Development | ഹാപ്പിയായിരിക്കാന്‍ തളിപ്പറമ്പില്‍ ഹാപ്പിനസ്സ് സ്‌ക്വയര്‍ തുറന്നു
● സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
● കിലയുടെ ഭൂമിയില്‍ ഫുട്‌ബോള്‍ സ്റ്റേഡിയം ആരംഭിക്കും.
● ഉന്നത വിദ്യാഭ്യാസമേഖലയില്‍ മുതല്‍ക്കൂട്ടാകാന്‍ ലോ കോളേജ് വരുന്നു.
● തളിപ്പറമ്പിനെ പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കുകയാണ് ലക്ഷ്യം.
തളിപ്പറമ്പ്: (KVARTHA) ജനങ്ങള്‍ക്ക് ഒത്തുചേരാനും ആഘോഷ നിമിഷങ്ങളില്‍ പങ്കുചേരാനും തളിപ്പറമ്പിനെ അടയാളപ്പെടുത്തുന്ന ഹാപ്പിനസ് സ്‌ക്വയര്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കക്ഷി രാഷ്ട്രീയ ഭേദമന്യേ തളിപ്പറമ്പിലെ ജനങ്ങള്‍ക്ക് ഒത്തുചേരാനും പരിപാടികള്‍ അവതരിപ്പിക്കാനും ഹാപ്പിനസ് സ്‌ക്വയര്‍ വേദിയാകുമെന്ന് എംഎല്‍എ പറഞ്ഞു.
തളിപ്പറമ്പ് സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിന്റെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ മുതല്‍ക്കൂട്ടാകാന്‍ ലോ കോളേജും ഉടന്‍ തുടങ്ങുമെന്ന് എംഎല്‍എ പറഞ്ഞു. തളിപ്പറമ്പിനെ പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കുകയാണ് ലക്ഷ്യം. കിലയുടെ ഭൂമിയില്‍ ഫുട്‌ബോള്‍ സ്റ്റേഡിയം ഉടന്‍ തുടങ്ങും.
തളിപ്പറമ്പില്‍ നിന്ന് വിമാനത്താവളത്തിലേക്കുളള പുതിയ റോഡിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഇതിന്റെ പുരോഗതി ഓരോ മാസവും കൃത്യമായ അവലോകനം ചെയ്യുന്നുണ്ട്. നാടുകാണിയിലെ സഫാരി പാര്‍ക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷയായി. തളിപ്പറമ്പ് ഡസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സില്‍ വെബ്സൈറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി പ്രകാശനം ചെയ്തു. ടിഡിഎംസി ലോഗോ ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി മുകുന്ദനും റീഡിങ് കഫേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണനും ഉദ്ഘാടനം ചെയ്തു. പി ഡബ്ലിയു ഡി കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ഷാജി തയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹാപ്പിനസ് സ്‌ക്വയര്‍ ആര്‍ക്കിടെക്റ്റുമാരായ ഫഹ് മി അബ്ദുള്ള, തെന്‍സിഹ ഷെറിന്‍ അഹമ്മദ്, സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ മെഡല്‍ നേടിയ സ്റ്റെജോ വില്‍സണ്‍, വേദിയില്‍ ആദ്യമായി നൃത്തം അവതരിപ്പിച്ച അനവദ്യ എന്നിവര്‍ക്ക് എംഎല്‍എ ഉപഹാരം നല്‍കി.
എംഎല്‍എ ഫണ്ടില്‍നിന്ന് 2.72 കോടി രൂപ ചെലവിലാണ് ഹാപ്പിനസ് സ്‌ക്വയര്‍ ചിറവക്കില്‍ പൂര്‍ത്തിയാക്കിയത്. സാംസ്‌കാരിക കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിന് നിര്‍മിച്ച ചെറുശ്ശേരി സര്‍ഗാലയമാണ് ഹാപ്പിനസ് സ്‌ക്വയറാക്കി പുനര്‍നിര്‍മിച്ചത്.
തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പദ്മനാഭന്‍, തളിപ്പറമ്പ് നഗരസഭ കൗണ്‍സിലര്‍മാരായ ഒ സുഭാഗ്യം, കെ എം ലത്തീഫ്, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം സീന, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുല്‍ മജീദ്, തളിപ്പറമ്പ് നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ പി കെ ശ്യാമള ടീച്ചര്‍, തളിപ്പറമ്പ് നഗരസഭ മുന്‍ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം, ഡി ഡി ഇ ബാബു മഹേശ്വരി പ്രസാദ്, ഡിടിപിസി സെക്രട്ടറി ശ്യാം ചന്ദ്ര, ഡിടിപിസി മുന്‍ സെക്രട്ടറി ജിജേഷ് കുമാര്‍, ഡിഇഒ ഇന്‍ ചാര്‍ജ് മനോജ് കുമാര്‍, സിനിമ സംവിധായകന്‍ ഷെറി ഗോവിന്ദ്, കെ സന്തോഷ്, പി പി മുഹമ്മദ് നിസാര്‍, അനില്‍ പുതിയ വീട്ടില്‍, ജോജി ആനിത്തോട്ടം, കെ സി രാമചന്ദ്രന്‍, വത്സന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനശേഷം കലാപരിപാടികളും തേവര്‍ ബാന്‍ഡിന്റെ മ്യൂസിക്കല്‍ നൈറ്റും അരങ്ങേറി.
#HappinessSquare #Taliparamba #Kerala #development #tourism #education #MVGovindan #inauguration #celebration