Election Result | വ്യാമോഹ കോട്ടകള്‍ തകര്‍ന്നടിഞ്ഞു, തൊട്ടതെല്ലാം പിഴച്ച് അണ്ണാമലൈ; ബിജെപിക്ക് ബാലികേറാമലയായി തമിഴ്‌നാട് 

 

 
tamil nadu election results annamalai factor fails to fire

39 സീറ്റില്‍ 39 ഇടത്തും ഇന്ത്യ സഖ്യമാണ് വിജയം നേടിയത്

/ സാമുവൽ സെബാസ്റ്റ്യൻ

ചെന്നൈ: (KVARTHA) തമിഴ് മണ്ണില്‍ താമരയ്ക്ക് വേരോട്ടമുണ്ടാക്കാനുളള  ശ്രമത്തിനിടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ ദയനീയമായി തോറ്റതോടെ തമിഴ്‌നാട്ടില്‍ പ്രതീക്ഷയറ്റ് ബി.ജെ.പി. 11 ലോക്‌സഭാസീറ്റുകളില്‍ പതിനൊന്ന് ഇടങ്ങളില്‍ രണ്ടാംസ്ഥാനം നേടാനും വോട്ടുഷെയര്‍ വര്‍ധിപ്പിക്കാനും കഴിഞ്ഞുവെങ്കിലും തമിഴ്‌നാട്ടില്‍ പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാത്തത് ദേശീയ നേതൃത്വത്തിന് വന്‍ക്ഷീണമുണ്ടായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പലതവണ തെരഞ്ഞെടുപ്പ് പര്യടനം നടത്തിയ തമിഴ്‌ നാട്ടില്‍ സംഘ്പരിവാര്‍ ഉയര്‍ത്തിക്കാട്ടുന്ന ദേശീയരാഷ്ട്രീയത്തിനുപരി ദ്രാവിഡരാഷ്ട്രീയം ആധിപത്യം സ്ഥാപിക്കുന്നതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ദൃശ്യമായത്. 

 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഭരണം പിടിക്കുമെന്ന് അണ്ണാമലൈ പറയുന്നുണ്ടെങ്കിലും ദ്രാവിഡമണ്ണില്‍ വേരോട്ടം നടത്താന്‍ കഴിയണമെങ്കില്‍ മുന്‍ ഐ.പി.എസുകാരന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. എന്നാല്‍ തമിഴ്‌നാട്ടിലെ തകര്‍പ്പന്‍ ജയത്തോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ അനിഷേധ്യനാവുകയാണ് മുഖ്യമന്ത്രി സ്റ്റാലിന്‍. ഒറ്റ സീറ്റിലും നേട്ടമുണ്ടാക്കാനാവാതെ ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് മുഖം നഷ്ടമായപ്പോള്‍, എടപ്പാടി പളനി സ്വാമിക്ക് മുന്നിലും പ്രതിസന്ധി ഏറുകയാണ്. സഖ്യമവസാനിപ്പിച്ച ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ച ബി.ജെ.പിക്കും അണ്ണാ ഡി.എം.കെക്കും ദയനീയ തോല്‍വിയാണ് ദ്രാവിഡ മണ്ണ് സമ്മാനിച്ചത്.

എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് പത്തിലധികം സീറ്റുകള്‍ പ്രവചിച്ചപ്പോഴും വെല്ലൂരില്‍ മാത്രമേ വെല്ലുവിളി ഉള്ളൂവെന്ന നിലപാടിലായിരുന്നു ഡിഎംകെ. വെല്ലൂരിലെ ലീഡ് രണ്ട് ലക്ഷവും കടന്ന് മുന്നേറിയതോടെ മുന്നേറ്റം സഖ്യം ഉറപ്പിച്ചു. തമിഴ്‌നാട്ടിലെ 39 സീറ്റില്‍ 39 ഇടത്തും ഇന്ത്യ സഖ്യമാണ് വിജയം നേടിയത്.  ഭരണത്തിലെത്തി മൂന്നാം വര്‍ഷം, കേന്ദ്ര ഏജന്‍സികള്‍ ഉയര്‍ത്തിയ പ്രതിസന്ധിയും പ്രളയത്തിന് പിന്നാലെ ഉരുണ്ടുകൂടിയ ജനരോഷവും മറികടന്ന് നേടിയ ജയം സ്റ്റാലിനെയും മകന്‍ ഉദയനിധിയെയും കൂടുതല്‍ കരുത്തരാക്കിയിരിക്കുകയാണ്. 

തമിഴ്‌നാട്ടില്‍ 25 ശതമാനം വോട്ടും അരഡസന്‍ സീറ്റും നേടുമെന്ന് അവകാശവാദമുന്നയിച്ചിരുന്ന  കെ അണ്ണാമലൈക്ക് മുഖത്തേറ്റ പ്രഹരമാണ് കോയമ്പത്തൂരിലെ ദയനീയ തോല്‍വി. കോയമ്പത്തൂരില്‍ വിജയം ഉറപ്പിച്ചെന്ന് പറഞ്ഞ കെ അണ്ണാമലൈക്ക് ഒരു തവണ പോലും മുന്നിലെത്താന്‍ കഴിഞ്ഞില്ല. വെറും പത്തുശതമാനം വോട്ടുകള്‍ കൊണ്ടു അവര്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നു. ത്രികോണ പോരാട്ടമില്ലായിരുന്നെങ്കില്‍ ഡിഎംകെയ്ക്ക് പത്തിലധികം സീറ്റ് നഷ്ടമായേനേയെന്ന വിലയിരുത്തലില്‍ ആശ്വസിക്കുകയാണ് തമിഴ്‌നാട്ടിലെ ബിജെപി നേതൃത്വം.

അണ്ണാ ഡിഎംകെയെ പുകച്ചുപുറത്തുചാടിച്ച അണ്ണാമലൈ ഇത്തരം ഒരുതിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ചില സീറ്റുകളില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അണ്ണാ ഡിഎംകെയ്ക്ക് വോട്ടുവിഹിതത്തിലെ രണ്ടാം സ്ഥാനം കൊണ്ട് മാത്രം ആശ്വസിക്കാനാകില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം മാത്രം ബാക്കിനില്‍ക്കെ പാര്‍ട്ടിയിലെ അതൃപ്തരെ അനുനയിപ്പിക്കാനും എടപ്പാടി പളനി സ്വാമി കഠിനമായി പ്രയത്‌നിക്കേണ്ടിവരും. 

'എന്‍ മണ്ണ് എന്‍ മക്കള്‍' എന്ന പേരില്‍ ഡി.എം.കെ സര്‍ക്കാരിനെതിരെ നടത്തിയ സംസ്ഥാന ജാഥയ്ക്കുണ്ടായ വന്‍സ്വീകാര്യതയും സോഷ്യല്‍ മീഡിയ ബുളളിങും അണ്ണാമലൈയ്ക്കും പാര്‍ട്ടിക്കും വോട്ടായി മാറിയില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ദ്രാവിഡ രാഷ്ട്രീയവും തമിഴ്‌ വികാരവും ജ്വലിപ്പിച്ചു സ്റ്റാലിന്‍ നടത്തിയ പടയോട്ടത്തിന് മുന്‍പില്‍ തകര്‍ന്നടിയുകയായിരുന്നു അണ്ണാമലൈ ഉയര്‍ത്തിയ വ്യാമോഹകോട്ടകള്‍.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia