Criticism | സ്വയം പൊളിച്ചെഴുതുന്ന ഇന്ത്യാ സഖ്യം, ഡൽഹി തെരഞ്ഞെടുപ്പ് വിധി പ്രതിപക്ഷ ബദലിന്റെ വാട്ടർ ലൂവാകുമോ?


● പണ്ടത്തെ മൂന്നാം മുന്നണിപ്പോലെ, പരസ്പരമുള്ള വിശ്വാസക്കുറവും താൻപോരിമയും കാരണം ആന്തരികശൈഥില്യത്താൽ ചിന്നിച്ചിതറുകയാണ് ഇന്ത്യാ സഖ്യം.
● ബി.ജെ.പി. ഭരിക്കുന്ന കേന്ദ്ര സർക്കാർ നടത്തിയ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ഐക്യനിരയായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം മാറിയിരുന്നുവെങ്കിലും, ഇപ്പോൾ ദുർബലമായിരിക്കുകയാണ്.
ഭാമ നാവത്ത്
(KVARTHA) ഡൽഹിയിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ ആം ആദ്മിയും കോൺഗ്രസും തള്ളിപ്പറയാൻ മത്സരിക്കുന്നുണ്ടെങ്കിലും, കാര്യങ്ങൾ അത്ര ശുഭസൂചനയല്ലെന്നാണ് പുറത്തുവരുന്ന വിവരം. ബി.ജെ.പി. വിരുദ്ധ വോട്ടുകൾ ചിന്നിച്ചിതറിയത് ആപ്പിനും കോൺഗ്രസിനും അധികാരനഷ്ടത്തിനിടയാക്കും. പണ്ടത്തെ മൂന്നാം മുന്നണിപ്പോലെ, പരസ്പരമുള്ള വിശ്വാസക്കുറവും താൻപോരിമയും കാരണം ആന്തരികശൈഥില്യത്താൽ ചിന്നിച്ചിതറുകയാണ് ഇന്ത്യാ സഖ്യം.
കേന്ദ്രത്തിനെതിരെയുള്ള പൊതുവിഷയങ്ങളിൽ ഒന്നിക്കുകയും ലോക്സഭാ തെരഞ്ഞെടുപ്പുകളെ മുന്നണിയായി നേരിടുകയും ചെയ്യുമ്പോൾ, സംസ്ഥാനങ്ങളിൽ പരസ്പരം പോരടിക്കാമെന്നാണ് ഇവരുടെ ലൈൻ. ഇത് വീണ്ടും തോൽവിയുടെ ഗർത്തത്തിലേക്ക് തള്ളിവിട്ടേക്കാം.
ബി.ജെ.പി. ഭരിക്കുന്ന കേന്ദ്ര സർക്കാർ നടത്തിയ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ഐക്യനിരയായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം മാറിയിരുന്നുവെങ്കിലും, ഇപ്പോൾ ദുർബലമായിരിക്കുകയാണ്. രാജ്യതലസ്ഥാനത്ത് പരസ്പരം പോരടിച്ച് തളരുകയാണ് ഇരു പാർട്ടികളും.
‘കെജ്‌രിവാള്‍ ജീ, ഇന്ത്യാ സഖ്യം നിങ്ങളോടൊപ്പമുണ്ട്. ഈ അനീതിക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടുമെന്നാണ്,’ മാസങ്ങൾക്ക് മുൻപ് മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രിയായ കെജ്‌രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ രാഹുല്‍ ഗാന്ധി പറഞ്ഞത്. അറസ്റ്റിന് ശേഷം കെജ്‌രിവാളിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യനേതാക്കൾ ഒരുമിച്ച് വേദി പങ്കിട്ടു. കെജ്‌രിവാള്‍ പുറത്തിറങ്ങിയ ശേഷവും പല വേദികളിലും രാഹുലും കെജ്‌രിവാളും കൈപിടിച്ച്, ഒത്തൊരുമയോടെ പ്രത്യക്ഷപ്പെട്ടു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് എട്ട് മാസത്തിനിപ്പുറം, ആ കൂട്ടുകാര്‍ ബദ്ധശത്രുക്കളായി, പരസ്പരമുള്ള ആരോപണങ്ങളുടെ മൂർച്ച കൂടി. ഒരിക്കൽ നിരപരാധിയെന്ന് വിശേഷിപ്പിച്ച കെജ്‌രിവാളിനെ, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണസമയത്ത് രാഹുല്‍ ആക്രമിച്ചത് മദ്യനയ അഴിമതിക്കേസിലെ സൂത്രധാരനെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ്.
ഇത് കേവലം കെജ്‌രിവാളും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള തർക്കത്തിന്റെ പ്രശ്‌നമല്ല, ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യമെന്ന സാധ്യത തേടി രൂപംകൊണ്ട മുന്നണിയാണ് തകർന്ന് തരിപ്പണമായിരിക്കുന്നത്. 'രാജ്യത്തിന്റെ സുരക്ഷിത ഭാവിക്ക് വേണ്ടി' എന്ന അവകാശവാദവുമായി രൂപീകരിക്കപ്പെട്ട ഇന്ത്യാ സഖ്യം, നിലംപതിക്കുന്ന കാഴ്ചയാണ് രാജ്യതലസ്ഥാനത്തുനിന്ന് നമ്മൾ കാണുന്നത്.
എങ്ങനെയായിരുന്നു ആ തകർച്ച? ഏറെ നിർണായകമായ ബിഹാർ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, എന്തായിരിക്കും ഇനി ഇന്ത്യാ സഖ്യത്തിന്റെ ഭാവിയെന്ന ചോദ്യവും ഉയരുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം, സഖ്യത്തിന്റെ ഭാവി സംബന്ധിച്ച് ഒരു തവണ പോലും ഇന്ത്യാ സഖ്യം കൂടിയിരുന്ന് ആലോചിച്ചിട്ടില്ല എന്നതില്‍ തുടങ്ങുന്നു കാര്യങ്ങൾ. ഇതിനോടാണ് കോൺഗ്രസ് ഇതര സഖ്യകക്ഷി നേതാക്കളുടെ ചില പ്രസ്താവനകളെ കൂട്ടിച്ചേർക്കേണ്ടത്. ഇന്ത്യാ സഖ്യം ഇതുവരെയായും ഒരു കൂടിക്കാഴ്ച പോലും നിശ്ചയിച്ചിട്ടില്ലെന്നും, ആരാണ് നയിക്കുകയെന്ന ഒരു വിവരവും ഞങ്ങൾക്കില്ലെന്നും തുറന്നുപറഞ്ഞത് ജമ്മു-കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയാണ്. കാശ്മീരിൽ അധികാരത്തിലുള്ളത് ഇന്ത്യാ സഖ്യമാണ്.
സഖ്യത്തിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ ആർജെഡിയും ഇന്ത്യാ സഖ്യത്തിന്റെ ആവശ്യകതയെ ചോദ്യം ചെയ്ത് തുടങ്ങിയിരുന്നു. ഇന്ത്യാ സഖ്യം ലോക്സഭാ തിരഞ്ഞെടുപ്പിന് മാത്രമുള്ളതാണെന്നും സംസ്ഥാനങ്ങളിൽ അതാവശ്യമില്ല എന്നുമായിരുന്നു തേജസ്വി പറഞ്ഞത്. തൊട്ടുപിന്നാലെ തന്റെ ബിഹാർ സന്ദർശനത്തിനിടെ രാഹുല്‍ തേജസ്വിയെ നേരിട്ട് കണ്ട് സഖ്യമുറപ്പിച്ചു.
ഡൽഹിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇന്ത്യാ സഖ്യകക്ഷികളായ ആം ആദ്മിയും കോൺഗ്രസും ഒറ്റയ്ക്കൊറ്റയ്ക്കെന്ന തീരുമാനമെടുത്തത് പോലും, പരസ്പരം കൂടിയാലോചനകൾ ഇല്ലാതെയായിരുന്നു. ഫലമോ, രാജ്യതലസ്ഥാനത്ത് കോൺഗ്രസ് ഒറ്റപ്പെട്ടു.
സഖ്യകക്ഷികളായ സമാജ്‌വാദി പാർട്ടിയും തൃണമൂലും അടക്കമുള്ളവർ കെജ്‌രിവാളിന് പിന്തുണ നൽകി, യഥാർത്ഥ ഇന്ത്യാ സഖ്യമായി. ഒരുമിച്ച് നിന്നവർ കീരിയും പാമ്പുമായി. ഒരിടയ്ക്ക് രാഹുലിനെ മാറ്റി, മമത നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആഹ്വാനം പോലും സഖ്യത്തിൽ ഉയർന്നത് വലിയ ഒരു ഭിന്നതയുടെ സൂചനയായിരുന്നു. പാർലമെന്റിലെ ഒന്നിച്ചുള്ള പ്രതിഷേധങ്ങളിലും ആശയഭിന്നത വന്നതും, സഖ്യകക്ഷികൾ പലരും പല തട്ടിലായതും, ‘ഇന്ത്യ’യുടെ പരിക്ക് ഇരട്ടിയാക്കി.
കോൺഗ്രസ് പുലർത്തിപ്പോന്ന മേൽക്കോയ്മ മനോഭാവവും ഇന്ത്യാ സഖ്യത്തെ ദുർബലമാക്കിയിരുന്നു. ഹരിയാനയിൽ സഖ്യം വേണ്ടന്ന് ആവർത്തിച്ച ശേഷം ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസ് ദയനീയമായി തോൽക്കുകയായിരുന്നു. കാലങ്ങളായി മോശം പ്രകടനം നടത്തിപ്പോന്നിരുന്ന കശ്മീരിലും മഹാരാഷ്ട്രയിലും, ദേശീയ പാർട്ടിയെന്ന പേര് പറഞ്ഞ് കോൺഗ്രസ് വിലപേശിയതും സഖ്യത്തിൽ കല്ലുകടി ഉണ്ടാക്കി. കോൺഗ്രസ് തങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്കായി, പൊതുജനസമ്മതിയുള്ള പ്രാദേശിക പാർട്ടികളെ ഉപയോഗിക്കുന്നുവെന്ന ആക്ഷേപവും ശക്തമായി. ഇത്തരത്തിൽ 2024 ജൂണിന് ശേഷം ഉണ്ടായ അനേകം പ്രതിസന്ധികളുടെ ആകെത്തുകയാണ് ഇന്ത്യാ സഖ്യം ഇപ്പോൾ നേരിടുന്ന ഈ തകർച്ച. ഡൽഹി ആ മുറിവിൽ നീറ്റലുണ്ടാക്കിയെന്ന് മാത്രം.
ഇനി വരുന്നത് ബിഹാർ തെരഞ്ഞെടുപ്പാണ്. വർഷങ്ങളായി സഖ്യകക്ഷി ഭരണ സമ്പ്രദായമുള്ള സംസ്ഥാനം. ഇന്ത്യാ സഖ്യം ഉണ്ടാകുമെങ്കിൽ, അവരുടെ യഥാർത്ഥ ബലപരീക്ഷണം നടക്കേണ്ട സംസ്ഥാനമാണിത്. 1990ന് ശേഷം ബിഹാറിൽ അമ്പേ തകർന്ന കോൺഗ്രസ്, സഖ്യകക്ഷി രാഷ്ട്രീയത്തിലൂടെ മാത്രമാണ് നിലനിൽക്കുന്നത്. വർഷങ്ങളായി നിലനിൽക്കുന്ന കൂട്ടായ്മയെന്ന നിലയില്‍, ബിഹാറിൽ സഖ്യമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. പക്ഷെ തർക്കം ഇങ്ങനെ തുടരുകയാണെങ്കിൽ, ആ സഖ്യം 'ഇന്ത്യാ സഖ്യം' തന്നെയാകുമോയെന്ന കാര്യം മാത്രമാണ് അറിയേണ്ടത്.
ഈ ലേഖനം പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
The India Alliance faces internal fractures as the opposition parties struggle with trust issues and conflicts, especially in Delhi and Bihar, threatening its unity.
#IndiaAlliance #DelhiElection #OppositionUnity #BiharElection #Congress #AAP