Follow KVARTHA on Google news Follow Us!
ad

ചന്ദ്രകളഭം ചാര്‍ത്തി....

വയലാര്‍ സ്റ്റാലിന്‍ കുമാരപണിക്കരുടെ മകന്‍ ചന്ദ്രപ്പന് ഒരു ചരിത്ര നിയോഗമുണ്ട്. ആദര്‍ശത്തിന്റെ ചന്ദ്രകളഭം സി.പി.ഐ യുടെ തിരുനെറ്റിയില്‍ ചാര്‍ത്തണം. വെളിയത്തിന്റെ പിന്‍ഗാമിയായി എത്തിയപ്പോള്‍ സി.പി.ഐയില്‍ ഉള്ളവര്‍പോലും മൂക്കത്ത് വിരല്‍വെച്ചതാണ്. എന്നാല്‍ വെളിയത്തേയും കടത്തിവെട്ടിയാണ് ചന്ദ്രപ്പന്‍ സഖാവിന്റെ ജൈത്രയാത്ര. വെളിയത്തിനുമുമ്പുവരെ സി.പി.എമ്മിനുമുമ്പില്‍ പഞ്ചപുച്ഛമടക്കിയായിരുന്നു സിപിഐ യുടെ നില്‍പ്പ്. വലിയേട്ടന്റെ കല്‍പ്പനകളൊക്കെ അക്ഷരംപ്രതി അനുസരിക്കുകയായിരുന്നു പാര്‍ട്ടിയുടെ ദൗത്യവും.

സി.പി.എം ആവശ്യപ്പെടുമ്പോഴൊക്കെ പാര്‍ട്ടിയുടെ പെരുവിരലുകള്‍ അറുത്ത് ഏ.കെ.ജി സെന്ററില്‍ കാഴ്ചവെച്ചിട്ടുണ്ട്. ഭാര്‍ഗ്ഗവനാശാനാണ് സി.പി.ഐയുടെ സിംഹഗര്‍ജ്ജനത്തിന് തുടക്കമിട്ടത്. അന്നുവരെ പാര്‍ട്ടിക്ക് കിട്ടാത്തതും കാണാത്തതുമൊക്കെ സി.പി.ഐ യിലേക്ക് വന്നുതുടങ്ങി. വല്യേട്ടന്റെ ബി. ടീമല്ല തങ്ങളെന്ന ചിന്ത പാര്‍ട്ടിയിലുണ്ടായി. അര്‍ഹതപ്പെട്ടതൊക്കെ സി.പി.ഐ ക്ക് കിട്ടിതുടങ്ങിയത് സി.പി.എമ്മിനേയും ഞെട്ടിപ്പിച്ചു. ഗര്‍ജ്ജനത്തിന്റെ മഴുവെറിഞ്ഞ് വല്ല്യേട്ടന്റെ അധീനതയില്‍നിന്നും പാര്‍ട്ടിക്ക് സ്വന്തമായുള്ള കരപ്രദേശം കരം ഒഴിവാക്കി ഭാര്‍ഗ്ഗവരാമന്‍ നേടിയെടുത്തു. വെളിയവും പിണറായിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരിന് കേരളം പലതവണ സാക്ഷിയായി. മിസ്റ്റര്‍ അച്ചുതാനന്ദനെന്നും, മിസ്റ്റര്‍ വിജയനെന്നുമുള്ള വെളിയത്തിന്റെ സംബോധനകളില്‍ സി.പി.ഐ പുളകം കൊണ്ടു.

അനാരോഗ്യത്തിന്റെ പേരില്‍ വെളിയത്തെ പടിയിറക്കിയതോടെ സി.പി.ഐയില്‍ ചന്ദ്രോത്സവവുമായി. പുന്നപ്ര വയലാര്‍ സമരത്തിന്റെ നേരവകാശം ചന്ദ്രപ്പന് സ്വന്തമാണ്. അന്നു വള്ളിനിക്കറിട്ട് ടയറുമുരുട്ടി നടന്ന ജയരാജന്‍മാരൊക്കെ പുന്നപ്ര വയലാര്‍ സമരം കേട്ടറിഞ്ഞതാണെന്നാണ്‌ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലുള്ളത്. സി.പി.എമ്മിന്റെ ധൃതരാഷ്ട്രാലിംഗനത്തിന് ചന്ദ്രപ്പനെ കിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ വി.എസ്സിന്റെ പടയോട്ടത്തില്‍ പടക്കോപ്പുകള്‍ മാറ്റിയും കിടങ്ങുകള്‍ കുഴിച്ചും വിജയമകറ്റിയത് സി.പി.എമ്മാണെന്ന് മുന്നണി വേദികളില്‍ ചന്ദ്രപ്പന്‍ പറഞ്ഞതാണ്. ഇപ്പോഴാണ് അത് പുറത്ത് പറഞ്ഞത്. ലാവലിന്‍ കേസില്‍ വി.എസ്സിന്റെ ശരിദൂരമാണ് ചന്ദ്രപ്പനും. സി.പി.ഐ സംസ്ഥാനസമ്മേളന വേദിക്കും ചന്ദ്രപ്പന്റെ ശരീര ഭാഷയാണ്. പാര്‍ട്ടി സമ്മേളനം കൊല്ലത്ത് വെച്ചത് ഒരു 'ഇവന്റാണ്'. എന്നാല്‍ സമ്മേളനം നടത്തിപ്പ് 'ഇവന്റ് മാനേജ്‌മെന്റിനെ' ഏല്‍പ്പിക്കുന്ന ചരിത്രമല്ല ചന്ദ്രപ്പന്റേത്. പതാക ഉയര്‍ത്തിയപ്പോള്‍ 'ജയപതാകേ നമോസ്തുതേ' എന്ന പാട്ടും സി.പി.ഐയ്ക്കുവേണ്ട. സെക്രട്ടറി സ്ഥാനത്തിരുന്നും കൊതിതീരാത്ത ഭാര്‍ഗ്ഗവനാശാനും അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനം മടുത്ത കെ. ഇ ഇസ്മയിലും ചന്ദ്രപ്പന്റെ പടയോട്ടത്തിന്റെ ബലം കുറയ്ക്കില്ല. പുണരാനടുക്കുമ്പോള്‍ സി.പി.ഐ യെ പുറംതള്ളുന്ന ശൈലി സി.പി.എമ്മിന് മാറ്റേണ്ടിവരുമെന്ന താക്കീതാണ് കൊല്ലം സമ്മേളനത്തിന്റേത്. സി.പി.ഐയില്‍നിന്നും പിറന്നുവീണതാണ് പിണറായിയുടെ പാര്‍ട്ടി. അങ്ങനെ സി.പി.ഐക്ക് മാതൃസ്ഥാനവുമാണ്. ചന്ദ്രപ്പനും സി.പി.ഐക്കും ഒരു വല്യേട്ടനേയുള്ളു. അത് സാക്ഷാല്‍ വി.എസ്സും. സി.പി.ഐയിലും ഒറ്റ ശബ്ദമേയുള്ളു. അത്‌ ചന്ദ്രപ്പന്റേതുമാത്രം.

-രാജു ശ്രീധരന്‍

Post a Comment