Verdict | പെഗാസസ് ഹാക്കിംഗ്: വാട്സ് ആപ്പിന് ചരിത്ര വിജയം; ഇസ്രാഈല്‍ കമ്പനി എന്‍എസ്ഒ കുറ്റക്കാരെന്ന് അമേരിക്കന്‍ കോടതി; ചാര സോഫ്റ്റ്വെയര്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍
● അമേരിക്കൻ കോടതി എൻഎസ്ഒ ഗ്രൂപ്പിനെ കുറ്റക്കാരനാക്കി
● 2019-ലെ വാട്‌സ്ആപ്പ് ഹാക്കിംഗ് കേസിൽ
● പെഗാസസ് സ്പൈവെയർ ഉപയോഗിച്ചുള്ള ഹാക്കിംഗ്
ദക്ഷാ മനു
ന്യൂഡല്‍ഹി: (KVARTHA) 2019ല്‍ 1,400ലധികം ഉപയോക്താക്കളുടെ വാട്സാപ്പ് ഹാക്ക് ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്തം പെഗാസസ് ചാര സോഫ്റ്റ് വെയര്‍ വില്‍ക്കുന്ന ഇസ്രയേല്‍ സെബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ എന്‍എസ്ഒയ്ക്കാണെന്ന് അമേരിക്കയിലെ ജില്ലാ കോടതി കണ്ടെത്തിയിരിക്കുകയാണ്. വാട്സാപ്പ് നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് വാട്‌സ് ആപ്പ്. യുഎസ് കംപ്യൂട്ടര്‍ വഞ്ചന, ദുരുപയോഗം എന്ന നിയമവും (സിഎഫ്എഎ) വാട്‌സ്ആപ്പിന്റെ സ്വന്തം സേവന നിബന്ധനകളും എന്‍എസ്ഒ ലംഘിച്ചതായി ജഡ്ജി ഫിലിസ് ഹാമില്‍ട്ടണ്‍ പറഞ്ഞു.
പ്രതികളുടെ സോഫ്‌റ്റ്വെയര്‍ ഉല്‍പ്പന്നങ്ങളെ മൊത്തത്തില്‍ 'പെഗാസസ്' എന്ന് വിളിക്കുന്നു, എന്‍എസ്ഒ തങ്ങളുടെ ഇടപാടുകാരെ വാട്സാപ്പ് ആപ്ലിക്കേഷന്റെ പരിഷ്‌കരിച്ച പതിപ്പ് ഉപയോഗിക്കാന്‍ അനുവദിക്കുന്നു. ശേഷം 'ഇന്‍സ്റ്റലേഷന്‍ വെക്റ്ററുകള്‍' ഉപയോഗിച്ച് 'സൈഫര്‍' അല്ലെങ്കില്‍ ചാര സോഫ്റ്റ് വെയര്‍ ഫയലുകള്‍ അയയ്ക്കാന്‍ അനുവദിക്കും, അത് വഴി പ്രത്യേക ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ ഇടപാടുകാരെ അനുവദിക്കുന്നു. ഇത് കാലിഫോര്‍ണിയ കോംപ്രിഹെന്‍സീവ് കമ്പ്യൂട്ടര്‍ ഡാറ്റ ആക്‌സസ് ആന്‍ഡ് ഫ്രോഡ് ആക്റ്റ് എന്നിവയുടെ ലംഘനവും കരാര്‍ ലംഘനവുമാണെന്ന് വാട്സാപ്പ് ആരോപിക്കുന്നു.
തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നതില്‍ എന്‍എസ്ഒ ഗ്രൂപ്പ് പലതവണ പരാജയപ്പെട്ടെന്നും കോടതി ഉത്തരവുകള്‍ അനുസരിക്കുന്നതില്‍ എന്‍എസ്ഒ പരാജയപ്പെട്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. എന്‍എസ്ഒയുടെ നടപടികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പെഗാസസ് സോഴ്‌സ് കോഡ് ഇസ്രായേലില്‍ ഉള്ള അവരുടെ പൗരന്മാര്‍ക്ക് മാത്രമേ കാണാനാകൂ എന്ന നിലപാടാണ്. കാലിഫോര്‍ണിയയിലെ നിയമനടപടിക്ക് ഇത് 'പ്രായോഗികമല്ല' എന്നും അവര്‍ പറഞ്ഞു.
അതേസമയം കോടതിവിധി 'സ്വകാര്യതയ്ക്കുള്ള വലിയ വിജയമാണ്' എന്ന് വാട്ട്‌സ്ആപ്പിന്റെ തലവനായ വില്‍ കാത്ത്കാര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഞങ്ങളുടെ വാദം അവതരിപ്പിക്കാന്‍ അഞ്ച് വര്‍ഷം ചെലവഴിച്ചു, കാരണം ചാരപ്രവര്‍ത്തി നടത്തുന്ന കമ്പനികള്‍ക്ക് പ്രതിരോധം തീര്‍ക്കാനോ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാകാനോ കഴിയില്ലെന്ന് വാട്സാപ്പ് ഉറച്ചു വിശ്വസിക്കുന്നു. നിയമവിരുദ്ധമായ ചാരവൃത്തി വെച്ചുപൊറുപ്പിക്കില്ലെന്ന് നിരീക്ഷണ കമ്പനികള്‍ ശ്രദ്ധിക്കണം. ആളുകളുടെ സ്വകാര്യ ആശയവിനിമയം വാട്സാപ്പ് സംരക്ഷിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാട്സാപ്പിനുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച കേസ് അടുത്ത വര്‍ഷം വിചാരണ ചെയ്യുമെന്ന് കോടതിവിധിയില്‍ പറയുന്നു. 2021-ല്‍, ഒരു അന്തര്‍ദേശീയ വാര്‍ത്താ മാധ്യമങ്ങളുടെ കൂട്ടായ്മയില്‍ ദ വയര്‍ എന്ന ഓണ്‍ലൈന്‍ മീഡിയയും ഉള്‍പ്പെട്ടിരുന്നു, പെഗാസസിന്റെ ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് ഈ കൂട്ടായ്മയാണ്.
ഈ കണ്‍സോര്‍ഷ്യം അന്ന് റിപ്പോര്‍ട്ട് ചെയ്തതുപോലെ, എന്‍എസ്ഒ ഗ്രൂപ്പ് തങ്ങളുടെ ചാരസോഫ്റ്റ്വെയര്‍ 'ചില സര്‍ക്കാരുകള്‍ക്ക്' മാത്രമേ നല്‍കിയിട്ടുള്ളൂ എന്ന് പറഞ്ഞിരുന്നു. കുറ്റകൃത്യങ്ങളും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളും അന്വേഷിക്കുന്ന ഏജന്‍സികളാണ് പെഗാസസ് പ്രവര്‍ത്തിപ്പിച്ചത്, അതിനാല്‍ അത് തങ്ങളുടെ ബാധ്യതയായി കണക്കാക്കാനാവില്ലെന്ന് എന്‍എസ്ഒ ഗ്രൂപ്പ് അമേരിക്കയിലെ കേസില്‍ അവകാശപ്പെട്ടെങ്കിലും ജഡ്ജി ഈ വാദം തള്ളി.
2021ല്‍ മാധ്യമ കൂട്ടായ്മ നടത്തിയ അന്വേഷണത്തില്‍, കമ്പനി തങ്ങളുടെ ഉപഭോക്താക്കളുടെ ലിസ്റ്റ് പരസ്യമാക്കാന്‍ വിസമ്മതിച്ചിരുന്നു, എന്നാല്‍ ഇന്ത്യയില്‍ പെഗാസസ് സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തി. പ്രതിപക്ഷ രാഷ്ട്രീയക്കാര്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ പ്രത്യേകം തിരഞ്ഞെടുത്ത വ്യക്തികളുടെ ഫോണുകളിലാണ് ഇവ കടത്തിയതെന്നും ആരോപണം ഉയര്‍ന്നു. ഇന്ത്യന്‍ നമ്പറുകളില്‍ ചാരസോഫ്റ്റ്വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഏജന്‍സി ഇന്ത്യയിലെ ഒരു ഔദ്യോഗിക ഏജന്‍സിയാണെന്ന് സൂചിപ്പിച്ചു.
കണ്ടെത്തലുകളില്‍ അന്വേഷണം നടത്താന്‍ 2021ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് രൂപീകരിച്ച സാങ്കേതിക സമിതി അഞ്ച് ഫോണുകളില്‍ ചാരസോഫ്റ്റ്വെയര്‍ കണ്ടെത്തിയെങ്കിലും അത് പെഗാസസ് ആണോ അല്ലയോ എന്ന് പറയാന്‍ കഴിഞ്ഞില്ല. പെഗാസസ് വാങ്ങിയയതും ഉപയോഗിച്ചതും സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചു എന്നത് ശ്രദ്ധേയമാണ്. രാഹുല്‍ഗാന്ധി അടക്കമുള്ള പ്രതിപക്ഷനേതാക്കളെ നിരീക്ഷിക്കാന്‍ പെഗാസസ് ഉപയോഗിച്ചെന്ന ആക്ഷേപം ശക്തമായിരുന്നു. മോദി സര്‍ക്കാരും ഇസ്രയേല്‍ ഗവണ്‍മെന്റും തമ്മില്‍ അന്നും ഇന്നും നല്ല ബന്ധമാണ്.
#Pegasus #NSOGroup #WhatsApp #Hacking #Cybersecurity #Privacy #USCourt #India