Sunita Williams | ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയോ? സുനിതാ വില്യംസിന്റെയും സഹയാത്രികന്റെയും ഭൂമിയിലേക്കുള്ള മടക്കം അനിശ്ചിതത്വത്തില്‍
മനുഷ്യരെ വഹിച്ചുള്ള ആദ്യ യാത്രാ പരീക്ഷണത്തിന്റെ ഭാഗമായാണ് ഇരുവരും ബഹിരാകാശ നിലയത്തിലെത്തിയത്.
വിക്ഷേപണത്തിന് മുമ്പ് തന്നെ പലവിധ സാങ്കേതിക പ്രശ്നങ്ങള്‍ പേടകം നേരിട്ടിരുന്നു.
ആദ്യ യാത്രയില്‍ത്തന്നെ ഇത്രയധികം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത് വെല്ലുവിളിയാണെന്ന് വിദഗ്ധര്‍.
വാഷിങ്ടന്‍: (KKVARTHA) ഇന്‍ഡ്യന്‍ വംശജയായ സുനിതാ വില്യംസും സഹയാത്രികന്‍ യൂജിന്‍ ബുഷ് വില്‍മോറും ബഹിരാകാശ നിലയത്തില്‍നിന്ന് തിരികെ ഭൂമിയിലെത്തുന്ന തീയതി നീട്ടിവച്ച് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. തിരിച്ചിറങ്ങാന്‍ നിശ്ചയിച്ച തീയതി കഴിഞ്ഞിട്ടും രണ്ടാഴ്ചയായി നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്.
ജൂണ്‍ 14ന് മടങ്ങേണ്ട പേടകം മൂന്നാം തവണയാണ് യാത്ര പുനഃക്രമീകരിക്കുന്നത്. ഇവര്‍ സഞ്ചരിച്ച ബോയിങ് സ്റ്റാര്‍ലൈനറെന്ന ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനാവത്തതിനാല്‍ ഭൂമിയിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലാണെന്നാണ് വിവരം. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ യാത്രാ പരീക്ഷണത്തിന്റെ ഭാഗമായാണ് ഇരുവരും ബഹിരാകാശ നിലയത്തിലെത്തിയത്.
വിക്ഷേപണത്തിന് മുമ്പ് തന്നെ പലവിധ സാങ്കേതിക പ്രശ്നങ്ങള്‍ പേടകം നേരിട്ടിരുന്നു. ബോയിങ് സ്റ്റാര്‍ലൈനര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ച് പേടകത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ വീണ്ടും പരിശോധിച്ച ശേഷമേ മടക്കയാത്രയ്ക്ക് നാസ അനുമതി നല്‍കുകയുള്ളൂ. പലവട്ടം മാറ്റിവച്ചശേഷം ജൂണ്‍ അഞ്ചിനാണ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശത്തേക്ക് തിരിച്ചത്. ബോയിങ് സ്റ്റാര്‍ലൈനറുടെ ആദ്യ യാത്രയില്‍ത്തന്നെ ഇത്രയധികം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത് വെല്ലുവിളിയാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം. ഈ ദൗത്യത്തോടെ ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തില്‍ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത മാറി. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. 2006ലും 2012ലും ബഹിരാകാശ നിലയത്തിലെത്തിയ സുനിത കൂടുതല്‍ നേരം ബഹിരാകാശ നടത്തം ചെയ്ത രണ്ടാമത്തെ വനിത എന്ന നേട്ടം (50 മണിക്കൂര്‍ 40 മിനിറ്റ്) സ്വന്തമാക്കി.
ഒന്നാമതുള്ളത് 60 മണിക്കൂറും 21 മിനിറ്റും നടന്ന അമേരികന്‍ ബഹിരാകാശയാത്രിക പെഗി വിറ്റ്‌സന്റെ റെകോര്‍ഡ്. ഇത് ഇത്തവണ മറികടക്കാന്‍ സുനിതയ്ക്ക് കഴിഞ്ഞേക്കും. രണ്ട് യാത്രകളിലുമായി 322 ദിവസം ബഹിരാകാശനിലയത്തില്‍ ചെലവഴിച്ചു. യുഎസ് നേവല്‍ അകാഡമിയില്‍ പഠിച്ചിറങ്ങിയ സുനിത 1998ലാണ് നാസയുടെ ബഹിരാകാശ സഞ്ചാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.