വിമാനക്കമ്പനികൾക്ക് പിന്നാലെ ഇന്ത്യൻ റെയിൽവേയും: കെഎസ്ആർടിസിയിൽ ഡൈനാമിക് പ്രൈസിങ് വരുന്നു: ആദ്യം ബുക്ക് ചെയ്യുന്നവർക്ക് 50% വരെ സീറ്റുകളിൽ ഇളവ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള പ്രീമിയം എസി ബസുകളിലാണ് ആദ്യഘട്ടത്തിൽ ഈ പരിഷ്കാരം നടപ്പാക്കുക.
● കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് കഴിഞ്ഞ ദിവസം ഈ സംവിധാനത്തിന് അനുമതി നൽകി.
● പ്രവൃത്തി ദിവസങ്ങളിൽ ബസുകൾ ഒഴിഞ്ഞു ഓടുന്നതിൻ്റെ നഷ്ടം കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
● ബാക്കിയുള്ള 40% സീറ്റുകൾക്ക് പതിവ് നിരക്കും അവസാന 10% സീറ്റുകൾക്ക് നിശ്ചിത ശതമാനം അധിക നിരക്കും ഈടാക്കും.
● കേരള ആർടിസിയും തമിഴ്‌നാട് എസ്ഇടിസിയും കൂടുതൽ എസി സർവീസുകൾ ആരംഭിച്ചതോടെ കർണാടക ആർടിസിയും നിരക്ക് കുറയ്ക്കാൻ ഒരുങ്ങുന്നുണ്ട്.
ബെംഗളൂരു: (KVARTHA) ബസുകൾ കാലിയായി ഓടുന്നതിൻ്റെ നഷ്‌ടം കുറയ്ക്കുന്നതിൻ്റെ ഭാഗമായി സംസ്‌ഥാനാന്തര റൂട്ടുകളിൽ സ്വകാര്യ ബസുകളെപ്പോലെ 'ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്' സംവിധാനം ആരംഭിക്കാൻ കെഎസ്ആർടിസിയും ഒരുങ്ങുന്നു. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള പ്രീമിയം എസി ബസുകളിലാണ് ആദ്യഘട്ടത്തിൽ ഈ മാറ്റം നടപ്പാക്കുക. കഴിഞ്ഞ ദിവസം ചേർന്ന കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് പുതിയ നിരക്ക് പരിഷ്കാരത്തിന് അനുമതി നൽകിയിരുന്നു. എന്ന് നിലവിൽ വരുമെന്ന പ്രഖ്യാപനം പിന്നീടുണ്ടാകും.
പ്രവൃത്തി ദിവസങ്ങളിൽ ബസുകൾ ഒരുഭാഗത്തേക്ക് ആളില്ലാതെ ഓടുന്നതിൻ്റെ നഷ്ടം കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ. നിലവിൽ ഇടദിവസങ്ങളിൽ കെഎസ്ആർടിസിയുടെ എസി ബസുകളെ അപേക്ഷിച്ച് സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് കുറവാണ്. യാത്രാ ആപ്പുകൾ വഴി ബുക്ക് ചെയ്യുന്നവർ കുറഞ്ഞ നിരക്കുള്ളവ തിരഞ്ഞെടുക്കുന്നതാണ് സ്ഥിരം പതിവ്. ഈ സാഹചര്യം മാറ്റാനാണ് പുതിയ സംവിധാനം.
എങ്ങനെയാണ് ഡൈനാമിക് പ്രൈസിങ്
വിമാനക്കമ്പനികൾ ആദ്യം ആരംഭിക്കുകയും പിന്നീട് ഇന്ത്യൻ റെയിൽവേയും ഉത്സവ സീസണുകളിൽ സ്പെഷൽ ട്രെയിനുകളിൽ സമാന രീതി ഏർപ്പെടുത്തുകയും ചെയ്ത 'ഡൈനാമിക് പ്രൈസിങ്' അഥവാ ചലനാത്മക വില നിർണയ രീതിയാണ് ഇവിടെയും അനുവർത്തിക്കുന്നത്. ഒരു ബസിൽ ആദ്യം ബുക്ക് ചെയ്യുന്ന നിശ്ചിത ശതമാനം സീറ്റുകൾക്കാണ് നിരക്കിളവ് ലഭിക്കുക. ഇതുപ്രകാരം 50% വരെ സീറ്റുകൾ ഈ വിഭാഗത്തിൽ അനുവദിച്ചേക്കാം.
ബാക്കി വരുന്ന 40% സീറ്റുകളിൽ സർവീസ് ആരംഭിക്കുന്നതിൻ്റെ ഒരാഴ്‌ചയ്ക്കുള്ളിൽ ടിക്കറ്റെടുത്താൽ പതിവ് നിരക്കായിരിക്കും. എന്നാൽ അവസാനത്തെ 10% സീറ്റുകളിൽ 24 മണിക്കൂറിനുള്ളിൽ ബുക്ക് ചെയ്യുന്നവരിൽ നിന്ന് നിശ്ചിത ശതമാനം അധിക നിരക്കും ഈടാക്കും. നിലവിൽ കേരള, കർണാടക ആർടിസി ബസുകളിൽ വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും ഫ്ലെക്സി നിരക്കാണ് ഈടാക്കുന്നത്. ഇതിൽ 20-30% അധിക നിരക്ക് നൽകേണ്ടിവരും.
നഷ്ടം കൂടുന്നു
ബെംഗളൂറിൽ നിന്ന് കേരളത്തിലേക്ക് വെള്ളിയാഴ്ചകളിലും തിരിച്ച് ഞായറാഴ്‌ചകളിലുമാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. എന്നാൽ പലപ്പോഴും തിങ്കളാഴ്‌ചകളിൽ ബെംഗളൂറിൽ നിന്നു മടങ്ങുന്ന സ്പെഷൽ സർവീസുകളിൽ പത്തിൽ താഴെ യാത്രക്കാർ മാത്രമാണ് ഉണ്ടാകാറുള്ളത്. ഇന്ധനച്ചെലവ് പോലും ലഭിക്കാത്തത് ആർടിസികൾക്ക് കനത്ത നഷ്‌ടമുണ്ടാക്കുന്നുണ്ട്.
പുതിയ ബസുകൾ എത്തിയതോടെ കേരള ആർടിസി ബെംഗളൂരു സർവീസുകളിൽ 90% എസി പ്രീമിയം വിഭാഗത്തിലേക്ക് മാറിയിരുന്നു. മുൻപുണ്ടായിരുന്ന എസി സീറ്റർ ബസുകൾക്ക് പകരം സ്ലീപ്പർ, സീറ്റർ കം സ്ലീപ്പറുകളും ഡീലക്‌സ് ബസുകൾക്ക് പകരം എസി സീറ്റർ ബസുകളും ഇതിൽ ഉൾപ്പെടുന്നു. നിരക്ക് കൂടുതലാണെങ്കിലും കർണാടക ആർടിസി, സ്വകാര്യ ബസുകളിൽ യാത്രചെയ്യുന്നവരെ കൂടുതലായി കേരള ആർടിസി ബസുകളിലേക്ക് ആകർഷിക്കാനു സാധിച്ചിരുന്നു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ എസി സർവീസുകളുള്ളത്.
അതേസമയം, സംസഥാനാന്തര റൂട്ടുകളിലെ പ്രിമിയം എസി ബസുകളിലെ നിരക്ക് കുറയ്ക്കാനുള്ള നടപടി കർണാടക ആർടിസിയും ആരംഭിച്ചു. പ്രവൃത്തി ദിവസങ്ങളിലെ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ചുള്ള നിർദേശം ഗതാഗതവകുപ്പിന് സമർപ്പിച്ചെങ്കിലും അന്തിമ അനുമതിയായിട്ടില്ല. കേരള ആർടിസിയും, തമിഴ്‌നാട് എസ്ഇടിസിയും കൂടുതൽ എസി സർവീസുകൾ ആരംഭിച്ചതോടെയാണ് യാത്രക്കാരെ ആകർഷിക്കാൻ കർണാടകയും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത്.
കെഎസ്ആർടിസിയിലെ ഡൈനാമിക് പ്രൈസിങ് നിങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായം കമൻ്റ് ചെയ്യുക. കൂടുതൽ പേർക്ക് ഈ വിവരം എത്തിക്കാൻ വാർത്ത ഷെയർ ചെയ്യുക.
Article Summary: KSRTC implements dynamic pricing for inter-state AC buses to minimize losses.
#KSRTC #DynamicPricing #BusFare #KeralaKarnataka #TravelNews #ACBus
