വധൂവരന്മാരും നാടൻ വിഭവങ്ങളും; വിദേശികൾക്ക് ഇഷ്ടപ്പെട്ട് ഉണ്ണിയപ്പം; വെഡിംഗ് ഉച്ചകോടിയിൽ പ്രത്യേക അനുഭവങ്ങൾ


● വിരുന്നെത്തിയത് കേരള ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ.
● കായുപ്പേരിയും ചുക്കുകാപ്പിയും സ്വാഗത വിരുന്നിൽ.
● ഉച്ചയ്ക്ക് വിഭവസമൃദ്ധമായ കല്യാണ സദ്യ ഒരുക്കി.
● 21 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
കൊച്ചി: (KVARTHA) കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരള ട്രാവൽ മാർട്ട് സൊസൈറ്റി നടത്തുന്ന ആദ്യ വെഡിംഗ് ആൻഡ് മൈസ് ഉച്ചകോടിയിൽ പ്രതിനിധികളെ വരവേറ്റത് തനത് കേരള ശൈലിയിൽ. പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ലെമെറിഡിയൻ കൺവെൻഷൻ സെൻ്ററിൻ്റെ പൂമുഖത്തേക്ക് എത്തിയ പ്രതിനിധികൾക്കായി സ്വാദിഷ്ടമായ ഉണ്ണിയപ്പവും കായുപ്പേരിയും ചുക്കുകാപ്പിയുമാണ് സംഘാടകർ ഒരുക്കിയത്.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ പ്രതിനിധികൾക്ക് ഉണ്ണിയപ്പം ഒരു കൗതുകക്കാഴ്ചയായി. അപ്പക്കാരത്തിൽ ഉണ്ണിയപ്പം ഉണ്ടാക്കുന്ന ദൃശ്യം അവർ തങ്ങളുടെ ക്യാമറകളിൽ പകർത്തി. കേരളത്തിന്റെ തനത് വറുവൽ വിഭവമായ കായുപ്പേരി വിദേശികളിൽ പലർക്കും പരിചിതമായിരുന്നു. എങ്കിലും റുമേനിയയിൽ നിന്നെത്തിയ പട്രീഷ്യ കൊസ്കായ്ക്ക് ഉണ്ണിയപ്പം ഏറെ ഇഷ്ടമായി. തിരികെ പോകുമ്പോൾ ഉണ്ണിയപ്പം കൊണ്ടുപോകുമെന്നും അവർ പറഞ്ഞു. തേങ്ങാപ്പാലു കൊണ്ടുണ്ടാക്കിയ മധുരപാനീയമാണ് സഹയാത്രികനായ മാരിയൻ ഡാനിയേലിന് ഇഷ്ടമായത്. ആദ്യമായി കണ്ട പഞ്ചവാദ്യത്തെയും ചെണ്ടമേളത്തെയും അദ്ദേഹം അഭിനന്ദിച്ചു.
വിവിധ മതസ്ഥരെ പ്രതിനിധീകരിച്ച് വധൂവരന്മാരുടെ വേഷമിട്ട മോഡലുകളും പരിപാടിക്ക് കൗതുകം പകർന്നു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ കല്യാണ സദ്യയാണ് പ്രതിനിധികൾക്കായി ഒരുക്കിയത്. 21 വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടി വെള്ളിയാഴ്ച (15.08.2025) സമാപിക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Kerala's first Wedding and MICE tourism summit began with a traditional welcome in Kochi.
#KeralaTourism #WeddingSummit #Kochi #MICE #KeralaCulture #Tourism