Event | ടൂറിസം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാനുള്ള കാഴ്ചപ്പാടുകള്‍ മുന്നോട്ടുവച്ച് കെടിഎമ്മിന് സമാപനം

 
12th Kerala Travel Mart Concludes
12th Kerala Travel Mart Concludes

Photo: KTDM

● സമാപന സമ്മേളനം ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
● കെടിഎം പാലിച്ചുവന്ന ഹരിതമാനദണ്ഡങ്ങള്‍ രാജ്യത്തിന് മാതൃക.
● കേരള ട്രാവല്‍ മാര്‍ട്ട് ടൂറിസത്തിന്റെ കുംഭമേള. 

കൊച്ചി: (KVARTHA) സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും ടൂറിസം വ്യവസായത്തിനും കൂടുതല്‍ ഉണര്‍വും ദിശാബോധവും നല്‍കി പന്ത്രണ്ടാമത് കേരള ട്രാവല്‍ മാര്‍ട്ടിന് (കെടിഎം-2024) കൊച്ചിയില്‍ സമാപനം. വ്യത്യസ്തമായ ടൂറിസം പദ്ധതികളിലൂടെയും ഉത്പന്നങ്ങളിലൂടെയും ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ ഡെസ്റ്റിനേഷന്‍ എന്ന കേരളത്തിന്റെ സവിശേഷത മുന്നോട്ടുവച്ചാണ് കെടിഎമ്മിന് സമാപനമായത്. സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായ ബയേഴ്‌സ്-സെല്ലേഴ്‌സ് കൂടിക്കാഴ്ചകളാലും ടൂറിസം പുരോഗതിക്ക് ഉതകുന്ന ഫലപ്രദമായ ചര്‍ച്ചകള്‍ കൊണ്ടും സമ്പന്നമായിരുന്നു നാലു ദിവസത്തെ ട്രാവല്‍ മാര്‍ട്ട്.

കെടിഎമ്മില്‍ നിന്ന് രൂപപ്പെട്ട ആശയങ്ങളും കാഴ്ചപ്പാടുകളും സംസ്ഥാനത്തെ ടൂറിസം പദ്ധതികളെയും ഉത്പന്നങ്ങളെയും കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം പ്രവര്‍ത്തനങ്ങളില്‍ നൂതന സാങ്കേതിക വിദ്യകളും പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തവും ഒരുപോലെ പ്രയോജനപ്പെടുത്തുന്നത് കേരള ടൂറിസത്തിന്റെ കരുത്താണ്. ദശാബ്ദങ്ങളായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിന്ന് കേരള ടൂറിസം ഗണ്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ട്രാവല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ പ്രധാന സ്ഥാപനമെന്ന നിലയില്‍ കെടിഎം സൊസൈറ്റി ഈ വിജയകരമായ സഹകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ശിഖ സുരേന്ദ്രന്‍ പറഞ്ഞു.

കെടിഎം നടക്കുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ ഉത്തരവാദിത്ത ടൂറിസം സൊസൈറ്റിയ്ക്ക് രണ്ട് ദേശീയ പുരസ്‌ക്കാരം ലഭിച്ചത്. കെടിഎം പാലിച്ചു വന്ന ഹരിതമാനദണ്ഡങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും അവര്‍ പറഞ്ഞു.

ഈ വര്‍ഷത്തെ ട്രാവല്‍ മാര്‍ട്ട് ടൂറിസം സ്റ്റേക്ക്‌ഹോള്‍ഡേഴ്‌സിന്റെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ബയര്‍മാരുടെ എണ്ണത്തില്‍ ഇത്തവണ റെക്കോര്‍ഡ് സൃഷ്ടിക്കാനായി. യുകെ, യുഎസ്, യൂറോപ്യന്‍, ആഫ്രിക്കന്‍, ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, എന്നിവിടങ്ങളില്‍ നിന്ന് ഒട്ടേറെ ബയര്‍മാരെത്തി. ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ ഈ രാജ്യങ്ങള്‍ കേരളത്തിനു നല്‍കുന്ന പ്രാധാന്യമാണ് ബയര്‍മാരുടെ ഈ പങ്കാളിത്തം കാണിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കെടിഎം രാജ്യത്ത് ഇന്നൊരു പഠനവിഷയമായി മാറിയെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഇന്ത്യ ടൂറിസം റീജണല്‍ ഡയറക്ടര്‍ ഡി. വെങ്കടേശന്‍ പറഞ്ഞു. ടൂറിസത്തിന്റെ കുംഭമേളയാണ് കേരള ട്രാവല്‍ മാര്‍ട്ട്. സ്വകാര്യമേഖല സര്‍ക്കാരിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന് കേരളത്തിലെ ഓരോ സ്ഥലങ്ങളെയും മാര്‍ക്കറ്റ് ചെയ്യുന്നത് രാജ്യത്തിനാകെ മാതൃകയാണ്. വയനാട്ടിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ തിരികെ കൊണ്ടു വരാനുള്ള എല്ലാ പിന്തുണയും കേന്ദ്ര ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ടൂറിസത്തിന്റെ മാതൃകയായി കേരളത്തെ കെടിഎം മാറ്റിയെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. കെടിഎം സെക്രട്ടറി എസ് സ്വാമിനാഥന്‍, വൈസ് പ്രസിഡന്റ് ഹരികുമാര്‍ കെസി, കെടിഎം മുന്‍ പ്രസിഡന്റുമാരായ ബേബി മാത്യു, ഇഎം നജീബ്, റിയാസ് അഹമ്മദ്, ജോസ് ഡൊമനിക്, ജോയിന്റ് സെക്രട്ടറി ജോബിന്‍ ജോസഫ്, ട്രഷറര്‍ ജിബ്രാന്‍ ആസിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് കെടിഎം-2024 ഉദ്ഘാടനം ചെയ്തത്. കെടിഎം എക്‌സ്‌പോ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കെടിഎം സൊസൈറ്റിയുടെ കാല്‍നൂറ്റാണ്ട് തികയുന്ന അവസരത്തിലാണ് ഇത്തവണ ട്രാവല്‍ മാര്‍ട്ട് നടന്നത്. രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ടായ കെടിഎമ്മിന് ബയേഴ്‌സിന്റെ എണ്ണത്തില്‍ ഇത്തവണ റെക്കോര്‍ഡ് സൃഷ്ടിക്കാനായി. 76 രാജ്യങ്ങളില്‍ നിന്നായി 800 ഓളം വിദേശികളുള്‍പ്പെടെ 2800 ല്‍പരം ബയര്‍മാരാണ് കെടിഎമ്മിനെത്തിയത്.

വില്ലിംഗ്ടണ്‍ ഐലന്റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററിലാണ് മൂന്ന് ദിവസത്തെ മാര്‍ട്ട് നടന്നത്. വാണിജ്യ കൂടിക്കാഴ്ചകള്‍, നയകര്‍ത്താക്കളുടെ യോഗങ്ങള്‍, ദേശീയ-അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാര്‍ട്ടില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ നിന്നായി വിവിധ ടൂറിസം സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും 347 സ്റ്റാളുകളാണ് എക്‌സ്‌പോയില്‍ പങ്കെടുത്തത്. അവസാന ദിവസം പൊതു ജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ചു.

ഉത്തരവാദിത്ത ടൂറിസം എംഐസിഇ (മീറ്റിംഗ്‌സ്, ഇന്‍സെന്റീവ്‌സ്, കോണ്‍ഫറന്‍സസ്, എക്‌സിബിഷന്‍സ്), വെഡ്ഡിങ് ഡെസ്റ്റിനേഷന്‍, ഉല്ലാസ നൗക ടൂറിസം, ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ തുടങ്ങിയവയാണ് ഇക്കുറി പ്രധാനമായും മുന്നോട്ടുവച്ചത്.

കേരള ടൂറിസം പ്രതിസന്ധിലായ എല്ലാ സമയത്തും ഈ വ്യവസായത്തെ കൈപിടിച്ചുയര്‍ത്തിയത് കേരള ട്രാവല്‍ മാര്‍ട്ടാണ്. 2018 ലെ പ്രളയത്തിന് ശേഷവും 2020-21 ലെ കൊവിഡിനു ശേഷവും കേരള ടൂറിസത്തിന്റെ ആഗോള തലത്തിലുള്ള പുനരുജ്ജീവനത്തിന് കേരള ട്രാവല്‍ മാര്‍ട്ടിന്റെ നടത്തിപ്പ് ഏറെ സഹായകരമായിട്ടുണ്ട്.

#KeralaTravelMart, #Tourism, #Kochi, #TravelExpo, #SustainableTourism, #TourismGrowth


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia