Follow KVARTHA on Google news Follow Us!
ad

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായവും വിവാദങ്ങളും: വസ്തുത എന്ത് ?

നമ്മള്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധി അപൂര്‍വങ്ങളില്‍ അപൂര്‍വമായി നടക്കുന്ന Article, Muslim, Marriage, Musthafa Mundupara, Facts behind marriage age controversy, Malayalam News
മുസ്തഫ മുണ്ടുപാറ

മ്മള്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധി അപൂര്‍വങ്ങളില്‍ അപൂര്‍വമായി നടക്കുന്ന 18 വയസിന് മുമ്പുള്ള വിവാഹങ്ങളാണ് എന്ന മട്ടിലാണ് ചിലരുള്ളത്. ഓരോ മാസവും നടക്കുന്ന ലക്ഷക്കണക്കിന് വിവാഹങ്ങളില്‍  കാല്‍ ശതമാനംപോലും ഇത്തരത്തിലുള്ള 'ശൈശവ' വിവാഹങ്ങളില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍ സ്ത്രീത്വ സംരക്ഷണത്തിന്റെ വക്താക്കളായി പറയുന്നവര്‍ സമൂഹത്തിലെ ഒട്ടനവധി ജീര്‍ണതകളിലൊന്നും ഇടപെടാന്‍ തയാറാവാതെ മുസ്‌ലിം വിവാഹ പ്രശ്‌നത്തില്‍ മാത്രം കയറിപ്പിടിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് കുടുംബിനികള്‍ മദ്യമെന്ന മഹാവിപത്തിന് മുമ്പില്‍ ജീവിതം കുരുതികൊടുക്കുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ ഇയ്യച്ചേരിയെപ്പോലെയുള്ള ഏതാനും പേര്‍ക്ക് തീറെഴുതിക്കൊടുത്ത് ചാനലുകളിലും പേജുകളിലും നിറഞ്ഞാടുന്നവരുടെ ഉള്ളിലിരുപ്പ് തിരിച്ചറിയപ്പെടേണ്ടതുണ്ട്.

മുസ്‌ലിം വിഭാഗക്കാരുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും മുന്‍വിധിയോടെ സമീപിക്കുന്ന ഒരു സാഹചര്യം മുന്‍പൊന്നുമില്ലാത്തവിധം കേരളത്തില്‍ വളര്‍ന്നുവന്നിരിക്കുന്നു. ദൃശ്യ മാധ്യമങ്ങളാണ് ഇക്കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇക്കഴിഞ്ഞ  ദിവസം കോഴിക്കോട്ട് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനപ്രകാരം വിളിച്ചുചേര്‍ത്ത മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ നേതൃയോഗത്തിലെ തീരുമാനങ്ങള്‍ സംബന്ധിച്ചുണ്ടായ ചര്‍ച്ചകളും വിലയിരുത്തലുകളും ഇവിടെ സൂചിപ്പിച്ച വിധത്തില്‍ തന്നെയാണുണ്ടായത്.

വിവാഹ പ്രായപരിധി 18ഉം 21ഉം ആക്കി നിജപ്പെടുത്തിയ 2006ലെ ശിശു വിവാഹ നിരോധന നിയമത്തിന്റെയും 2008ല്‍ നടപ്പിലാക്കിയ വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തിന്റെയും പശ്ചാത്തലത്തില്‍ കേരളത്തിലെ ഒറ്റപ്പെട്ടതെങ്കിലും ചില മഹല്ലുകളില്‍ നടന്ന 18 വയസിന് മുമ്പുള്ള വിവാഹങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് കേരളത്തിലെ സിംഹഭാഗം മഹല്ലുകള്‍ക്കും നേതൃത്വം നല്‍കുന്ന സമസ്ത ഇക്കാര്യം ഗൗരവമായ പരിഗണനക്ക് വിധേയമാക്കിയത്.

ഇതോടൊപ്പം കോഴിക്കോട്ടെ സിയസ്‌കൊ യതീംഖാനയില്‍വെച്ച് അര്‍ധ മലയാളിയായ ഒരു അറബ് പൗരന്‍ നടത്തിയ വിവാഹത്തിന്റെ മറപിടിച്ച് ശിശുക്ഷേമ സമിതിയുടെയും മറ്റും പേരില്‍ പോലീസ് ഖാസിമാരെയും പള്ളി കമ്മിറ്റി ഭാരവാഹികളെയും അന്വേഷിച്ചെത്തുകയും പള്ളിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനാവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി. ഇതിനെല്ലാം പുറമെ ശിശു വിവാഹ നിരോധന നിയമത്തിലെ കടുത്ത ചില ശിക്ഷാ വിധികളും സമുദായത്തിനകത്ത് വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

സമുദായത്തിലെ ഒമ്പത് സംഘടനകളുടെ പ്രതിനിധികളാണ് കോഴിക്കോട്ട് ഒത്തുകൂടിയത്. വിവാഹപ്രായമുള്‍പെടെയുള്ള വിഷയങ്ങളില്‍ മുസ്‌ലിം സമുദായത്തിന് ഭരണഘടന അനുവദിച്ച പരിരക്ഷ ഉറപ്പുവരുത്തണമെന്നും അനിവാര്യമായ സാഹചര്യങ്ങളില്‍ 18 വയസിന് മുമ്പ് വിവാഹിതരാവേണ്ടിവരുന്ന പെണ്‍കുട്ടികളും അവരുടെ കുടുംബവും അനുഭവിക്കുന്ന പ്രയാസത്തിന് പരിഹാരം ഉണ്ടാക്കണം എന്നുമായിരുന്നു യോഗത്തിന്റെ പ്രധാന ആവശ്യം.

മുസ്‌ലിം വ്യക്തി നിയമത്തില്‍ വിവാഹപ്രായം നിര്‍ണയിച്ചിട്ടില്ലെന്നിരിക്കെ അതിന് വിരുദ്ധമായി രാജ്യത്ത് നടപ്പിലാക്കിയ നിയമങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ മതപരമായ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് യോഗം വിലയിരുത്തിയിരുന്നു. ഈ തീരുമാനങ്ങളത്രയും ഏകകണ്ഠമായിരുന്നു.
ഇന്ത്യന്‍ ഭരണഘടന 25, 29 വകുപ്പുകള്‍ പ്രകാരം മുസ്‌ലിം സമുദായത്തില്‍ പെട്ടവര്‍ ഉള്‍പെടെയുള്ള മത ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ച അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതായിട്ടുണ്ട്. ഇത് പുതിയൊരു ആവശ്യമല്ല. രാജ്യത്ത് പല കോടതി വിധികളും ഈ വകുപ്പുകളുടെ പിന്‍ബലത്തില്‍ നടന്നിട്ടുണ്ട്.

ഇതോടൊപ്പം 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് അനുവദിക്കുന്ന അവകാശങ്ങളും അംഗീകരിച്ച് കിട്ടേണ്ടതുണ്ട്. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, സ്വത്ത് തുടങ്ങിയ വിഷയങ്ങള്‍ മുസ്‌ലിം വ്യക്തി നിയമത്തിന്റെ പരിധിയിലാണുള്ളത്. ഇവ ഒരു സുപ്രഭാതത്തില്‍ ആര്‍ക്കെങ്കിലും എടുത്തുകളയാന്‍ സാധിക്കുന്നതല്ല.

ഭരണഘടനാ ശില്‍പികളും നിയമ വിദഗ്ദധരും ഏറെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം തയാറാക്കിയ നിയമങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതും അന്തിമവുമല്ലാത്ത സാമൂഹിക ക്രമത്തിലെ ഏതെങ്കിലും വിഷയങ്ങള്‍വെച്ച് ഇല്ലെന്ന് പറയുന്നത് ശരിയല്ല. ചിലര്‍ കൊടുക്കേണ്ടവരും മറ്റു ചിലര്‍ ഓച്ഛാനിച്ചുനിന്ന് വാങ്ങേണ്ടവരുമാണെന്ന മിഥ്യാധാരണ അത്തരക്കാര്‍ മാറ്റിയേ പറ്റൂ.

ജനാധിപത്യ സംവിധാനത്തില്‍ നിയമവിധേയമായ മാര്‍ഗം മാത്രം അവലംബിച്ച് പരിഹാരം തേടാനാണ് ശ്രമിക്കുന്നത്. 18 വയസിന് മുമ്പ് ഒറ്റപ്പെട്ട ചില വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരം വിവാഹങ്ങള്‍ എല്ലാ സമുദായങ്ങളിലും ഉണ്ട്. ബാല വിവാഹ നിരോധ നിയമം നടപ്പിലാക്കിയ 2006 മുതല്‍  2013 വരെ കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 18 വയസ് പൂര്‍ത്തിയായ 2,36,918 മുസ്‌ലിം വിവാഹങ്ങളും 4,79,836 ഹിന്ദു വിവാഹങ്ങളും 2,17,495 ക്രിസ്ത്യന്‍ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെടുകയുണ്ടായി. ആകെ 9,34,315 വിവാഹങ്ങള്‍ (നൂറ് പഞ്ചായത്തുകളിലെയും കോര്‍പറേഷനുകളിലെയും രണ്ട് മുനിസിപ്പാലിറ്റികളുടെയും കണക്ക് ഇതിലുള്‍പ്പെടില്ല).


എന്നാല്‍ 18 വയസ് പൂര്‍ത്തിയാവാതെ വിവാഹം നടക്കുകയും രജിസ്‌ട്രേഷന്‍ സാധ്യമാവാതെ വരികയും തുടര്‍ന്ന് സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തത് 1,500ല്‍ താഴെ മാത്രം വിവാഹ അപേക്ഷകളാണ്. മതം തിരിച്ച് ഇവയുടെ എണ്ണം പരിശോധിക്കുമ്പോള്‍ മുസ്‌ലിം അപേക്ഷകള്‍ അല്‍പം കൂടുതലുണ്ടെന്നത് നിഷേധിക്കുന്നില്ല. ഇതിന് പ്രധാന കാരണം വിദേശ രാജ്യങ്ങളില്‍ പോകുന്നവരില്‍  കൂടുതല്‍ മുസ്‌ലിം സമുദായത്തില്‍പെട്ടവരായതുകൊണ്ട് കുടുംബത്തെ കൂടെ കൊണ്ടുപോകേണ്ട ആവശ്യം വരുമ്പോള്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാവുന്നു എന്നതാണ്.

ഇത്തരം വിവാഹങ്ങള്‍ പ്രത്യേക സാഹചര്യങ്ങളിലാണ് ഉണ്ടാവുന്നത്. മുന്‍ കാലങ്ങളില്‍ കുട്ടിക്കല്യാണങ്ങള്‍ അല്‍പം കൂടുതലുണ്ടായിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ വിദ്യാഭ്യാസരംഗമുള്‍പെടെയുള്ള മേഖലകളില്‍ ഉണ്ടായ ജാഗ്രത വിവാഹ പ്രായ നിര്‍ണയത്തിലും ഉയര്‍ന്ന തോതിലേക്ക് സമുദായത്തെ മാറ്റിയെന്നത് നിഷേധിക്കാന്‍ കഴിയില്ല.

അനാഥത്വം കൊണ്ടും മറ്റും നിരാലംബരായ ചില പെണ്‍കുട്ടികള്‍ ഭാവി സംരക്ഷണം ഉറപ്പുവരുത്തുന്നതിനുവേണ്ടി വിവാഹം ചെയ്യുന്ന സാഹചര്യമുണ്ട്. പഠനത്തില്‍ മികവ് പുലര്‍ത്തുകയും സാമ്പത്തിക ചെലവുള്ള തുടര്‍പഠനത്തിന് സാമ്പത്തികശേഷി അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ചില പെണ്‍കുട്ടികള്‍ സാമ്പത്തിക ഭദ്രതയുള്ള ചെറുപ്പക്കാരെ കണ്ടെത്തി തുടര്‍പഠനവും ജോലിയും നേടി സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന സാഹചര്യവുമുണ്ട്.

പ്രേമ ബന്ധങ്ങളില്‍ കുടുങ്ങി 18 വയസിന് മുമ്പെ വിവാഹിതരാവേണ്ട നിര്‍ബന്ധിത ചുറ്റുപാടും ഉണ്ടാവുന്നുണ്ട്. ഇസ്‌ലാമിനെ സംബന്ധിച്ചടത്തോളം ഒരുനിലക്കും അംഗീകരിക്കാനോ തുടര്‍ന്ന് കൊണ്ടുപോകാനോ അനുവദിക്കാവുന്നതല്ല പ്രേമബന്ധങ്ങള്‍. നാടിന്റെ പൊതുവായ സംസ്‌കാരത്തിനുപോലും ഇതുള്‍ക്കൊള്ളാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

21ഉം 18ഉം വിവാഹ പ്രായപരിധിയായി നിര്‍ണയിച്ചതിലെ യുക്തിയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ലോകത്തെ പകുതിയിലധികം രാജ്യങ്ങളിലും വിവാഹപ്രായം 18ഉം 16ഉം ആണ്. വത്തിക്കാന്‍സിറ്റി, സൗത്ത് അമേരിക്കയിലെ ബൊളിവിയ, പരാഗ്വേ പോലെയുള്ള ചില രാജ്യങ്ങളില്‍ 16ഉം 14ഉം വിവാഹപ്രായമായി നിര്‍ണയിക്കുമ്പോള്‍ നോര്‍ത്ത് അമേരിക്കയിലെ മെക്‌സിക്കോയില്‍ 16ഉം 15ഉം ആണ്. ന്യൂയോര്‍ക്കില്‍ രണ്ടുപേര്‍ക്കും 14 മതി. സൗത്ത് കരോളിനയില്‍ ഗര്‍ഭിണിയാണെന്ന് ഒരു ഫിസിഷ്യന്‍ സാക്ഷ്യപത്രം കൊടുത്താല്‍ 13-ാം വയസില്‍ വിവാഹിതയാകാം.

Article, Muslim, Marriage, Musthafa Mundupara, Facts behind marriage age controversy, Malayalam News, National News,ഇന്ത്യയേക്കാള്‍ ശാസ്ര്ത സാങ്കേതിക മേഖലകളില്‍ എല്ലാംകൊണ്ടും മികച്ചുനില്‍ക്കുന്ന രാജ്യങ്ങളാണ് ഇവയില്‍ പലതും. പെണ്‍കുട്ടിക്ക് 18 ഉം പുരുഷന് 21 ഉം ആവണമെന്നത് ഏതെങ്കിലും ശാസ്ര്തീയമായ പഠനത്തിന്റെയോ സര്‍വെയുടെയോ പിന്‍ബലത്തിലാണെന്ന് ആരും അവകാശപ്പെട്ടതായി കണ്ടിട്ടില്ല. ആരോഗ്യ ശാസ്ത്രത്തിന്റെയോ പ്രകൃതി ശാസ്ത്രത്തിന്റെയോ മറ്റേതെങ്കിലും ഒരു ശാസ്ത്ര ശാഖയുടെയോ സര്‍ട്ടിഫിക്കറ്റ് പ്രായ വിഷയത്തില്‍ ഹാജരാക്കാന്‍ കഴിയുമോ?

അനുമതിയോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പെടാനുള്ള പെണ്‍കുട്ടിയുടെ കുറഞ്ഞ പ്രായം 16 വയസ് നിര്‍ണയിച്ച രാജ്യത്ത് വിവാഹ ബന്ധത്തിലേര്‍പെട്ട് ലൈംഗിക ബന്ധത്തിലേര്‍പെടാന്‍ 18 വയസാകണമെന്നതിലെ യുക്തിരാഹിത്യം ചിന്തിക്കേണ്ടതില്ലേ? 16 വയസ് തികഞ്ഞവരെ മുതിര്‍ന്ന പരന്‍മാരായി കണക്കാക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ശിപാര്‍ശ ചെയ്തത് ഇതോട് ചേര്‍ത്ത് വായിക്കണം.

വിവാഹ സമയത്ത് 18 തികഞ്ഞില്ലെന്ന കാരണത്താല്‍ പെണ്‍കുട്ടിയുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാതെ പോകുന്നതുമൂലം ഭാവിയില്‍ ഈ പെണ്‍കുട്ടിക്ക് കണ്ണീരുകുടിക്കേണ്ട സാഹചര്യം വന്നു ഭവിക്കുകയാണ്. തൊഴില്‍, സ്വത്ത്, വിദ്യാഭ്യാസം, വിദേശയാത്ര തുടങ്ങിയവയിലെല്ലാം ഈ പെണ്‍കുട്ടികളെയും അവരുടെ കുട്ടികളെയും പ്രയാസം അനുഭവിപ്പിക്കും. ഇതേപ്രശ്‌നം ആണ്‍കുട്ടിയും അഭിമുഖീകരിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഒരു മാനുഷിക പരിഗണന ഉണ്ടാവണമെന്ന് പറയാന്‍പോലും പാടില്ലെന്നത് ഫാഷിസമാണ്.

18 വയസിനുമുമ്പ് എല്ലാ മുസ്‌ലിം പെണ്‍കുട്ടികളെയും കല്യാണംചെയ്ത് അയക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. മാത്രമല്ല, നേരത്തെ നടക്കുന്ന വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും ഇക്കാര്യം ബോധവല്‍ക്കരണത്തിലൂടെ സമുദായത്തെ ബോധ്യപ്പെടുത്തണമെന്നുമാണ് കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതൃയോഗത്തിലെ ഒരു തീരുമാനം. എന്നാല്‍ അനിവാര്യ സാഹചര്യങ്ങളില്‍ 18 വയസിന് മുമ്പ് വിവാഹിതരാവുന്ന ദമ്പതികള്‍ക്ക് ഈ നിയമംമൂലം പ്രയാസമുണ്ടാകരുത് എന്നതും പ്രത്യേകം പരിഗണിക്കേണ്ടതാണ്.

ഈ വിഷയങ്ങളെല്ലാം പരിഗണനക്ക് വിധേയമാക്കി തന്നെയാവണം കോടതികള്‍ പലപ്പോഴായി 18 വയസിന് മുമ്പുള്ള വിവാഹത്തെ സാധൂകരിച്ചത്. ഈ വിധിയില്‍ മുസ്‌ലിം പെണ്‍കുട്ടിക്ക് ഋതുമതിയാവലാണ് വിവാഹപ്രായമെന്നും 18 വയസ് വേണ്ടതില്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി. 1890 ലെ ഗാര്‍ഡിയന്‍ ആന്റ് വാട്‌സ് ആക്ടും 2006 ലെ ബാല വിവാഹ നിരോധന നിയമവും വിശദമായി പരിഗണിച്ചും പരിശോധിച്ചുമാണ് ഭരണ സിരാകേന്ദ്രമായ ഡല്‍ഹിയിലെ ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഇതുവരെ മറ്റ് ഹൈക്കോടതികളോ സുപ്രീംകോടതിയോ ഇതിന് വിരുദ്ധമായൊരു പ്രസ്താവന നടത്തിയതായി കണ്ടിട്ടില്ല.

Musthafa Mudupara
(Writer)
കേരളത്തില്‍തന്നെ 1970ല്‍ ഹൈക്കോടതി സമാനമായ വിധി പ്രസ്താവിച്ചിട്ടുണ്ട്്.
1977 ലെ മൊറാര്‍ജി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമത്തിനെതിരെ 35 വര്‍ഷങ്ങള്‍ക്കുശേഷം ബഹളമുണ്ടാക്കുന്നു എന്ന് ചിലര്‍ ആക്ഷേപിക്കുന്നുണ്ട്. അന്നുതന്നെ ഈ നിയമത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട് എന്നാണ് അതിനുള്ള മറുപടി. എന്നാല്‍ 2008ലെ വിവാഹ രജിസ്‌ട്രേഷന്‍ ആക്ട് നടപ്പിലാക്കിയതോടെയാണ് ഇത് സംബന്ധമായി പ്രകടമായ ബുദ്ധിമുട്ടനുഭവിക്കേണ്ടിവന്നത്.

ആക്ട് നടപ്പിലാക്കുമ്പോഴുണ്ടാവുന്ന പ്രയാസം മുന്‍കൂട്ടിതന്നെ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ മുസ്‌ലിം സംഘടനാ നേതാക്കള്‍ അറിയിച്ചിരുന്നു. മത സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന് പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നതുമാണ്.

(മുസ്ലിം വ്യക്തി നിയമ സംരക്ഷണ സമിതി കോ ഓര്‍ഡിനേറ്ററാണ് ലേഖകന്‍)

Keywords: Article, Muslim, Marriage, Musthafa Mundupara, Facts behind marriage age controversy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment