LS result | സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയായ വടകരയിലെ പുയ്യാപ്ലയ്യായി ഷാഫി പറമ്പില്‍; എരിഞ്ഞടങ്ങിയത് കെ കെ ശൈലജയുടെ വ്യക്തി പ്രഭാവം


കെ.കെ ശൈലജയുടെ രാഷ്ട്രീയ ഭാവിയും ത്രിശങ്കുവിലാക്കിയിട്ടുണ്ട്
നവോദിത്ത് ബാബു
ലശേരി: (KVARTHA) വടകരയുടെ പുയ്യാപ്ലയായി പാലക്കാട്ടു നിന്നുമെത്തിയ ഷാഫി പറമ്പില്‍ മിന്നും വിജയം നേടി. വിവാദങ്ങള്‍ കൊടുമ്പിരികൊണ്ട വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ഷാഫി നേടിയ വമ്പന്‍വിജയം യു.ഡി.എഫിനെ ആവേശഭരിതമാക്കിയിരിക്കുകയാണ്. അവസാന നിമിഷം സിറ്റിങ് എം.പിയായ കെ മുരളീധരനു പകരം ഷാഫിയെ കളത്തിലിറക്കിയത് യു.ഡി.എഫിന് വിജയമൊരുക്കിയെന്നാണ് വിലയിരുത്തല്‍. തൃശൂരില്‍ ദയനീയമായ മുരളീധരന്‍ തോറ്റെങ്കിലും എല്ലാപ്രതിസന്ധികളെയും വിവാദങ്ങളെയും മറികടന്നു കൊണ്ടു വെന്നിക്കൊടി പാറിക്കാന്‍ ഷാഫിക്ക് കഴിഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് വമ്പന്‍ തോല്‍വിയേറ്റത് കേരളത്തിലെ ആദ്യവനിതാമുഖ്യമന്ത്രിയാകുമെന്നു വിശേഷിപ്പിച്ചിരുന്ന കെ.കെ ശൈലജയുടെ രാഷ്ട്രീയ ഭാവിയും ത്രിശങ്കുവിലാക്കിയിട്ടുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ താരമായി മാറുമെന്ന് കരുതിയ ശൈലജയുടെ വമ്പന്‍ തോല്‍വി അവരുടെ രാഷ്ട്രീയ ഇമേജിന്റെ ഗ്രാഫ് തന്നെ കുത്തനെ താഴ്ത്തിയിരിക്കുകയാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും കെ.കെ ശൈലജയെ മാറ്റിനിര്‍ത്താനുളള മുഖ്യമന്ത്രിയുടെയും പാര്‍ട്ടിസംസ്ഥാന നേതൃത്വത്തിന്റെയും കുശാഗ്രബുദ്ധിക്ക് കൂടിയാണ് തിരിച്ചടിയേറ്റത്.
എന്നാല്‍ പി ജയരാജനു ശേഷം തനിക്ക് രാഷ്ട്രീയ ഭീഷണിയായിരുന്ന കെ.കെ ശൈലജയെ രാഷ്ട്രീയ പരമായി ഒതുക്കുകയെന്ന ലക്ഷ്യം വടകരയിലെ തോല്‍വി ഫലം കാണുകയും ചെയ്തു. ഇനി കേരളത്തിന്റെ ടീച്ചറമ്മയെന്ന കെട്ടിപ്പൊക്കിയ ഇമേജുമായി തലപൊക്കാന്‍ ശൈലജയ്ക്ക് കഴിയില്ലെന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും. വടകരയില്‍ മത്സരിക്കാന്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ല കെ.കെ ശൈലജയ്ക്ക്. തനിക്ക് പകരം പി.കെ ശ്രീമതിടീച്ചര്‍ മത്സരിക്കട്ടെയെന്നു കണ്ണൂരില്‍ മത്സരിക്കാന്‍ തന്റെ പേര് ഉയര്‍ന്നു വന്നപ്പോള്‍ തന്നെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ പി.ജയരാജന് വാരിക്കുഴിയൊരുക്കിയതു പോലെ വടകരയില്‍ ചാവേറാകാന്‍ കെ.കെ ശൈലജയെ പാര്‍ട്ടി തെരഞ്ഞെടുപ്പ് രംഗത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.
കെ.മുരളീധരനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെങ്കില്‍ വടകരയില്‍ വിജയിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലായിരുന്നു സി.പി.എം നേതൃത്വം. ആര്‍.എം.പി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം വടകര പാര്‍ലമെന്റ് മണ്ഡലം നഷ്ടപ്പെട്ട സി.പി.എമ്മിന് ഒഞ്ചിയം രക്തസാക്ഷികളുടെ മണ്ണില്‍ എന്തുവിലകൊടുത്തും തിരിച്ചുവരാനായിരുന്നു സി.പി.എം ലക്ഷ്യമിട്ടത്. ഇക്കുറി തങ്ങളുടെ അഭിമാനതാരമായ കെ.കെ ശൈലജയെന്ന ടീച്ചറമ്മയെ മുന്‍നിര്‍ത്തി സി.പി.എം നടത്തിയ അങ്കവും ദയനീയപരാജയത്തില്‍ കലാശിച്ചു.
രാഷ്ട്രീയകേരളം കണ്ട തീപാറും പോരാട്ടവും പരിധിവിട്ട സോഷ്യല്‍ മീഡിയ യുദ്ധവും കടത്തനാടന്‍ മണ്ണില്‍ നടന്നുവെങ്കിലും ഇതില്‍ സി.പി.എമ്മിന് നേട്ടം കൊയ്യാനായില്ല. സി.പി. എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഏറെയും സ്ഥിതി ചെയ്യുന്ന കൂത്തുപറമ്പ്, തലശേരി മണ്ഡലങ്ങളില്‍ നിന്നും വോട്ടുചോര്‍ന്നതാണ് പാര്‍ട്ടിയെ ആശങ്കയിലാക്കുന്നത്. കെ.കെ ശൈലജയ്ക്കു മികച്ച ലീഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നാദാപുരത്ത് ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ നിന്നും വോട്ടുകള്‍ ചോര്‍ന്നതും തിരിച്ചടിയായി. വൈകിയെങ്കിലും പാലക്കാട് നിന്നുമെത്തിയ ഷാഫി ദിവസങ്ങള്‍ക്കുളളില്‍ കെ.കെ ശൈലജയുടെ വ്യക്തി പ്രഭാവത്തിന് മങ്ങല്‍ ഏല്‍പ്പിക്കുകയായിരുന്നു.
മൊത്തം പോള്‍ ചെയ്തതിന്റെ 5,52490 വോട്ടുകളാണ് ഷാഫി നേടിയത്. കെ.കെ ശൈലജ ടീച്ചര്‍ 4,37,333 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രൊഫുല്‍ കൃഷ്ണ 1,10,701 വോട്ടുകളും നേടി. കഴിഞ്ഞ തവണ വി.കെ സജീവന്‍ നേടിയതിനേക്കാള്‍ ഇരട്ടി വോട്ടുകള്‍ എന്‍. ഡി. എ സ്ഥാനാര്‍ത്ഥി നേടിയത് അവര്‍ പോലും പ്രതീക്ഷിക്കാതെയാണ്. കഴിഞ്ഞ തവണ യു.ഡി. എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ. മുരളീധരന്‍ വടകരയില്‍ നിന്നും 5,26,755 വോട്ടുകള്‍ നേടിയിരുന്നു. 84,663 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു മുരളീധരന്റെത്. എന്നാല്‍ അതിനെ കവച്ചുവെച്ചുകൊണ്ടാണ് ഇക്കുറി ഷാഫി പറമ്പിലിന്റെ തേരോട്ടം.
ആര്‍.എം.പിയുടെയും മുസ്‌ലിംലീഗിന്റെയും കൈമെയ് മറന്നുളള സഹായമാണ് മികച്ച ഭൂരിപക്ഷത്തിലേക്ക് ഷാഫിയെ നയിച്ചത്. സ്ഥാനാര്‍ത്ഥിയായ മുതല്‍ ടീച്ചറമ്മയെന്ന കെ.കെ ശൈലജയുടെ ഇമേജ് പൊളിച്ചടുക്കാന്‍ ഷാഫിക്ക് കഴിഞ്ഞു. വടകരയുടെ യഥാര്‍ത്ഥ ടീച്ചറമ്മ ടി.പിയുടെ അമ്മ രോഹിണി ടീച്ചറാണെന്നു ഷാഫി പരസ്യമായി പ്രഖ്യാപിച്ചതോടെ എല്‍.ഡി.എഫ് പ്രതിരോധത്തിലായി. ശൈലജ ടീച്ചര്‍ക്കെതിരെയുളള സോഷ്യല്‍ മീഡിയയിലൂടെയുളള അപകീര്‍ത്തിപ്പെടുത്തല്‍ സി.പി.എം പ്രചരണായുധമാക്കിയെങ്കിലും വടകരയിലെ സ്ത്രീവോട്ടര്‍മാരുടെ അനുഭാവം നേടിയെടുക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അറുപതിനായിരത്തിന്റെ റെക്കാര്‍ഡ് ഭൂരിപക്ഷത്തിന് മട്ടന്നൂരില്‍ നിന്നും ജയിച്ച കെ.കെ ശൈലജ എം. എല്‍.എയായി തുടരട്ടെയെന്നു ജനങ്ങള്‍ തീരുമാനിച്ചപ്പോള്‍ വടകര യു.ഡി.എഫിനൊപ്പം ഇക്കുറിയും നില്‍ക്കുകയായിരുന്നു.വടകരയിലെ തോല്‍വി സി.പി.എമ്മിനേറ്റത് ആഴത്തിലുളള മുറിവായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സി.പി.എമ്മിന്റെ പൊന്നാപുരം കോട്ടയായ വടകരയില്‍ കെ.കെ ശൈലജ തോല്‍ക്കുന്നത് വഴി പാര്‍ട്ടിയുടെ ജനകീയ മുഖമാണ് മങ്ങിയത്.