Road Safety | എന്താണ് റോഡിൽ കാണുന്ന മഞ്ഞ ബോക്സുകൾ? അറിയേണ്ടതെല്ലാം


● മഞ്ഞ ബോക്സുകൾ ട്രാഫിക് നിയന്ത്രിക്കാൻ സഹായിക്കുന്നു
● മഞ്ഞ ബോക്സുകളുടെ നിയമങ്ങൾ ലംഘിക്കുന്നത് ശിക്ഷാർഹമാണ്.
● വാഹനമോടിക്കുന്നവർ മഞ്ഞ ബോക്സുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം.
● ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് സുരക്ഷിത യാത്രയ്ക്ക് അത്യാവശ്യമാണ്.
മിൻ്റു തൊടുപുഴ
(KVARTHA) ഇന്ന് പൊതുനിരത്തിൽ ഇറങ്ങിയാൽ ഒരുപാട് വാഹനങ്ങളുടെ അതിപ്രസരമാണ് കാണാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ പലയിടത്തും ട്രാഫിക് ബ്ലോക്കുകളും സ്വഭാവികമായി ഉണ്ടാകുന്നു. ഇതുമൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് സാധാരണ ജനത്തിനാണ്. സ്വകാര്യ വാഹനങ്ങൾ ഇതുപോലെ വർദ്ധിച്ചിട്ടുള്ള ഒരു സംസ്ഥാനം കേരളം പോലെയുണ്ടോയെന്നതും സംശയമാണ്. ഇന്ന് കേരളത്തിലെ മിക്ക വീടുകളിലും തന്നെ എല്ലാവർക്കും വാഹനങ്ങളും ഉണ്ടാകും. ഒന്നുകിൽ കാർ അല്ലെങ്കിൽ ബൈക്ക്. ഇവയിൽ ഏതെങ്കിലും ഒന്ന് കാണുക തന്നെ ചെയ്യും.
അതിനാൽ തന്നെ പുറത്തിറങ്ങിയാൽ വാഹനങ്ങളുടെ ഒരു നീണ്ടനിര തന്നെയാണ് പൊതുനിരത്തുകളിൽ പ്രത്യക്ഷമാകുന്നത്. ട്രാഫിക് നിയന്ത്രിക്കാനായി പല നിയമങ്ങൾ ഉത്തരവാദിത്തപ്പെട്ടവർ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ചെല്ലാം കൃത്യമായി അറിയാവുന്നവർ വളരെ കുറവ്. പൊതുറോഡുകളിലെ ഗതാഗത നിയന്ത്രണത്തിനുവേണ്ടി തയാറാക്കിയിരിക്കുന്ന ഒന്നാണ് റോഡുകളിലെ മഞ്ഞനിറത്തിലുള്ള കളങ്ങളോടുകൂടിയ ബോക്സ്. അല്ലെങ്കിൽ യെലോ ബോക്സ്. ഇതിനെക്കുറിച്ച് കൃത്യമായ ധാരണയുള്ളവർ കുറവായിരിക്കും. എന്താണ് ഈ യെലോ ബോക്സ്, എന്തൊക്കെ കാര്യങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്. അതിനെപ്പറ്റി ഒന്ന് പരിശോധിക്കാം.
എന്താണ് മഞ്ഞ ബോക്സുകൾ?
വാഹനം ഓടിക്കുന്നവർക്ക് പൊതുവേ മനസ്സിലാകാത്ത ഒരു റോഡ് മാർക്കിംഗ് ആണ് ഇത്. തിരക്കുള്ള ജംഗ്ഷനുകളിൽ തടസ്സം കൂടാതെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതിനും ട്രാഫിക് തടസ്സങ്ങൾ സ്വയം നിയന്ത്രിക്കുന്നതിനും വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ് യെല്ലോ ബോക്സ് അഥവാ മഞ്ഞനിറത്തിലുള്ള കളങ്ങളോടുകൂടിയ റോഡ് മാർക്കിങ്ങുകൾ. റോഡ് മാർക്കിങ്ങുകളിലെ മഞ്ഞനിറം എന്നത് അതീവ പ്രാധാന്യമുള്ളതും അപകടത്തിലേക്ക് നയിച്ചേക്കാവുന്നതുമായ (Hazard) കാര്യത്തെ സൂചിപ്പിക്കുന്നതാണ്.
ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യം കുറവുള്ള, രണ്ടോ അതിലധികമോ പ്രധാന റോഡുകൾ സംഗമിക്കുന്ന സ്ഥലങ്ങളിലോ, ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് ശേഷമോ ആണ് ഈ സംവിധാനം പൊതുവേ കാണപ്പെടുന്നത്. ബോക്സ് മാർക്കിംഗിൻ്റെ ഗണത്തിൽ പെട്ട (IRC Code BM-06) മാർക്കിംഗ് ആണ് ഇത്. ഒരേ ദിശയിൽ വരുന്ന വാഹനങ്ങൾ യെല്ലോ ബോക്സ് ഏരിയയിൽ നിർത്തേണ്ടി വരില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഡ്രൈവർമാർ അവിടേക്ക് പ്രവേശിക്കാൻ പാടുള്ളൂ എന്നതാണ് ഇതിന്റെ ലളിതമായ തത്വം. അതായത് ഡ്രൈവർമാർ സ്വയം നിയന്ത്രിച്ച് ട്രാഫിക് തടസ്സം ഒഴിവാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.
ഒരു കാരണവശാലും അവിടെ വാഹനം നിർത്താനോ പാർക്ക് ചെയ്യാനോ അനുവാദമില്ല. അങ്ങനെ ചെയ്യുന്നത് ശിക്ഷാർഹവുമാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ മഞ്ഞ ഏരിയയ്ക്ക് അപ്പുറം കടക്കാം എന്ന് ഉറപ്പുള്ളപ്പോൾ മാത്രമേ അതിലേക്ക് പ്രവേശിക്കാൻ നമുക്ക് അനുവാദമുള്ളൂ. അസൗകര്യം ഉള്ള സ്ഥലങ്ങളിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ, റൗണ്ട് എബൗട്ടുകൾ തുടങ്ങിയവ ഒഴിവാക്കാം എന്ന സൗകര്യവും ഈ ബോക്‌സ് മാർക്കിങ്ങിനുണ്ട്. ട്രാഫിക് തിരക്കുകൾ സ്വയം നിയന്ത്രിക്കാൻ പ്രാപ്തിയുള്ള പരിഷ്കൃത സമൂഹത്തിന്റെ മുഖമുദ്രയാണ് യെല്ലോ ബോക്സ് മാർക്കിങ്ങുകൾ.
വാഹനം ഓടിക്കുന്നവർ ഇതുപോലെയുള്ള ചെറുതും വലുതുമായ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെയെങ്കിൽ നമ്മുടെ പൊതുനിരത്തുകളിൽ അടിക്കടിയുണ്ടാകുന്ന ട്രാഫിക് ബ്ലോക്കുകൾ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാനാവും. ഇത്തരത്തിലുള്ള പല കാര്യങ്ങളിലും ഉള്ള അജ്ഞതയും അശ്രദ്ധയുമാണ് റോഡിൽ പലവിധ അപകടങ്ങളും വിളിച്ചു വരുത്തുന്നത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദമായെന്ന് കരുതുന്നു. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
This article explains what yellow boxes on roads signify. These markings are designed to ease traffic flow at busy junctions. Drivers should only enter a yellow box if they are sure they can exit it without stopping, preventing traffic congestion.
#RoadSafety #TrafficRules #YellowBox #DrivingTips #KeralaTraffic #RoadMarkings