Malana Dam | ഹിമാചലിലെ മേഘവിസ്‌ഫോടനത്തില്‍ മലാനയിലെ പന്‍ഡോഹ് അണക്കെട്ട് തകര്‍ന്നു; വീഡിയോ


തീരങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും വേഗം ഒഴിയണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കുളു, സോളന്‍, സിര്‍മൗര്‍, ഷിംല, കിന്നൗര്‍ ജില്ലകളിലെ മണ്ണിടിച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത.
ന്യൂഡെല്‍ഹി: (KVARTHA) കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ (Cloudburst) മലാനയിലെ പന്‍ഡോഹ് അണക്കെട്ട് (Pandoh Dam in Malana) തകര്‍ന്നു. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ (Viral Video) സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. പ്രളയത്തില്‍ പാര്‍വതി നദിയിലെ (Parvati River) അണക്കെട്ടാണ് തകര്‍ന്നത്. ഇതോടെ പരിസര പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. തീരങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും വേഗം ഒഴിയണമെന്ന് (Coasts to Evacuate ) അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ ഹിമാചല്‍ പ്രദേശ് വ്യാപകമായ നാശനഷ്ടം റിപോര്‍ട് ചെയ്തു. കുളുവില്‍, കെട്ടിടം തകര്‍ന്നു. തുടര്‍ച്ചയായ മഴയില്‍ റോഡുകള്‍ തകരുകയും നദികളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരുകയും ചെയ്തു. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് കനത്ത മഴ പെയ്തത്. ഷിംലയിലെ രാംപൂര്‍ തഹസില്‍, മാണ്ഡിയിലെ പധര്‍ തഹസില്‍, കുളുവിലെ ജാവോന്‍, നിര്‍മന്ദ് ഗ്രാമങ്ങളില്‍ 50-ലധികം പേരെ കാണാതായതായി മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു സ്ഥിരീകരിച്ചു.
ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലും ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ സമേജ് ഖഡിലും മേഘസ്‌ഫോടനത്തെ തുടര്‍ന്ന് അതീവ ജാഗ്രത നിര്‍ദേശിച്ചിരിക്കുകയാണ്. നിരവധി പേരെ കാണാതായി. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ഗന്‍സാലിയില്‍ രണ്ട് പേര്‍ മരിച്ചു. നൗതര്‍ തോടിന് സമീപത്തെ ഭക്ഷണശാലയും കലുങ്കും ഒലിച്ചുപോയതിന് പിന്നാലെയായിരുന്നു മരണം. പ്രദേശത്തെ നിരവധി വീടുകളും ഒലിച്ചുപോയി.
പെട്ടെന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് മന്ദാകിനി നദിയിലെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. ഇരുന്നൂറോളം തീര്‍ഥാടകര്‍ ഈ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപോര്‍ട്. മന്ദാകിനി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഗൗരികുണ്ഡ് ക്ഷേത്രത്തില്‍ നിന്ന് അധികൃതര്‍ തീര്‍ഥാടകരെ ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ദുരന്ത നിവാരണ സെക്രടറിയുമായി സംസാരിക്കുകയും ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പോലീസ്, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അത്യാഹിത വിഭാഗങ്ങള്‍ അതീവ ജാഗ്രതയിലാണ്.
കുളു, സോളന്‍, സിര്‍മൗര്‍, ഷിംല, കിന്നൗര്‍ ജില്ലകളിലെ മണ്ണിടിച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേദാര്‍നാഥില്‍ ഭിം ബാലി അരുവിക്ക് സമീപം മണ്ണിടിഞ്ഞ് നടപ്പാതയുടെ 25 മീറ്ററോളം തകര്‍ന്നു. പാത താല്‍ക്കാലികമായി അടച്ചതോടെയാണ് ഭിം ബാലിയില്‍ 200 ഓളം തീര്‍ഥാടകര്‍ കുടുങ്ങിയത്. സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആര്‍എഫ്), പൊലീസും സംഭവ സ്ഥലത്തെത്തി. Hashtags: #HimachalDisaster #Cloudburst #DamCollapse #IndiaFloods #RescueOperations
Pandoh dam situation today in himachal pic.twitter.com/uG9iaXcZAG
— Go Himachal (@GoHimachal_) August 1, 2024