Growth | ചരിത്രത്തിലാദ്യം; കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്നത് 75,000 ലേറെ വാണിജ്യ കൂടിക്കാഴ്ചകള്‍
● എഐ സാങ്കേതികവിദ്യയിലേക്ക് കാലഘട്ടത്തിന്റെ ആവശ്യം.
● 800ഓളം വിദേശ ബയര്‍മാരും മാര്‍ട്ടിനെത്തി.
● പ്രധാന ഇനങ്ങള്‍ മൈസ് ടൂറിസം, വെഡിംഗ്-ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍.
കൊച്ചി: (KVARTHA) രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ (KeralaTravel Mart) പന്ത്രണ്ടാം ലക്കത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്നത് 75,000 ലേറെ വാണിജ്യ കൂടിക്കാഴ്ചകള്‍. ചരിത്രത്തിലാദ്യമായാണ് കെടിഎമ്മില്‍ ഇത്രയധികം വാണിജ്യ കൂടിക്കാഴ്ചകള്‍ നടന്നത്.
എഐ അടക്കമുള്ള സാങ്കേതികവിദ്യയിലേക്കുള്ള ചുവടുമാറ്റമാണ് പന്ത്രണ്ടാമത് കെടിഎമ്മിന്റെ പ്രത്യേകതയെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യയിലേക്ക് ഈ വ്യവസായം മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിക്കഴിഞ്ഞു. അതിനുള്ള ദിശാബോധം കെടിഎമ്മിലൂടെ സംരംഭകര്‍ക്ക് ലഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടായിരത്തോളം ആഭ്യന്തര ബയര്‍മാരാണ് കെടിഎം 2024 ല്‍ പങ്കെടുത്തത്. 75 വിദേശ രാജ്യങ്ങളില്‍ നിന്നായി 800ഓളം വിദേശ ബയര്‍മാരും മാര്‍ട്ടിനെത്തി. കെടിഎമ്മിന്റെ സോഫ്റ്റ് വെയര്‍ വഴി മാത്രം മുന്‍കൂട്ടി തയ്യാറാക്കിയതും അല്ലാത്തതുമായി 75,000 ഓളം കൂടിക്കാഴ്ചകളാണ് നടന്നതെന്ന് കെടിഎം സൊസൈറ്റി സെക്രട്ടറി എസ് സ്വാമിനാഥന്‍ അറിയിച്ചു.
ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൂടിക്കാഴ്ചകള്‍ തീരുമാനിക്കാന്‍ സാധിക്കുമെന്നതിനാല്‍ ആയാസരഹിതവും ലളിതവുമായിരുന്നു ഈ പ്രക്രിയ. കെടിഎം പതിനൊന്നാം ലക്കത്തെ കൂടിക്കാഴ്ചകളില്‍ നിന്നും ഗണ്യമായ വര്‍ധനയാണ് ഇക്കുറിയുണ്ടായത്. പതിനൊന്നാം ലക്കത്തില്‍ 55,000 വാണിജ്യകൂടിക്കാഴ്ചകളായിരുന്നു നടന്നത്.
വെല്ലിംഗ്ടണ്‍ ഐലന്റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററിലാണ് മാര്‍ട്ട് നടന്നത്. ഒന്നര ലക്ഷം ചതുരശ്ര അടിയില്‍ ഹരിതമാനദണ്ഡങ്ങള്‍ പാലിച്ച് 347 സ്റ്റാളുകളാണ് കെടിഎമ്മിനായി ഒരുക്കിയത്. ടൂറിസം മേഖലയിലെ സുപ്രധാന വിഷയങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് നാല് സെമിനാറുകളും ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ച് നടന്നു. മൈസ് ടൂറിസം, വെഡിംഗ്-ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ എന്നിവയായിരുന്നു കെടിഎം മുന്നോട്ടു വച്ച പ്രധാന ഇനങ്ങള്‍.
#KeralaTravelMart #KeralaTourism #IndiaTourism #businessdeals #AI #travelindustry