Politics | ഇനി വേറെ വേറെ പോവാം, കേരളത്തിലും ആര്‍എസ്എസ് ബിജെപിയെ കൈവെടിയുന്നുവോ? പാര്‍ട്ടിയില്‍ നിന്നും പ്രചാരകനെ പിന്‍വലിച്ച് മുന്നറിയിപ്പ്


വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടപെടുകയോ പ്രവര്‍ത്തിക്കുകയോ വേണ്ടെന്നാണ് ആര്‍.എസ്.എസിന്റെ തീരുമാനമെന്ന് അറിയുന്നു
നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് (LSGI Election) മുന്നോടിയായി രാഷ്ട്രീയ സ്വയംസേവക് സംഘ് (RSS) കേരളത്തിലെ ബി.ജെ.പിയിലെ (BJP) സംഘടനാസംവിധാനത്തില്‍ നിന്നും പൂര്‍ണമായി പിന്‍വലിയുന്നതായി സൂചന. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടപെടുകയോ പ്രവര്‍ത്തിക്കുകയോ വേണ്ടെന്നാണ് ആര്‍.എസ്.എസിന്റെ തീരുമാനമെന്ന് അറിയുന്നു.
നൂറുവര്‍ഷം തികയുന്ന സംഘത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചു രാജ്യമാകെ സജീവമാകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലെ പ്രചാരകരോടും മുഴുവന്‍ സമയസംഘടനാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവാന്‍ നാഗ്പൂരില്‍ നിന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍നിന്നും ബി.ജെ.പിയില്‍ നിന്നും പ്രചാരകരെ പിന്‍വലിക്കുന്നത്.
എന്നാല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തല്‍സ്ഥാനത്തു നിന്നും മാറ്റാത്തതിലുളള അതൃപ്തി ആര്‍.എസ്.എസിനുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ഉന്നത നേതാക്കള്‍ നല്‍കുന്ന വിവരം. ബി.ജെ.പിക്കായി ആര്‍.എസ്.എസ് വിട്ടുകൊടുത്ത പ്രചാരകനായ സംഘടനാ ജനറല്‍ സെക്രട്ടറി കെ സുഭാഷിനെ പിന്‍വലിച്ചതോടെയാണ് യു.പിയിലെപ്പോലെ കേരളത്തിലും ആര്‍.എസ്.എസ് - ബി.ജെ.പി തര്‍ക്കമുണ്ടോയെന്ന അഭ്യൂഹം പരന്നത്.
കഴിഞ്ഞ ദിവസം എറണാകുളത്ത് പ്രാന്തസംഘ ചാലക് കെ കെ ബാലറാമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ആര്‍. എസ്. എസ് യോഗത്തിലാണ് സുഭാഷിനോട് സംഘത്തിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചത്. ഉത്തരകേരള പ്രാന്തത്തിന്റെ സഹസമ്പര്‍ക്ക പ്രമുഖായാണ് സുഭാഷിനെ നിയോഗിച്ചിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞാല്‍ സുപ്രധാനപദവിയാണ് സംഘടനാ ജനറല്‍ സെക്രട്ടറി. ആര്‍.എസ്.എസ് വിട്ടുകൊടുക്കുന്ന പ്രചാരകരാണ് ഈസ്ഥാനം വഹിച്ചിരുന്നത്. പരിവാര്‍ സംഘടനകളെന്ന നിലയില്‍ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും ബന്ധിപ്പിച്ചിരുന്ന പദവിയാണിത്.
സാധാരണ അഖില ഭാരതീയ പ്രചാരക് ബൈഠക്കിലാണ് പ്രാന്തീയ ചുമതലയുളള പ്രചാരകന്‍മാരുടെ പദവികള്‍ മാറ്റുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ബി.ജെ.പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി പദവി വഹിക്കുന്ന കെ സുഭാഷിനെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തല്‍ക്കാലം മാറ്റേണ്ടതില്ലെന്നായിരുന്നു തീരുമാനം. എന്നാല്‍ അതിനു കടകവിരുദ്ധമായാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പകരം പ്രചാരകനെ ബി.ജെ.പിക്ക് വിട്ടുകൊടുക്കാത്തതും അസ്വാഭാവിക നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
അന്തരിച്ച നേതാവ് പി പി മുകുന്ദനാണ് ഏറെക്കാലം സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത്. അതിനു ശേഷം എ.ബി.വി.പിയുടെ ദേശീയ ചുമതലയുണ്ടായിരുന്ന ആര്‍.എസ്.എസ് പ്രചാരക് കെ.ആര്‍ ഉമാകാന്താണ് ആ പദവിയിലേക്ക് എത്തിയത്. പിന്നീട് കെ ഗണേഷ് സംഘടനാജനറല്‍ സെക്രട്ടറിയായി മാറി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി ഒരുങ്ങികൊണ്ടിരിക്കെ ആര്‍.എസ്.എസ് പിന്‍തുണ നഷ്ടമാകുന്നത് ബി.ജെ.പിക്ക് ക്ഷീണം ചെയ്‌തേക്കുമെന്ന വിലയിരുത്തലുമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് മുന്‍കാലങ്ങളിലേതു പോലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കായി സജീവരംഗത്തിറങ്ങിയിരുന്നില്ലെന്നാണ് വിവരം.