Launch | കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷയുമായി സീപ്ലെയിന്‍; ഫ്‌ലാഗ് ഓഫ് ചെയ്തു
● ബോള്‍ഗാട്ടി മറീനയില്‍ നിന്നും മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണ പറക്കല്‍.
● കരയിലും വെള്ളത്തിലും ഒരുപോലെ പറന്നിറങ്ങാനും ഉയരാനും ശേഷി.
● ഒരേ സമയം 15 പേര്‍ക്ക് ജലവിമാനത്തില്‍ യാത്ര ചെയ്യാം.
കൊച്ചി: (KVARTHA) കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷയുമായി സീപ്ലെയിന്‍ (Seaplane). ഇനി കൊച്ചി കായലില്‍ നിന്ന് മൂന്നാറിലെ മൂടല്‍മഞ്ഞ് മലകളിലേക്കും പറക്കാം. സീപ്ലെയിന്‍ ബോള്‍ഗാട്ടി മറീനയില്‍ നിന്നും മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണ പറക്കല്‍ നടത്തി.
മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവരുമായി ബോള്‍ഗാട്ടിയില്‍ തന്നെ ഒരു റൗണ്ട് യാത്ര നടത്തി. അവരെ തിരിച്ചിറക്കിയ ശേഷമാണ് മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിന്‍ പുറപ്പെട്ടത്. അല്‍പസമയത്തിനകം സീപ്ലെയിന്‍ മാട്ടുപ്പെട്ടിയിലെത്തും. മാട്ടുപ്പെട്ടിയില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാവും സീപ്ലെയ്ന്‍ സ്വീകരിക്കുക.
ഞായറാഴ്ച മൈസൂരുവില്‍ നിന്നാണ് സീപ്ലെയിന്‍ കൊച്ചിയിലെത്തിയത്. വിജയവാഡയില്‍ നിന്നാണ് സീപ്ലെയ്ന്‍ കേരളത്തിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ സീപ്ലെയ്ന്‍ കൊച്ചിയില്‍ എത്തിയിരുന്നു. കരയിലും വെള്ളത്തിലും ഒരുപോലെ പറന്നിറങ്ങാനും ഉയരാനും ശേഷിയുള്ള ആംഫിബിയസ് എയര്‍ക്രാഫ്റ്റാണിത്. ഒരേ സമയം 15 പേര്‍ക്ക് ജലവിമാനത്തില്‍ യാത്ര ചെയ്യാം.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ടിനാണ് സംസ്ഥാന സര്‍ക്കാര്‍ ജലവിമാനം കൊണ്ട് ലക്ഷ്യമിടുന്നത്. കൊച്ചി കായലില്‍ പറന്നിറങ്ങിയ വൈമാനികര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം നല്‍കിയിരുന്നു.
കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നുമൊക്കെ വളരെ എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ഈ സര്‍വീസ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. ജനജീവിതത്തെയും വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെയും ബാധിക്കാതെയാണ് പദ്ധതി നടപ്പാക്കുക. അതുകൊണ്ട് തന്നെ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചയില്‍ സീപ്ലെയിന്‍ വലിയ പങ്ക് വഹിക്കുമെന്നാണ് കണക്കുകൂട്ടല്‍.
ഡി ഹാവ് ലാന്‍ഡ് കാനഡ കമ്പനിയുടെ 17 സീറ്റുകളുള്ള സീപ്ലെയ്‌നാണ് കൊച്ചിയില്‍ എത്തിയത്. കനേഡിയന്‍ പൗരന്മാരായ ഡാനിയല്‍ മോണ്ട്‌ഗോമെറി, റോഡ്ഗര്‍ ബ്രിന്‍ഡ്ജര്‍ എന്നിവരാണ് വിമാനത്തിന്റെ പൈലറ്റുമാര്‍.
#seaplane #Kerala #tourism #Kochi #Munnar #travel #aviation