K Radhakrishnan | കെ രാധാകൃഷ്ണന്‍ കനല്‍ ഒരുതരിയായി സാന്നിധ്യമറിയിച്ചുവെങ്കിലും രണ്ടാം പിണറായി സര്‍ക്കാരിന്‌ നഷ്ടമായത് മികച്ച മന്ത്രിയെ 

 

 
lok sabha polls k. radhakrishnan saves ldf's face in kerala
lok sabha polls k. radhakrishnan saves ldf's face in kerala


20143 വോട്ടുകളുടെ  ഭൂരിപക്ഷം നേടിയാണ് കെ രാധാകൃഷ്ണന്റെ വിജയം

കണ്ണൂര്‍: (KVARTHA) ആലത്തൂരില്‍ സിറ്റിംഗ് എംപി രമ്യ ഹരിദാസിനെ തോല്‍പിച്ചു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കെ രാധാകൃഷ്ണന്‍ സി.പി.എം നേതൃത്വത്തിന്റെ പ്രതീക്ഷ കാത്തുവെങ്കിലും രണ്ടാംപിണറായി സര്‍ക്കാരിന് നഷ്ടമായത് ക്ലീൻ ഇമേജും ഭരണനൈപുണ്യവുമുളള മികച്ച മന്ത്രിയെ. കഴിഞ്ഞ തവണ രമ്യ ഹരിദാസ് 'പാട്ടും പാടി' ജയിച്ച മണ്ഡലമാണ് ഇത്തവണ കെ രാധാകൃഷ്ണനൊപ്പം ചേര്‍ന്നത്. 20143 വോട്ടുകളുടെ  ഭൂരിപക്ഷം നേടിയാണ് കെ രാധാകൃഷ്ണന്റെ വിജയം.

2019ല്‍ 5,33,815 വോട്ട് നേടിയാണ് കോണ്‍ഗ്രസ് നേതാവ് രമ്യ ഹരിദാസ് വിജയിച്ച് കയറിയത്. സിപിഎം സ്ഥാനാര്‍ത്ഥി പി കെ ബിജു അന്ന് നേടിയത് 3,74,847 വോട്ടുകളാണ്. 1,58,968 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച രമ്യ ഹരിദാസിന്റെ കൈയ്യില്‍ നിന്നാണ് ആലത്തൂര്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരിക്കുന്നത്. 2014ല്‍ സിപിഎമ്മിനൊപ്പം നിന്ന മണ്ഡലം 2019ല്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. 2014ല്‍ 4,11,808 വോട്ടുകള്‍ നേടിയാണ് പി കെ ബിജു ജയിച്ചത്. പികെ ബിജുവിനെ അട്ടിമറിച്ച് രമ്യ ഹരിദാസ് നേടിയ വിജയം വീണ്ടും അട്ടിമറിയിലൂടെ സിപി എമ്മിന് തിരികെ കിട്ടുകയാണ്.

നിലവില്‍ മന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റിയംഗവുമായ രാധാകൃഷ്ണന്‍ വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. നാല് തവണ നിയസഭ അംഗമായി. അതും ഒരേ മണ്ഡലമായ ചേലക്കരയില്‍. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. 2008ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി. 2018ല്‍ കേന്ദ്രക്കമ്മിറ്റിയംഗവും. 1991ല്‍ വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാണ് പാര്‍ലമെന്ററി ജീവിതത്തിന് തുടക്കമിട്ടത്.

1996ലാണ് ആദ്യമായി ചേലക്കരയില്‍ നിന്ന് നിയമസഭയിലെത്തിയത്. തുടര്‍ന്ന് 2001, 2006, 2011, 2021ലും വിജയിച്ചു. 1996ല്‍ ആദ്യമായി നിയമസഭയിലെത്തിയ രാധാകൃഷ്ണന്‍ നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി -വര്‍ഗ ക്ഷേമമന്ത്രിയായി. 2001ല്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി. 2006 ല്‍ നിയമസഭാ സ്പീക്കറുമായി.
സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചിരുന്നു. 

ദളിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ്, ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന കളിമണ്‍ പാത്ര നിര്‍മാണ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ചേലക്കര തോന്നൂര്‍ക്കര വടക്കേവളപ്പില്‍ എം സി കൊച്ചുണ്ണിയുടെയും ചിന്നയുടെയും മകനായി 1964 മെയ് 24ന് പുള്ളിക്കാനത്ത് ജനനം. കൊച്ചുണ്ണി പുള്ളിക്കാനത്ത് തോട്ടം തൊഴിലാളിയായിരുന്നു. തോന്നൂര്‍ക്കരയില്‍ അമ്മ ചിന്നയോടൊപ്പമാണ് നിലവില്‍ താമസം. അവിവാഹിതനാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia