ശബരിമലയിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അനുചിതം; ഹൈകോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടി


● സ്പെഷ്യൽ കമ്മീഷണറുടെ മുൻകൂര്‍ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടി.
● വിഷയത്തിൽ വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.
● സ്പെഷ്യൽ കമ്മീഷണറുടെ അറിവോടെ മഹസർ തയ്യാറാക്കിയാണ് നീക്കിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്.
കൊച്ചി: (KVARTHA) ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപാളികൾ മുൻകൂർ അനുമതിയില്ലാതെ ഇളക്കിമാറ്റിയത് അനുചിതമെന്ന് ഹൈകോടതി. സ്പെഷ്യൽ കമ്മീഷണറുടെ മുൻകൂര്‍ അനുമതി വേണമെന്ന കോടതി ഉത്തരവുകള്‍ നിലനില്‍ക്കെ എന്ത് കൊണ്ട് അനുമതി തേടിയില്ലെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു. കോടതിയില്‍ നിന്ന് അനുമതി തേടാന്‍ ആവശ്യത്തിന് സമയമുണ്ടായിരുന്നല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് ഹൈകോടതി നിര്‍ദ്ദേശം നല്‍കി.

ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികള്‍ നന്നാക്കാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹർജിയാണ് ഹൈകോടതി പരിഗണിച്ചത്. കോടതി അനുമതിയില്ലാതെയാണ് സ്വർണ്ണപാളികൾ ഇളക്കിയതെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളൂവെന്ന ഹൈകോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണർ കോടതിക്ക് റിപ്പോർട്ടും നൽകിയിട്ടുണ്ട്.
അതേസമയം, ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അറ്റകുറ്റപ്പണിക്ക് വേണ്ടിയാണെന്നും നടപടികളിൽ പിഴവുകൾ ഉണ്ടായിട്ടില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതികരിച്ചു. സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് സാങ്കേതികം മാത്രമാണെന്നും, സ്വർണ്ണം പൂശിയ പാളികളുടെ അടക്കം സർവ്വാധികാരി തിരുവാഭരണം കമ്മീഷണർ ആണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ അറിവോടെ മഹസർ തയ്യാറാക്കിയാണ് ഇവ നീക്കിയിട്ടുള്ളതെന്നും വാർത്തകൾക്ക് പിന്നിൽ ബോർഡിനുള്ളിലെ ചിലരാണെന്നും പി എസ് പ്രശാന്ത് കുറ്റപ്പെടുത്തി.
ശബരിമലയിലെ സ്വർണ്ണപാളി ഇളക്കിയ നടപടിയിൽ ദേവസ്വം ബോർഡിന് പിഴവ് സംഭവിച്ചോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: High Court questions Devaswom Board on removing gold plates from Sabarimala idols without permission, orders a report.
#Sabarimala #KeralaHighCourt #DevaswomBoard #GoldPlates #LegalNews #Temple