Congress | കോൺഗ്രസ് കൂടുതൽ ഉണർന്നിരുന്നെങ്കിൽ ഇൻഡ്യ മുന്നണി ഭരണം പിടിക്കുമായിരുന്നു

 
If Congress had tried harder, INDIA Front would make government

ഭരിക്കുന്ന പാർട്ടിയായ ബി.ജെ.പിയ്ക്കും എൻ.ഡി.എയ്ക്കും എതിരെ ശക്തമായ ജനവികാരം അലയടിക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ മുന്നേറ്റം 

/ കെ ആർ ജോസഫ് 

(KVARTHA) ഇന്ത്യയിലെ ഭരണമുന്നണിക്കെതിരായി കോൺഗ്രസും മറ്റ് സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളും മുൻ കൈ എടുത്ത് രൂപീകരിച്ച ഇൻഡ്യ മുന്നണി (Indian National Developmental Inclusive Alliance) ഈ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് എതിരെ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ചവെച്ചത്. വോട്ടെണ്ണൽ സമയത്ത് കുറച്ചു സമയമെങ്കിലും എൻ.ഡി.എയ്ക്ക് മുകളിൽ എത്താൻ ഇൻഡ്യ മുന്നണിയ്ക്ക് കഴിഞ്ഞു എന്നത് നിസ്സാര കാര്യമല്ല. 400 സീറ്റിൽ വിജയിച്ച് വീണ്ടും അധികാരത്തിൽ എത്തുമെന്ന് പാടി പറഞ്ഞു നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും സ്വന്തം മണ്ഡലത്തിൽ ആദ്യ ഘട്ടത്തിൽ പിന്നോക്കം പോകുന്നതാണ് കണ്ടത്. ബി.ജെ.പിയ്ക്കും സഖ്യകക്ഷികൾക്കുമെതിരെ കോൺഗ്രസിൻ്റെയും ഒരോ സംസ്ഥാനങ്ങളിലെയും പ്രദേശിക കക്ഷികളുടെയും നേതൃത്വത്തിൽ ഇൻഡ്യ മുന്നണി രൂപീകരിച്ചിട്ട് കുറച്ചു നാളുകളെ ആയുള്ളു. ആ സഖ്യമാണ് ഇക്കുറി ബി.ജെ.പി യെയും സഖ്യ കക്ഷികളെയും ശരിക്കും വിറപ്പിച്ചത്. 

ശരിക്കും ഇത് ഇൻഡ്യ മുന്നണിയുടെ വിജയമാണ്. ഭരിക്കുന്ന പാർട്ടിയായ ബി.ജെ.പിയ്ക്കും എൻ.ഡി.എയ്ക്കും എതിരെ ശക്തമായ ജനവികാരം അലയടിക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ ഈ മുന്നേറ്റം കണ്ടത്. പലപ്പോഴും ഇൻഡ്യ മുന്നണിയെ ഈ രീതിയിൽ തിളക്കമാർന്ന നിലയിൽ എത്തിച്ചത് കോൺഗ്രസിനെക്കാളുപരി പ്രാദേശിക കക്ഷികളായിരുന്നു എന്ന് പറയാതെ തരമില്ല. തമിഴ് നാട്ടിൽ ഡി.എം.കെ.യും യു.പിയിൽ സമാജ് വാദി പാർട്ടിയും ബിഹാറിൽ ആർ.ജെ.ഡി.യും ആം ആദ്മി പാർട്ടിയും ഒക്കെ തന്നെയാണ് കോൺഗ്രസിനെക്കാൾ ഉപരി ബി.ജെ.പി ഇൻഡ്യ മുന്നണിയിലൂടെ പ്രതിരോധിച്ച് രംഗത്ത് വന്നത്. 

അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യ മാത്രമല്ല ഉത്തരേന്ത്യയിൽ പോലും വലിയ ചലനങ്ങൾ ഉണ്ടാക്കാൻ ഇൻഡ്യ മുന്നണിയ്ക്ക് കഴിഞ്ഞു എന്നതാണ് വാസ്തവം. കോൺഗ്രസിൻ്റെ മധ്യപ്രദേശിലും മഹാരാഷ്ട്രയിലും, യു.പിയിലും രാജസ്ഥാനിലും ഒന്നും കോൺഗ്രസിൻ്റെ വേരുകൾ 10 വർഷത്തെ ബി.ജെ.പി തരംഗത്തിൽ ഒലിച്ചു പോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ലോക്സഭാ തെരഞ്ഞെടുപ്പ്. കോൺഗ്രസ് ഭരണം നഷ്ടപ്പെട്ട ആലസ്യത്തിൽ നിന്ന് കുറച്ചു കൂടി ഒന്ന് ഉയർത്തെഴുന്നേറ്റിരുന്നെങ്കിൽ ഈ ഫലം മറ്റൊന്നാകുമായിരുന്നു. വരുന്ന അഞ്ച് വർഷം ഇൻഡ്യ മുന്നണി ഇവിടെ അധികാരത്തിൽ എത്തേണ്ടതായിരുന്നു എന്ന് ചിന്തിക്കുന്നവർ ഏറെയാണ്. 

ജനം ഭരണത്തിനെതിരെ ആയിരുന്നെങ്കിലും അവർക്കൊപ്പം നിന്ന് ശക്തമായ പ്രതികരിക്കേണ്ട പ്രതിപക്ഷ പാർട്ടികൾ സജീവമാകാതിരുന്നാൽ എന്ത് ചെയ്യും. അതാണ് ഇവിടെ സംഭവിച്ചത്. ജനങ്ങളുടെ നേർക്ക് എന്തുമാകാമെന്നുള്ള ഭരിക്കുന്ന പാർട്ടിയുടെ ദാര്‍ഷ്ട്യത്തിന് നേരെയുള്ള വിധിയെഴുത്താണ് ഫലത്തിൽ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. പക്ഷേ, ഇത്തരത്തിലുള്ള ഏകാധിപത്യ പാർട്ടിയെ ഭരണത്തിൽ നിന്ന് തൂത്തെറിയാൻ കഴിഞ്ഞില്ലെന്നത് വലിയൊരു പരാജയവും. അതിനുള്ള കാരണക്കാർ ഇന്ത്യയിലെ ഏറ്റവും വലിയ കക്ഷിയെന്ന് പറയുന്ന കോൺഗ്രസും അതിൻ്റെ നേതൃത്വവുമാണെന്ന് പറയാതെ തരമില്ല. കോൺഗ്രസ് കുറച്ചു കൂടി നേരത്തെ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ വലിയ ഫലം ഈ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയ്ക്ക് അനുകൂലമായി ഉണ്ടാകുമായിരുന്നു. 

രാഹുൽ ഗാന്ധി കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ അമേഠിയിൽ തന്നെ ഇക്കുറി അദ്ദേഹം മത്സരിക്കാനിറങ്ങിയിരുന്നെങ്കിൽ അത് പ്രവർത്തകർ വർദ്ധിത വീര്യത്തോടെ ഏറ്റെടുക്കുമായിരുന്നു. ഹിന്ദി മേഖലയിൽ അത് തരംഗമാകുമായിരുന്നു. പകരം അദ്ദേഹം അമേഠിയിൽ ഒരു സാധാരണക്കാരനെ നിർത്തി തനിക്ക് വിജയ സാധ്യതയുള്ള വയനാടും റായ് ബറേലിയും മത്സരത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. അമേഠിയിൽ ഇക്കുറി വിജയിച്ചത് കോൺഗ്രസ് സ്ഥാനാർത്ഥിയും. അത് രാഹുൽ ആയിരുന്നെങ്കിൽ അതിന് പ്രത്യേകമായി ഒരു തിളക്കം കൈവരുമായിരുന്നു. 

അതുപോലെ പൗരത്വബിൽ, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ ഭരണ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നപ്പോഴും കോൺഗ്രസിൻ്റെ ആലസ്യം നാം കണ്ടതാണ്. പ്രാദേശിക രാഷ്ടീയ പാർട്ടികൾ നടത്തിയ എതിർപ്പ് പോലും കോൺഗ്രസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്നതാണ് വാസ്തവം. ശരിക്കും ഇത് കോൺഗ്രസിൻ്റെ അല്ല, ഇൻഡ്യ മുന്നണിയിൽ ഉള്ള മറ്റ് പ്രാദേശിക പാർട്ടികളുടെ വിജയം എന്ന് വേണം വിശേഷിപ്പിക്കാൻ. കഴിഞ്ഞ തവണ പാർലമെൻ്റിൽ ഒരു ശക്തനായ പ്രതിപക്ഷ നേതാവ് പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. അത്രയ്ക്കായിരുന്നു പ്രതിപക്ഷ എം.പി മാരുടെ എണ്ണം. ഇത്തവണ എന്തായാലും അങ്ങനെ വരില്ല എന്നത് ഈ തെരഞ്ഞെടുപ്പിലെ അനുഗ്രഹം. അതിനാൽ വരുന്ന അഞ്ച് കൊല്ലം ഇച്ഛാശക്തിയൊടെ പ്രവർത്തിക്കാൻ കോൺഗ്രസിനും ഇൻഡ്യ മുന്നണിയ്ക്കും ആകട്ടെ. ഏകാധിപത്യമല്ല, ജനാധിപത്യമാണ് നമുക്ക് വേണ്ടത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia