Tragedy | പ്രാര്‍ഥനകളോടെ അവര്‍ തള്ളിനീക്കിയ നിമിഷങ്ങള്‍; ഒടുവില്‍ ലാന്‍ഡ് ചെയ്യാനാവാതെ ഇടിച്ചിറക്കി; അപകടത്തില്‍പെട്ട വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത്

 
Toll hits 38 in Azerbaijan Airlines plane crash near Kazakhstan's Aktau
Toll hits 38 in Azerbaijan Airlines plane crash near Kazakhstan's Aktau

Photo Credit: X/May Gist

● ബകുവില്‍നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട വിമാനം.
● 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്.
● അപകടത്തിന്റെ ഭീകരത വെളിവാക്കുന്നതാണ് ദൃശ്യങ്ങള്‍.

അസ്താന: (KVARTHA) മരണം തൊട്ടുമുന്നിലെത്തിയ നിമിഷം പ്രാര്‍ഥനകളോടെ തള്ളിനീക്കിയ അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലെ യാത്രക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനം കസഖ്സ്ഥാനില്‍ തകര്‍ന്നു വീഴുന്നതിന് മുന്‍പും ശേഷവുമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വിമാനം തകരുന്നതിനു മുന്‍പ് യാത്രക്കാര്‍ പരിഭ്രാന്തരാകുന്നതും, വിമാനം തകര്‍ന്നതിനുശേഷമുള്ള ദൃശ്യങ്ങളുമാണ് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഭീതി നിറഞ്ഞ മുഖത്തോടെ നിലിവിളികള്‍ ഉയരുന്ന അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനകള്‍ ഉരുവിടുന്ന യാത്രക്കാരെയും അലമുറയിടുന്നവരെയുമൊക്കെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. 

മഞ്ഞ നിറത്തിലുള്ള ഓക്‌സിജന്‍ മാസ്‌കുകള്‍ സീറ്റുകള്‍ക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്നുണ്ട്. യാത്രക്കാര്‍ വലിയ ശബ്ദത്തില്‍ അലമുറയിടുന്നതും ഇതിനിടെ സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള വാണിങ് ലൈറ്റും ശബ്ദവും കേള്‍ക്കുന്നുമുണ്ട്. 

അപകടത്തിന് തൊട്ടുമുമ്പുള്ള ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന നിമിഷങ്ങള്‍ അങ്ങനെതന്നെ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. യാത്രക്കാരില്‍ ചിലരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അപകടത്തിന്റെ ഭീകരത വെളിവാക്കുന്നതാണ് ദൃശ്യങ്ങള്‍.

67 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി ബകുവില്‍നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 38 പേര്‍ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. 29 പേരെ രക്ഷപ്പെടുത്തി. അക്തൗ വിമാനത്താവളത്തിനു സമീപമാണ് അപകടം നടന്നത്. കനത്ത മൂടല്‍ മഞ്ഞ് കാരണം വിമാനം അക്തൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. 

അപകടത്തിനു മുന്‍പ് വിമാനം ലാന്‍ഡ് ചെയ്യാന്‍ പല തവണ ശ്രമിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒടുവില്‍ നിലത്ത് ഇടിച്ചിറങ്ങി വിമാനം അഗ്‌നിഗോളമായി മാറി. വിമാനം തകര്‍ന്നതിനു പിന്നാലെ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

പക്ഷികള്‍ ഇടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അതിനു സാധ്യത കുറവാണെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. വിമാനം വഴിതിരിച്ചു വിട്ടത് കാലാവസ്ഥയിലെ പ്രശ്‌നങ്ങള്‍ കാരണമാണെന്നും, അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് പറഞ്ഞു.

#planecrash #kazakhstan #aviation #disaster #accident #tragedy #rip
 


 


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia