SWISS-TOWER 24/07/2023

ഘടക കക്ഷികളെ സോണിയ ഒറ്റയ്‌ക്കൊറ്റയ്ക്കു കാണില്ല; പലതും തുറന്നടിക്കാന്‍ ഒരുങ്ങി ലീഗ്

 


തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തിരുവനന്തപുരം സന്ദര്‍ശനവേളയില്‍ യു.ഡി.എഫ് ഘടക കക്ഷി നേതാക്കളുമായി വിശദ ചര്‍ച്ചയില്ല. ഈ മാസം 29, 30 തീയതികളിലാണു സോണിയ വരുന്നത്.

കേരളത്തില്‍ പല വട്ടം ചര്‍ച്ചകള്‍ നടന്നിട്ടും പരിഹരിക്കാത്ത പ്രശ്‌നങ്ങളും സോളാര്‍ വിവാദം ഉണ്ടാക്കിയിരിക്കുന്ന നാണക്കേടും ചെറുതും വലുതുമായ കക്ഷികള്‍ സോണിയയ്ക്കു മുന്നില്‍ തുറന്നടിക്കുമോ എന്നു മുന്നണി നേതൃത്വത്തിനുള്ള ഭയമാണു വിശദ ചര്‍ച്ച ഒഴിവാക്കാന്‍ കേരള നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. മൂന്നു സീറ്റ് വേണമെന്ന ആവശ്യവും ആര്യാടനും കെ. മുരളീധരനുമുള്‍പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മേക്കിട്ടു കയറ്റം കോണ്‍ഗ്രസ് നേതൃത്വം നിശ്ശബ്ദം പ്രോല്‍സാഹിപ്പിക്കുന്നതും സോണിയയോട് പറയാന്‍ കാത്തിരിക്കുകയാണ് ലീഗ് നേതൃത്വം.

അത് കെ.പി.സി.സി പ്രസിഡന്റിനും മുഖ്യമന്ത്രിക്കും അലോസരമുണ്ടാക്കുന്ന കാര്യങ്ങളായതിനാല്‍ രണ്ടു പേരും ലീഗിനെക്കൊണ്ടു പറയിക്കാതിരിക്കാനാണു ശ്രമിക്കുന്നതെന്നാണു വിവരം. കേരള കോണ്‍ഗ്രസിനാകട്ടെ, കെ.എം മാണിയുടെ മകന്‍ ജോസ് കെ. മാണിയുടെ മന്ത്രിസഭാ പ്രവേശനം ആവശ്യത്തിനു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വേണ്ട പ്രാധാന്യം കൊടുത്തില്ലെന്ന പരാതിയുണ്ട്. മാത്രമല്ല, രണ്ടാമതൊരു സീറ്റുകൂടി ചോദിക്കാനാണ് അവരുടെ തീരുമാനം.

ജെ.എസ്.എസ്, സി.എം.പി എന്നീ പാര്‍ട്ടികള്‍ക്ക് ബോര്‍ഡ്, കോര്‍പറേഷന്‍ വീതംവയ്പിലെ അസംതൃപ്തി മുതല്‍ മുന്നണി നേതൃത്വം തങ്ങളെ അവഗണിക്കുന്നതിലെ രോഷം വരെ പറയാനുണ്ട്. മുന്നണി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ ശൈലി മാറ്റണം എന്ന് അഭിപ്രായമുള്ള സോഷ്യലിസ്റ്റ് ജനതയ്ക്ക് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും തമ്മിലുള്ള പോരും സോളാര്‍ പ്രശ്‌നം സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയുമാണ് മുഖ്യവിഷയം.

ഘടക കക്ഷികളെ സോണിയ ഒറ്റയ്‌ക്കൊറ്റയ്ക്കു കാണില്ല; പലതും തുറന്നടിക്കാന്‍ ഒരുങ്ങി ലീഗ്കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, സോണിയാ ഗാന്ധിയോട് മുന്നണികള്‍ വിശദമായി ഉള്ളു തുറന്നാല്‍ അത് കെ.പി.സി.സി, ഭരണ നേതൃത്വത്തോട് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി ഉണ്ടാകാന്‍ ഇടയാക്കും എന്നാണ് രണ്ടു കൂട്ടരും ഭയക്കുന്നത്. അതുകൊണ്ട് ഘടക കക്ഷികള്‍ക്ക് സോണിയയോട് പറയാന്‍ കഴിയുന്ന കാര്യം ഏതാനും വാക്കുകളില്‍ ഒതുക്കാനാണ് പരിപാടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നണി ഒന്നിച്ചു നിന്നാല്‍ മാത്രമേ ഉജ്വല വിജയം നേടാനാകൂ എന്ന പൊതു പ്രസ്താവനയോടെ ഘടക കക്ഷികളുടെ നാവടപ്പിക്കാന്‍ സോണിയയ്ക്കു കഴിയും എന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.

ഘടക കക്ഷി നേതാക്കള്‍ക്ക് സോണിയയുമായി വെവ്വേറെ കൂടിക്കാഴ്ച നടത്താന്‍ അവസരം നല്‍കുന്നതിനു പകരം എല്ലാവരും സോണിയയെ ഒന്നിച്ചു കാണുന്ന വിധത്തില്‍ സൗകര്യമൊരുക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഉദ്ദേശിക്കുന്നത്. വെവ്വേറെ കണ്ടാലല്ലാതെ ഓരോ പാര്‍ട്ടിക്കും അവരുടെ ഉള്ളിലുള്ളതു തുറന്നു പറയാന്‍ കഴിയില്ല. മറ്റു പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാകുമ്പോള്‍ പൊതുവായ കാര്യങ്ങള്‍ മാത്രം പറഞ്ഞ് കൈകൊടുത്തു പിരിയുകയേ ഉണ്ടാവുകയുള്ളു.

സോണിയയുടെ സമയക്കുറവ്, സുരക്ഷ എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എസ്.പി.ജി തലത്തില്‍ സന്ദര്‍ശനം നിയന്ത്രിക്കാന്‍ കഴിയുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ്, മുന്നണി നേതൃത്വം കണക്കുകൂട്ടുന്നു. അതേസമയം, സോണിയ ഗാന്ധി തങ്ങള്‍ക്ക് പറയാനുള്ളത് ഇപ്പോഴത്തെ സന്ദര്‍ശന വേളയില്‍ കേള്‍ക്കുന്നതിന് അവസരം ഉണ്ടാക്കിയില്ലെങ്കില്‍ സോണിയയുടെ സന്ദര്‍ശന ശേഷം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി ചിലതു പറയാനാണത്രേ ലീഗ് ഉദ്ദേശിക്കുന്നത്.

ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ വര്‍ഗീയവാദിയാണെന്ന ആര്യാടന്റെ പരാമര്‍ശം, തനിയെ മല്‍സരിക്കുന്ന കാര്യം ലീഗിന് തീരുമാനിക്കാമെന്ന കെ. മുരളീധരന്റെ പ്രസ്താവന എന്നിവയൊക്കെ ലീഗിന്റെ അതൃപ്തി രൂക്ഷമാക്കിയിരിക്കുകയാണ്.


Keywords : Thiruvananthapuram, Sonia Gandhi, Muslim, Kerala, Visit, Congress, UDF, ET Muhammed Basheer, K Muraleedharan, Aryadan Muhammed, Election, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia