടിരുന്നു. രഘുറാം റിപോര്‍ട്ടിന്റെ ഉള്ളടക്കം വിശദമായി പുറത്തുവന്ന സാഹചര്യത്തില്‍ അതിനെക്കുറിച്ചുള്ള കേരളത്തിന്റെ ആശങ്ക പങ്കുവയ്ക്കുന്ന ഒരു കുറിപ്പ് തയ്യാറാക്കി സോണിയയ്ക്ക് കൊടുക്കാന്‍ എളുപ്പമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ അതുണ്ടായില്ല.

ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വം തീരുമാനം എടുക്കുകയോ നിര്‍ദേശം നല്‍കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അതിനു മുന്‍കൈയെടുത്തുമില്ല. മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും രഘുറാം റിപോര്‍ട്ടിനെ പരസ്യമായി വിമര്‍ശിച്ച സാഹചര്യത്തില്‍ ആ നിലപാടിന്റെ ചുവടുപിടിച്ച് ഒരു കുറിപ്പ് തയ്യാറാക്കാന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടോ പ്ലാനിംഗ് ബോര്‍ഡിനോട് തന്നെയോ നിര്‍ദേശിച്ചിരുന്നെങ്കില്‍ എളുപ്പത്തില്‍ അത് തയ്യാറാക്കാനാകുമായിരുന്നു.

വിചിത്രമായ കാര്യം, സോണിയ വന്നുപോയതിന്റെ തൊട്ടടുത്ത ദിവസം ചേര്‍ന്ന ഇടതുമുന്നണി ഏകോപന സമിതി യോഗവും ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ല എന്നതാണ്. ഇതാകട്ടെ സര്‍ക്കാരിന് രക്ഷയായി മാറുകയും ചെയ്തു. സോളാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൗസ് ഉപരോധിക്കാന്‍ തീരുമാനിച്ചാണ് എല്‍.ഡി.എഫ് യോഗം പിരിഞ്ഞത്.

അടുത്ത അഞ്ചു വര്‍ഷത്തേക്കു ബാധകമായ ശുപാര്‍ശകള്‍ സമര്‍പിക്കാനാണ് നേരത്തേ രഘുറാം രാജനെ കേന്ദ്രം നിയോഗിച്ചത്. പ്രതിശീര്‍ഷ വരുമാനം, പ്രതിമാസ ഉപഭോഗച്ചെലവ്, വിദ്യാഭ്യാസം, ആരോഗ്യം, വീടുകളിലെ സൗകര്യങ്ങള്‍, സ്ത്രീസാക്ഷരത, പൊതുജനാരോഗ്യം തുടങ്ങി 10 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സമിതി സംസ്ഥാനങ്ങളെ തരംതിരിച്ചപ്പോള്‍ കേരളം വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ചെന്നുപെട്ടു.

കുറേ വികസനമുള്ളവ, ഏറ്റവും പിന്നിലുള്ളവ എന്നിവയാണു മറ്റു തരംതിരിവുകള്‍. എന്നാല്‍, കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനവും ഉപഭോഗവും ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്നതായിരിക്കാമെങ്കിലും വികസനത്തിന്റെ അളവുകോല്‍ ഇവയിലേക്കു പരിമിതപ്പെടുത്തി. സംസ്ഥാനം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ സമിതി കാണാതെപോയെന്നാണു സാമ്പത്തിക വിദഗ്ധരുടെ ആക്ഷേപം.

വ്യക്തികള്‍ അയയ്ക്കുന്ന വിദേശപണത്തിന്റെ അളവില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്. ഇതിന്റെ അളവ് 75,000 കോടിരൂപ കവിഞ്ഞു. ഇതില്‍ വളരെ ചെറിയ അംശം മാത്രമേ ഉല്‍പാദനമേഖലകളില്‍ എത്തുന്നുള്ളൂ. പകരം ഭൂമി വാങ്ങിക്കൂട്ടാനും വന്‍ വീടുകള്‍ നിര്‍മിക്കാനും ഉപഭോഗവസ്തുക്കള്‍ വാങ്ങാനും ഉപയോഗിക്കുന്നു. ഈ വിദേശവരുമാനം പ്രതിശീര്‍ഷ വരുമാനത്തെയും ഉപഭോഗച്ചെലവിനെയും ഉയര്‍ത്തുന്നുണ്ടാവാം.

പക്ഷേ, തൊഴിലും വ്യവസായ സംരംഭകത്വവും സൃഷ്ടിക്കപ്പെടുന്നില്ല. സാമ്പത്തിക പരിഷ്‌കരണത്തെ തുടര്‍ന്ന് 1992 മുതല്‍ ഇന്നുവരെ രാജ്യത്തുണ്ടായ വ്യവസായ നിക്ഷേപത്തിന്റെ 0.30% മാത്രമാണു കേരളത്തിനു ലഭിച്ചത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യങ്ങളെല്ലാം അക്കമിട്ട് സോണിയയുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം കേരളത്തിലെ ഭരണ നേതൃത്വം നഷ്ടപ്പെടുത്തിയെന്നാണ് വ്യക്തമായിരിക്കുന്നത്.
Keywords : Sonia Gandhi, Report, Kerala, Chief Minister, Oommen Chandy, Congress, Thiruvananthapuram, Ragu RAM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia