Regulation | വിമാനത്തിൽ പുകവലിക്കാമോ? വിശദമായി അറിയാം
● വിമാനങ്ങളിൽ പുകവലി നിരോധിച്ചത് സുരക്ഷാ കാരണങ്ങളാൽ.
● തീപിടുത്തം, വിഷവാതകം എന്നിവയാണ് പ്രധാന അപായങ്ങൾ.
● ലോകമെമ്പാടും വിമാനങ്ങളിൽ പുകവലി നിരോധിച്ചിട്ടുണ്ട്.
സോണിച്ചൻ ജോസഫ്
(KVARTHA) വിമാനയാത്ര എന്നു പറയുന്നത് എല്ലാവർക്കും ഇഷ്ടമുള്ള യാത്രയാണ്. ഇതുവരെ വിമാനത്തിൽ കയറാൻ സാധിക്കാത്തവർക്ക് അതൊരു അത്ഭുതയാത്രയായും തോന്നാം. വിമാനയാത്രയ്ക്കിടയിൽ യാത്രക്കാർക്ക് ആവശ്യം വേണ്ടുന്ന ഭക്ഷണവും മറ്റും ലഭിക്കാറുണ്ട്. മദ്യവും അനുവദനീയമാണ്. എന്നാൽ പുകവലിയ്ക്കാൻ വിലക്കുണ്ട്. എന്നാൽ വളരെക്കാലം മുൻപ് വരെ വിമാനത്തിൽ പുകവലി അനുവദിച്ചിരുന്നതായി പറയുന്നു. പിന്നീടാണ് വിമാനത്തിനുള്ളിൽ പുകവലിയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇതിൻ്റെ കാരണമെന്താണ്? അതിനെക്കുറിച്ച് വിശദമാക്കുന്ന കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:
'വിമാനങ്ങളിൽ ഇരുന്ന് പുകവലിക്കുന്നതിനെ പറ്റി ഇന്ന് ചിന്തിക്കാൻ പറ്റില്ല. ആകാശ യാത്രയിൽ പുകവലി വേണ്ടെന്ന തീരുമാനമുണ്ടാകുന്നത് 1990കളുടെ പകുതിയിലാണ്. എന്നാൽ വിമാനത്തിൽ ഇരുന്ന് പുകവലിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഏതാണ്ട് മൂന്ന് ദശകം മുൻപ് വരെ വിമാനയാത്രയിൽ മദ്യത്തോടൊപ്പം പുകവലിയും അനുവദിച്ചിരുന്നു. അന്ന് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് പുകവലി 'ആവശ്യമുണ്ടോ, ആവശ്യമില്ലയോ' എന്ന് ചോദിച്ചിരുന്നു. പുകവലി ഇല്ലാത്ത ക്യാബിൻ എന്ന് ടിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നു.
ആദ്യമെല്ലാം മദ്യത്തോടൊപ്പം പുകവലിയും അനുവദിച്ചിരുന്നെങ്കിലും പിന്നീട് ഇത്തരത്തിൽ പുകവലിക്കുന്നതിനെതിരെ ആരോപണങ്ങൾ ഉയരുകയും സുരക്ഷ കാരണങ്ങൾ മുൻനിർത്തി പുകവലി നിരോധിക്കുകയുമായിരുന്നു. ഒരു തീപ്പൊരി പോലും അപകടം സൃഷ്ടിക്കുമെന്നതിനാലാണു വിമാനങ്ങളിൽ പുകവലിക്കു കർശനനിരോധനമുള്ളത്. തീയും പുകയും അതിവേഗം പടരുകയും വിമാനം അപകടത്തിലാകുകയും ചെയ്യും. വിമാനം അടിയന്തരമായി ലാൻഡ് ചെയ്യണമെങ്കിൽ പോലും സമയമെടുക്കും.
അതിനുള്ളിൽ തന്നെ, വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചു യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ജീവൻ അപകടത്തിലാകാൻ സാധ്യതയേറെ. വിമാനത്തിനുള്ളിലെ ബാത്ത്‌റൂം വാതിലില്‍ ‘ടോയ്ലറ്റിനുള്ളില്‍ പുകവലി പാടില്ല’ എന്ന് ചുവപ്പ് നിറത്തില്‍ എഴുതി വച്ചിട്ടുമുണ്ട്. എങ്കിലും സുരക്ഷ കണക്കിലെടുത്തു കൊണ്ടാണ് എല്ലാ വിമാനങ്ങളിലും ആഷ് ട്രെ ഉണ്ട്. ആളുകള്‍ പലപ്പോഴും നിയമങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കും. കത്തിച്ച സിഗരറ്റുകള്‍ വിമാനത്തിന്റെ മൂലകളില്‍ ഒളിപ്പിച്ച് തീപിടുത്തമുണ്ടാക്കുന്നതിനു പകരം സിഗരറ്റുകള്‍ ആഷ്ട്രേകളില്‍ തന്നെ ഉപേക്ഷിക്കുന്നതാണ് നല്ലത് എന്ന് കരുതിയാണ് പുകവലി നിരോധിതമാണെങ്കിലും ആഷ് ട്രെ വയ്ക്കുന്നതിനുള്ള കാരണം.
In a strange turn of events, smoking on airplanes actually saved lives? Here's how the health hazards helped increase flight safety 🚬✈️ pic.twitter.com/YLcuPX5Pm0
— NowThis Impact (@nowthisimpact) January 15, 2024
1973-ൽ ഒരു യാത്രക്കാരൻ വിമാനത്തിൽ ഉപയോഗിച്ചൊരു സിഗരറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനെ തുടർന്ന് വിമാനം തകർന്നുവീഴാൻ ഇടയായി. 1988 മുതല്‍ ലോകമെമ്പാടുമുള്ള എല്ലാ ഫ്‌ലൈറ്റുകളിലും പുകവലി നിരോധിച്ചിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയില്‍ നിന്നുള്ള വിമാനങ്ങളില്‍ പുകവലി 2000 മുതലാണ് നിരോധിച്ചത്. പിടിക്കപ്പെട്ടാല്‍, 4000 ഡോളര്‍ വരെ പിഴ ഈടാക്കും.
വിമാനത്തിനുള്ളിൽ പുകവലി എന്തുകൊണ്ട് നിരോധിച്ചു എന്നതിനെപ്പറ്റിയുള്ള വിശദമായ വിവരണമാണ് ഈ കുറിപ്പിൽ ഉള്ളത്. വിമാന യാത്ര ചെയ്യുന്നവർക്കും ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യാനിരിക്കുന്നവർക്കും അറിവ് പകരുന്ന വിവരങ്ങളാണ് ഇവ.
#flightsafety #nosmoking #aviation #traveltips #airplanerules