Maharashtra | പേരും ചിഹ്നവും തട്ടിയെടുത്താൽ തകരുമെന്ന് കരുതിയോ? വിമതരെ കെട്ടുകെട്ടിച്ച് ഉദ്ധവും പവാറും; മഹാരാഷ്ട്രയിൽ ഇൻഡ്യയ്ക്ക് മിന്നും നേട്ടം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
യഥാർത്ഥ ശിവസേനയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും തങ്ങളുടേതാണെന്ന് തെളിയിക്കുന്ന ഫലം
മുംബൈ: (KVARTHA) അവരുടെ പാർട്ടികൾ പിളർന്നു, ചിഹ്നങ്ങൾ തട്ടിയെടുത്തു, പേരുകൾ മാറ്റി, എന്നാൽ ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും യഥാർത്ഥ ശിവസേനയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും തങ്ങളുടേതാണെന്ന് തെളിയിക്കുന്ന ഫലമാണ് മഹാരാഷ്ട്രയിൽ നിന്നുണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ അവസാനിക്കാറാകുമ്പോൾ, ഉദ്ധവ് താക്കറെ വിഭാഗം 10 സീറ്റുകളിലും പവാറിൻ്റെ എൻസിപി ഏഴ് സീറ്റുകളിലും ലീഡ് ചെയ്യുന്നു.
മറുവിഭാഗങ്ങളായ ഏകനാഥ് ഷിൻഡെയുടെ ശിവസേന ആറ് സീറ്റിലും അജിത് പവാറിൻ്റെ എൻസിപി ഒരു സീറ്റിലുമാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് 12 ഇടത്തും ബിജെപി 11 സീറ്റിലും ലീഡ് ചെയ്യുന്നു.
സംസ്ഥാനത്ത് ആകെയുള്ള 48 സീറ്റുകളിൽ ഇൻഡ്യ സഖ്യം 29 സീറ്റുകളിലും എൻഡിഎ 18 സീറ്റുകളിലും മുന്നിലാണ്. ഉദ്ധവ് താക്കറെ വിഭാഗം മണ്ഡലങ്ങളിൽ ലീഡ് ചെയ്യുമ്പോൾ ഓഫീസിന് പുറത്ത് ഉയർന്ന പോസ്റ്ററുകളിൽ വാചകം, 'ആരുടേതാണ് യഥാർത്ഥ സേന? ജനങ്ങൾ കാണിച്ചു തന്നു', എന്നായിരുന്നു.
2019-നെ അപേക്ഷിച്ച് എൻഡിഎയ്ക്ക് വലിയ തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. 2019ൽ ബിജെപിയും ശിവസേനയും സഖ്യത്തിലായിരുന്നു. 48-ൽ 41 സീറ്റുകളും അവർ ഒരുമിച്ച് നേടി. എൻസിപിക്ക് നാലും കോൺഗ്രസിന് ഒരു സീറ്റുമാണ് അന്ന് ലഭിച്ചത്. പിന്നീട് ആ വർഷം അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം തൂത്തുവാരി, എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സഖ്യം തകർന്നു. സർക്കാർ രൂപീകരിക്കാൻ താക്കറെ എൻസിപിയുമായും കോൺഗ്രസുമായും സഖ്യമുണ്ടാക്കി.
ഭരണം രണ്ടര വർഷം പിന്നിട്ടപ്പോൾ അടുത്ത സഹായിയും സേനയുടെ വിശ്വസ്തനുമായ ഏകനാഥ് ഷിൻഡെ സർക്കാരിനെ അട്ടിമറിക്കുകയും പാർട്ടിയെ പിളർത്തുകയും ചെയ്‌തു. ബിജെപിയുമായി സഖ്യമുണ്ടാക്കി ഷിൻഡെ മുഖ്യമന്ത്രിയുമായി. കോൺഗ്രസിൻ്റെയും താക്കറെയുടെയും എൻസിപിയുടെയും മഹാ വികാസ് അഘാഡി വീണ്ടും ഒന്നിച്ചപ്പോൾ മറ്റൊരു ഞെട്ടൽ കൂടി സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായി. എൻസിപിയുടെ മുതിർന്ന നേതാവ് ശരദ് പവാറിന് കുടുംബത്തിനുള്ളിൽ നിന്ന് തന്നെ കലാപം നേരിടേണ്ടി വന്നു. അനന്തരവൻ അജിത് പവാറിന്റെ നേതൃത്വത്തിൽ പാർട്ടി പിളർത്തി ഒരു വിഭാഗം ബിജെപിയുമായി ചേർന്ന് ഭരണത്തിൽ പങ്കാളികളായി. അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി.
പേരും ചിഹ്നവും തട്ടിയെത്തിട്ടും ഉദ്ധവിന്റേയും പവാറിന്റെയും പോരാട്ടം ഫലം കണ്ടെന്നാണ് ഇതുവരെയുള്ള ഫലസൂചനകൾ വ്യക്തമാക്കുന്നത്. ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തിഞ്ഞെടുപ്പിനുള്ള മഹാ വികാസ് അഘാഡിയുടെ ആത്മവീര്യത്തിന് വലിയ ഉത്തേജനം നൽകുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.
