KC Venugopal | കോൺഗ്രസിന്റെ ഉജ്വല തിരിച്ചുവരവും ഇൻഡ്യയുടെ മിന്നും ജയവും; വെളിപ്പെട്ടത് കെ സി വേണുഗോപാലിന്റെ സമാനതകളില്ലാത്ത സംഘടനാ പാടവം 

​​​​​​​

 
kc venugopals unparalleled organizational skills



എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് കെ സി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിര്‍ണായക സ്വാധീനം അറിയിച്ചത്

ആലപ്പുഴ: (KVARTHA) കോൺഗ്രസിന്റെയും ഇൻഡ്യ മുന്നണിയുടെയും തിളക്കമാർന്ന വിജയത്തിന് പിന്നിൽ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ സമാനതകളില്ലാത്ത സംഘടനാ ഏകോപനവും നിർണായകമായി. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കെ സി വേണുഗോപാല്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം, നഷ്ടകാലത്തിന്റെ പേരിലുള്ള പഴികളാണ്. സംഘടനാപരമായി പതിറ്റാണ്ടുകളിലായി നേരിടുന്ന പ്രശ്‌നങ്ങളും പ്രാദേശിക നേതാക്കളുടെ സ്വരചേര്‍ച്ചയില്ലായ്മയും ബിജെപിയുടെ പണാധിപത്യവും മൂലം ചില സംസ്ഥാനങ്ങള്‍ കയ്യില്‍ നിന്ന് പോയതിന്റെ പേരില്‍ പഴിയത്രയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനായിരുന്നു. കൃത്യമായി പറഞ്ഞാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ലക്ഷ്യമിട്ടാണ് കൂരമ്പുകള്‍ തൊടുത്തത്.

എന്നാല്‍ കെ സി തന്നെ മുന്നിട്ടിറങ്ങി വിജയ കിരീടം ചൂടിയ ചരിത്രം ബോധപൂര്‍വം  മറച്ചുവെക്കുകയായിരുന്നു മാധ്യമങ്ങള്‍ പലതും. കര്‍ണാടകയിലെയും തെലങ്കാനയിലെയും ഹിമാചലിലെയും മിന്നുന്ന വിജയങ്ങളും മഹാരാഷ്ട്രയിലും ബീഹാറിലും ജാര്‍ഖണ്ഡിലും കൂട്ടുകക്ഷി സര്‍ക്കാരുകള്‍ ഉണ്ടാക്കിയതുമെല്ലാം കെ സിയുടെ കാലത്താണെന്നത് ബോധപൂര്‍വം മറച്ചു വെച്ചു. സംഘടനാ രംഗത്തും ഭരണരംഗത്തും ഒരുപോലെ പരിചയമുള്ള നേതാവ് എന്ന സവിശേഷതയാണ് കെ സിയെ വേറിട്ട് നിര്‍ത്തുന്നത്. കെ എസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റ് പദവി അലങ്കരിച്ച കാലം മുതല്‍ ആ സംഘടനാ മികവ് കേരളം കണ്ടതാണ്. സംസ്ഥാന, കേന്ദ്ര മന്ത്രിസഭകളില്‍ അംഗമെന്ന നിലയില്‍ ഭരണപാടവവും നിയമസഭയിലും ലോക്‌സഭയിലും രാജ്യസഭയിലും പ്രകടമായ പാര്‍ലമെന്ററി പ്രവര്‍ത്തന മികവും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെ സിക്ക് എ പ്ലസ് നല്‍കി.

എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് കെ സി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിര്‍ണായക സ്വാധീനം അറിയിച്ചത്. 2017 മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ കെ സി സംഘടനയില്‍ കൈവരിച്ച പദവികളെല്ലാം ഘട്ടംഘട്ടമായാണ്. 2017 മുതല്‍ 19 വരെ കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന കെ സി നിലവില്‍ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ രാജ്യമെങ്ങും ശ്രദ്ധിക്കപ്പെടുന്നു. ഈ പദവി വഹിക്കുന്ന ആദ്യ മലയാളിയാണെന്നത് പ്രത്യേകതയാണ്.

ഭരണചക്രത്തിലും സമരമുഖത്തും മാത്രമല്ല, സംഘാടനത്തിലെ മികവ് കൊണ്ടും കെ.സി വേറിട്ട് നിന്നു. കര്‍ണാടക, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തെലുങ്കാന ഉള്‍പ്പെടെയുള്ള സര്‍ക്കാരുകളുടെ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചത് കെ സിയായിരുന്നു. പണമൊഴുക്കിയും ഭീഷണിപ്പെടുത്തിയും ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുന്ന കാലത്തും തളരാതെ മുന്നോട്ടുപോകാന്‍ കെ സിക്ക് സാധിക്കുന്നുവെന്നത് വലിയ കാര്യമാണെന്ന് പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രീയ എതിരാളികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രക്ഷോഭം, പൗരത്വഭേദഗതി നിയമ ഭേദഗതിക്കെതിരായ പ്രതിരോധം, രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം സസ്‌പെന്‍ഡ് ചെയ്തതിനെതിരായ രാജ്യവ്യാപക പ്രക്ഷോഭം, അസമിലെ ബിജെപി സര്‍ക്കാര്‍ ഭാരത് ജോഡോ ന്യായ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത സമരപരമ്പരകള്‍ക്ക് നേതൃത്വം നല്‍കി കെ സി വേണുഗോപാല്‍ മോദി സര്‍ക്കാറിന്റെ കണ്ണിലെ കരടായി മാറി. 

വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സ്‌നേഹ സന്ദേശവുമായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നാലായിരം കിലോമീറ്ററോളം രാഹുല്‍ഗാന്ധി പദയാത്രയായി സഞ്ചരിച്ച 'ഭാരത് ജോഡോ യാത്ര' യുടെ മുഖ്യ സംഘാടകനും കെ സി വേണുഗോപാലായിരുന്നു. വൈവിധ്യങ്ങളിലൂടെയും ബഹുസ്വരതയിലൂടെയും ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് ഒരു മനുഷ്യന്‍ കാല്‍നടയായി സഞ്ചരിച്ച, കോണ്‍ഗ്രസിനെയും രാജ്യത്തെയും വീണ്ടെടുക്കാനുള്ള രാഷ്ട്രീയ മുന്നേറ്റത്തിലേക്ക് വഴിയൊരുക്കിയ ബുദ്ധികേന്ദ്രമാണ് കെ സിയെന്ന് പറയാം. 

പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കുവാന്‍ എത്തിയത് പോലുള്ള നാടകങ്ങള്‍ അരങ്ങേറുമ്പോള്‍, കന്യാകുമാരി കടല്‍ത്തിരകള്‍ തഴുകിയ പാദങ്ങള്‍ ഇന്ത്യയെ എത്ര പവിത്രമായാണ് തൊട്ടതെന്ന് രാജ്യം തിരിച്ചറിയുന്നു. രാഹുലിന്റെ യാത്ര വിജയിക്കുമോ എന്ന് രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും സന്ദേഹിച്ച ഘട്ടത്തില്‍ പിഴവുകളില്ലാതെ അവ ആസൂത്രണം ചെയ്തത് കെ സിയായിരുന്നു. എസി മുറിയിലിരുന്ന് ആസൂത്രണം ചെയ്യുകയായിരുന്നില്ല കെ സി ചെയ്തത്. നൂറുദിവസത്തോളമാണ് രാഹുലിന്റെ യാത്രയ്ക്ക് ഒപ്പം കെ സിയും നടന്നത്. മണിപ്പൂരില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് രാഹുല്‍ഗാന്ധി നയിച്ച 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ പ്രധാന ആസൂത്രകനും കെ സിയായിരുന്നു. ഈ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന്റെ ബലവും അടിത്തറയും രൂപപ്പെടുത്തിയതില്‍ ഈ ചരിത്രയാത്രകളുടെ പങ്ക് ചെറുതല്ല. 

ദേശീയ രാഷ്ട്രീയത്തില്‍ മൂന്ന് എഐസിസി പ്രസിഡന്റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയ സമ്പത്തുമായാണ് കെ സി വേണുഗോപാല്‍ ഇന്ത്യാ മുന്നണി സംവിധാനത്തിന് ചുക്കാന്‍ പിടിക്കുന്നത്. 'ഇന്ത്യ' മുന്നണിയുടെ പ്രധാന സംഘാടകനും ആസൂത്രകനും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവുമാണ് ഇദ്ദേഹം. 26 പ്രതിപക്ഷ പാര്‍ട്ടികളെ ഒരേ വേദിയില്‍ അണിനിരത്തിയ മാസ്റ്റര്‍ മൈന്‍ഡാണ് കെ സി യെന്ന് നിസംശയം പറയാം. ഒരു പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ പോലും കൃത്യമായി പരിഹരിക്കാന്‍ കഴിയാത്തവര്‍ അത്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു കെസി വേണുഗോപാലിന്റെ നയതന്ത്ര മികവിനെ. തെരഞ്ഞെടുപ്പെത്തും മുന്നേ അടിച്ചുപിരിയുമെന്ന് സകലരും സ്വപ്നം കണ്ട ഇന്ത്യാ മുന്നണിയെ കൃത്യമായ സീറ്റ് വിഭജനത്തിലൂടെയും നയങ്ങളിലൂടെയും കരയ്ക്കടുപ്പിച്ചത് അതേ സംഘാടനാ പാടവം തന്നെയാണ്.

തെക്കേ അറ്റത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുതല്‍ എന്‍സിപി നേതാവ് ശരദ് പവാര്‍, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുതല്‍ കാശ്മീരിലെ ഫാറൂഖ് അബ്ദുല്ല വരെ നീളുന്ന നേതാക്കളുമായുള്ള ദൃഢബന്ധവും ഏതു സമയത്തും അവരുമായി പ്രശ്‌ന പരിഹാരത്തിനും പരിപാടികള്‍ ഏകോപിപ്പിക്കാനുമുള്ള വ്യക്തിബന്ധവും വേണുഗോപാലിന്റെ നയതന്ത്ര മികവിന് സാക്ഷ്യമാണ്. കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ സമ്മര്‍ദവും അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഭീഷണിയും അതിജീവിച്ചാണ് ഇതിനു നേതൃത്വം നല്‍കുന്നത് എന്നതും ചെറിയ കാര്യമല്ല. ഒപ്പം നിന്ന നേതാക്കളില്‍ പലരെയും ബിജെപി റാഞ്ചിയപ്പോഴും തന്റെ നിലപാടിലും കാഴ്ചപ്പാടിലും ഒട്ടും വെള്ളം ചേര്‍ക്കാത്ത കെ സി വേണുഗോപാല്‍ ആത്മാഭിമാനമുള്ള മലയാളിയുടെ ദൃഷ്ടാന്തമാണ്. വര്‍ത്തമാന ദേശീയ രാഷ്ട്രീയത്തില്‍ അപൂര്‍വം ചിലര്‍ക്ക് മാത്രം സാധ്യമാവുന്ന കാര്യമാണിതെന്നും എടുത്തു പറയാം.

അഞ്ചുവര്‍ഷം മുമ്പ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി എഐസിസിയുടെ തലപ്പത്തേക്ക് എത്തുമ്പോള്‍ തകര്‍ന്നു തരിപ്പണമായിക്കിടന്നിരുന്ന കോണ്‍ഗ്രസില്‍ നിന്ന് ഇന്ന് ഏത് അതിശക്തനേയും മലര്‍ത്തിയടിക്കാനുള്ള ആത്മവിശ്വാസത്തിലേക്ക് കോണ്‍ഗ്രസ് വളര്‍ന്നെങ്കില്‍ അതിന് പുറകിലും ഇതേ കെ സിയാണ്. തോല്‍വിയില്‍ നിരാശപ്പെടുകയോ അസ്വസ്ഥനാകുകയോ ചെയ്യാതെ 100 ശതമാനം  ആത്മാര്‍ത്ഥതയോടെ സ്വന്തം കര്‍ത്തവ്യം നിര്‍വ്വഹിക്കുന്ന ഈ മനുഷ്യന്‍ വിജയങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ കലഹിക്കാറില്ല. കെ സി യുടെ സംഘാടന മികവില്‍ ഭാരത് ജോഡോ യാത്രകളും  ഉയര്‍പൂര്‍ ചിന്തന്‍ ശിബിറും പ്ലീനറിയും തെരഞ്ഞെടുപ്പുമൊക്കെ വിജയകരമായി കടന്നുപോയത് ദേശീയ രാഷ്ട്രീയം കൗതുകപൂര്‍വം നിരീക്ഷിച്ചതാണ്. 

ഒട്ടും നിസ്സാരനല്ലാത്ത എതിരാളിയില്‍ നിന്ന് ആലപ്പുഴ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന്റെ മുന്നിലുണ്ടായിരുന്ന ഏക വഴി കെ സിയുടെ സ്ഥാനാര്‍ത്ഥിത്വമായിരുന്നു. അമേത്തിയിലും റായ്ബറേലിയിലും നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലും തുടങ്ങി വടകരയില്‍ വരെ 'സര്‍പ്രൈസ്' സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച രാഷ്ട്രീയ ചാണക്യന്‍ സ്വയം ആലപ്പുഴയിലെ അങ്കത്തട്ടിലേക്കിറങ്ങുകയായിരുന്നു. ലോക്സഭയില്‍ പരമാവധി അംഗങ്ങളെ ഒറ്റയ്ക്ക് വിജയിപ്പിക്കുക എന്ന കോണ്‍ഗ്രസ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ചത്. ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ഒറ്റകക്ഷിയെയാണ് രാഷ്ട്രപതി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുക എന്നതുകൊണ്ട് തന്നെ കോണ്‍ഗ്രസിനും ഇന്ത്യയ്ക്കും വേണ്ടി കളത്തിലിറങ്ങാതിരിക്കാന്‍ കെ സിക്ക് ആകുമായിരുന്നില്ല. 

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കമ്മിറ്റികളുടെ പുനഃസംഘടനയും ഓരോ സംസ്ഥാനത്തെയും സീറ്റ് ചര്‍ച്ചകളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ഇന്ത്യാ മുന്നണിയുടെ സീറ്റ് വിഭജനവുമൊക്കെ ഈ കൈകളില്‍ ഭദ്രമായിരുന്നു. കോണ്‍ഗ്രസിനോ സഖ്യത്തിലെ പാര്‍ട്ടികള്‍ക്കോ മുഷിച്ചിലിനിട വരുത്താതെ അര്‍ഹതപ്പെട്ട സീറ്റുകള്‍ കൃത്യമായി വിഭജിച്ചത് സുശക്തമായി, ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇന്ത്യ സഖ്യത്തെ സഹായിച്ചെന്നത് വിസ്മരിക്കാനാകില്ല. ആള്‍ക്കൂട്ടങ്ങളുടെ നായകന്‍ മാത്രമല്ല കെ സി, അടിസ്ഥാന വര്‍ഗത്തെ ചേര്‍ത്തുനിര്‍ത്തി അവരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കരുതലും കാവലുമാണ് കെ സിയെന്ന് രാഷ്ട്രീയ ശത്രുക്കള്‍ പോലും ശരി വയ്ക്കുന്നു. രാജ്യത്തിന്റെ ഹൃദയത്തിലേറ്റ മുറിവില്‍ മരുന്ന് പുരട്ടാന്‍ ശേഷിയുള്ള മറ്റൊരാശയവുമായി, ശബ്ദകോലാഹലങ്ങളില്ലാതെ വീണ്ടും കോണ്‍ഗ്രസിനെ നെഞ്ചിലേറ്റി അയാള്‍ നടക്കുകയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia