Viral Video | വേറെ വഴിയില്ല; വിലക്ക് ലംഘിച്ച് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ സഞ്ചാരികളുടെ വസ്ത്രങ്ങളുമായി പൊലീസ് സ്ഥലംവിട്ടു! തരംഗമായി വീഡിയോ


വിലക്ക് ലംഘിച്ച് ഒരു സംഘം സഞ്ചാരികള്‍ മുദിഗെരെയിലെ ചാര്‍മാഡി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങുകയായിരുന്നു.
പൊലീസിന്റെ മനോഹരമായ ആചാരം രാജ്യത്തുടനീളം നടപ്പിലാക്കണമെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താവ്.
ബെംഗ്‌ളൂറു: (KVARTHA) മഴക്കാലത്ത് ജലാശയങ്ങളിലും ബീചുകളിലും ഉല്ലസിക്കാന്‍ ഇറങ്ങുന്നതിനെ അപകടസാധ്യത മുന്‍നിര്‍ത്തി അധികൃതര്‍ വിലക്കാറുണ്ട്. അത്തരത്തില്‍ വിലക്കുള്ള വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികള്‍ക്ക് രസകരമായ ശിക്ഷയുമായി കര്‍ണാടക പൊലീസ് (Karnataka Police). കര്‍ണാടകയിലെ ചിക്മംഗളൂറിനടുത്തുള്ള (Chikkamagaluru) മുദിഗെരെയിലാണ് (Mudigere) സോഷ്യല്‍ മീഡിയില്‍ (Social Media) തരംഗമായ സംഭവം നടന്നത്.
മഴക്കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികള്‍ക്കാണ് പൊലീസിന്റെ ഒന്നൊന്നര പണി കിട്ടിയത്. കുളിക്കാനിറങ്ങിയ സഞ്ചാരികള്‍ കരയില്‍ അഴിച്ചിട്ട വസ്ത്രങ്ങളെടുത്ത് പൊലീസ് സ്ഥലം വിടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വസ്ത്രങ്ങളെടുത്ത് പൊലീസ് വാഹനത്തില്‍ കൊണ്ടുപോയി വെക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ശക്തമായ മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടം ഉള്‍പെടെ നീരൊഴുക്കുള്ള സ്ഥലങ്ങളില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും കര്‍ണാടക സര്‍കാര്‍ വിലക്കേര്‍പെടുത്തിയിരുന്നു. ഇതിനിടെയാണ് വിലക്ക് ലംഘിച്ച് ഒരു സംഘം സഞ്ചാരികള്‍ മുദിഗെരെയിലെ ചാര്‍മാഡി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയത്. നിരോധിത പ്രദേശമായ വെള്ളച്ചാട്ടത്തില്‍ പുരുഷന്മാര്‍ പാറകള്‍ കയറി കുളിക്കുകയായിരുന്നു.
ഈ സമയത്ത് ഇതുവഴി വന്ന പൊലീസ് ആണ് കൗതുകമുണര്‍ത്തുന്ന ശിക്ഷാനടപടി സ്വീകരിച്ചത്. പാതിവസ്ത്രത്തിലും അര്‍ധനഗ്‌നരായും പൊലീസിന് പിന്നാലെയെത്തി വസ്ത്രം തിരിച്ചുനല്‍കാന്‍ അപേക്ഷിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍, സംഘത്തിന് പൊലീസ് സുരക്ഷാ നിര്‍ദേശങ്ങളും മുന്നറിയിപ്പും നല്‍കി ശാസിച്ചുവിടുകയായിരുന്നുവെന്ന് ന്യൂസ് 18 റിപോര്‍ട് ചെയ്തു.
അതിനിടെ, പൊലീസുകാര്‍ വസ്ത്രങ്ങളുമായി പോകുന്ന ദൃശ്യങ്ങള്‍ക്ക് ടണ്‍ കണക്കിന് രസകരമായ പ്രതികരണങ്ങള്‍ നേടിയിട്ടുണ്ട്. ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പൊലീസുകാരെ അവരുടെ പരിഹാരത്തിന് അഭിനന്ദിച്ചപ്പോള്‍, മറ്റുള്ളവര്‍ ഈ ആശയം എല്ലായിടത്തും നടപ്പിലാക്കണമെന്ന് പറഞ്ഞു. 'മികച്ച തീരുമാനം!' മറ്റൊരാള്‍ പൊലീസ് സംഘത്തെ പ്രശംസിച്ചു. ഈ 'മനോഹരമായ' പരിഹാരം രാജ്യത്തുടനീളം നടപ്പിലാക്കണമെന്ന് മറ്റൊരാള്‍ പറഞ്ഞു.
Karnataka Police take away clothes of tourists who defy the ban sign and enter the waterfall at Chikkamagaluru.
— Sumit Joshi (@iSumitjoshi) July 13, 2024
That’s what we need in Uttarakhand Himachal as well
Hats off pic.twitter.com/CTALMrBbJh