Challenge | മൊബൈല്‍ ഫോണ്‍ ഇല്ലാതെ 8 മണിക്കൂര്‍, ഉറങ്ങാനും പാടില്ല; വിജയിക്ക് 1.18 ലക്ഷം രൂപ സമ്മാനം!
● ചോങ്ക്വിംഗ് മുനിസിപ്പാലിറ്റിയിലെ ഷോപ്പിംഗ് മാളിലാണ് മത്സരം നടന്നത്.
● 100 പേരില്‍ നിന്ന് തിരഞ്ഞെടുത്ത 10 പേര്‍ മത്സരത്തിന് പങ്കെടുത്തു.
● എട്ട് മണിക്കൂര്‍ ഒരു കിടക്കയില്‍ കിടക്കേണ്ടി വന്നു.
ബീജിംഗ്: (KVARTHA) ചൈനയില്‍ നടന്ന ഒരു അപൂര്‍വ മത്സരം ശ്രദ്ധേയമായി. എട്ട് മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കുന്നയാള്‍ക്ക് 10,000 യുവാന്‍ (1,400 അമേരിക്കന്‍ ഡോളര്‍, ഏകദേശം 1.18 ലക്ഷം രൂപ) ആണ് സമ്മാനമായി ലഭിച്ചത്. ചോങ്ക്വിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഷോപ്പിംഗ് മാളിലാണ് ഈ മത്സരം നടന്നത്. 100 പേരില്‍ നിന്ന് തിരഞ്ഞെടുത്ത 10 പേര്‍ മത്സരത്തിന് പങ്കെടുത്തു.
അവര്‍ക്ക് എട്ട് മണിക്കൂര്‍ ഒരു കിടക്കയില്‍ കിടക്കേണ്ടി വന്നു. മൊബൈല്‍ ഫോണ്‍ മാത്രമല്ല, ഐപാഡ്, ലാപ്‌ടോപ്പ് തുടങ്ങിയ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല. അടിയന്തര സാഹചര്യങ്ങളില്‍, സംഘാടകര്‍ നല്‍കിയ കോളിംഗ് സൗകര്യമുള്ള മാത്രമുള്ള പഴയ മൊബൈല്‍ ഫോണ്‍ മോഡലുകള്‍ ഉപയോഗിച്ച് മത്സരാര്‍ത്ഥികള്‍ക്ക് കുടുംബത്തെ ബന്ധപ്പെടാന്‍ കഴിയുമായിരുന്നു.
ഒപ്പം പാനീയങ്ങളും ഭക്ഷണവും നല്‍കി. കിടക്കയില്‍ കഴിക്കാനാണ് മത്സരാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചിരുന്നത്. കിടക്കയില്‍ നിന്ന് ടോയ്ലറ്റ് ആവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവുമായിരുന്നുള്ളൂ. ഓരോ തവണയും പരമാവധി അഞ്ച് മിനിറ്റ് വരെയാണ് അനുവദിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നതിനു പുറമേ, മത്സരാര്‍ത്ഥികള്‍ക്ക് നന്നായി ഉറങ്ങാനോ ആശങ്ക പ്രകടിപ്പിക്കാനോ അനുവാദമില്ലായിരുന്നു.
ഉറക്കവും ആശങ്കയുടെ തോതും നിരീക്ഷിക്കാന്‍ കൈത്തണ്ടയില്‍ സ്ട്രാപ്പുകള്‍ ധരിപ്പിച്ചിരുന്നു. ഭൂരിഭാഗം മത്സരാര്‍ത്ഥികളും സമയം പുസ്തകം വായിക്കുകയോ അല്ലെങ്കില്‍ കണ്ണുകള്‍ അടച്ച് വിശ്രമിക്കുകയോ ചെയ്തു. ഏറ്റവും കൂടുതല്‍ സമയം കിടക്കയില്‍ കിടന്നയാള്‍, ആഴത്തില്‍ ഉറങ്ങാത്തയാള്‍, ഏറ്റവും കുറവ് ആശങ്ക പ്രകടിപ്പിച്ചയാള്‍ എന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിജയിയെ തെരഞ്ഞെടുത്തത്. ഡോങ് എന്ന സ്ത്രീയായിരുന്നു വിജയി. അവര്‍ക്ക് 100 ല്‍ 88.99 എന്ന ഉയര്‍ന്ന സ്‌കോര്‍ ലഭിച്ചു.
മത്സരം സംഘടിപ്പിച്ച കമ്പനിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഫോണ്‍ അടിമത്തം വര്‍ദ്ധിക്കുന്ന കാലത്ത്, ഇത്തരം ഒരു മത്സരം ശ്രദ്ധേയമായിരിക്കുകയാണ്. ചൈനയില്‍ മാത്രമല്ല, ലോകമെമ്പാടും ഫോണ്‍ അടിമത്തം ഒരു വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. മത്സരം സോഷ്യല്‍ മീഡിയയിലും നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
#phonefreechallenge #digitaldetox #china #competition #screentime #mentalhealth