CPM | ആയിരം സിംഹങ്ങളെ നയിക്കുന്ന കഴുതയാര്? സിപിഎമ്മിൽ തിരുത്തൽ വാദവുമായി ജി സുധാകരനും പി ജയരാജനും

 
g sudhakaran and p jayarajan argue for correction in cpm
g sudhakaran and p jayarajan argue for correction in cpm


രണ്ടാം പിണറായി സര്‍ക്കാരില്‍ ഏറെ പഴികേട്ട വകുപ്പുകളിലൊന്ന് ആഭ്യന്തരമാണ്

നവോദിത്ത് ബാബു 

കണ്ണൂർ: (KVARTHA) സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ ആയിരം കഴുതകളെ നയിക്കുന്ന സിംഹമാണ് ആയിരം സിംഹങ്ങളെ നയിക്കുന്ന കഴുതയെക്കാൾ ഭേദമെന്ന് തുറന്നടിച്ചത് സി.പി.എമ്മിൽ ചൂടേറിയ ചർച്ചയ്ക്കിടയാക്കി. തെരഞ്ഞെടുപ്പ് തോൽവിയിൽ ക്ഷീണിച്ച മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും പരോക്ഷമായി വിമർശിച്ചാണ് ആലപ്പുഴയിലെ മുതിർന്ന നേതാവായ ജി.സുധാകരൻ രംഗത്തു വന്നത്. കണ്ണൂരിലെ സംസ്ഥാന നേതാവായ പി.ജയരാജനും പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. 

ആലപ്പുഴയിൽ വി.എസ് അച്യുതാനന്ദൻ കഴിഞ്ഞാൽ ഏറ്റവും ജനപ്രിയനായ നേതാവാണ് ജി. സുധാകരൻ. കണ്ണൂരിലെ പാർട്ടി അണികൾക്കിടയിൽ വൻ സ്വീകാര്യത പി ജയരാജനുമുണ്ട്. ഇരുവരും ഒരേ സ്വരത്തിൽ പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരെ തിരിഞ്ഞത് വരും നാളുകളിൽ സി.പി.എമ്മിൽ രാഷ്ട്രീയ സമവാക്യങ്ങൾ തന്നെ മാറ്റിമറിച്ചേക്കാം. പണ്ടുകോണ്‍ഗ്രസില്‍ കെ കരുണാകരൻ നേരിട്ട സമാന സാഹചര്യമാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും നേരിടുന്നത്.

തൻ്റെഅപ്രമാദിത്തം ശക്തമായ കാലത്താണ് കരുണാകരന്റെ തണലില്‍ വളര്‍ന്ന യുവനിരയില്‍ ചിലര്‍ തിരുത്തല്‍വാദവുമായി രംഗത്തുവരുന്നത്. ജി കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എം.ഐ ഷാനവാസ് എന്നിവരായിരുന്നു പ്രമുഖര്‍. കരുണാകരന്റെ ശൈലിയിലും സമീപനങ്ങളിലും തിരുത്തല്‍ വേണമെന്നതായിരുന്നു പ്രധാന ആവശ്യം. സമാനരാഷ്ട്രീയ സാഹചര്യമാണ് സി.പി.എമ്മിലും. സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരനാണ് മുഖ്യമന്ത്രിക്കെതിരേ ആദ്യ ഒളിയമ്പെയ്തത്. 

നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയാണെന്നും ഇതുവരെ അഴിമതി ആരോപണം നേരിട്ടിട്ടില്ലെന്നുമാണ് സുധാകരന്‍ കഴിഞ്ഞദിവസം ആലപ്പുഴയില്‍ പറഞ്ഞത്. ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നു. ആ സര്‍ക്കാരിന്റെ പേരിലാണ് പുതിയ സര്‍ക്കാര്‍ വന്നത്. എന്നാല്‍ വികസന നേട്ടങ്ങള്‍ ഇപ്പോള്‍ ഒരു എം.എല്‍.എയും മിണ്ടുന്നില്ല. രണ്ടാം പിണറായി സര്‍ക്കാരിനെക്കുറിച്ച് പലര്‍ക്കും വിമര്‍ശനങ്ങളുണ്ട്. നല്ല നേതാവുണ്ടെങ്കില്‍ ജനം പിറകേവരുമെന്നും സുധാകരന്‍ പറയുമ്പോള്‍ ലക്ഷ്യം ആരെന്നത് വ്യക്തം. 

തോല്‍വിയില്‍നിന്ന് പാഠം പഠിക്കണമെന്നും എപ്പോഴും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നുമാണ് സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്‍ അനുസ്മരണത്തിനിടെ പി.ജയരാജന്‍ പറഞ്ഞത്. ആലപ്പുഴയില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും വോട്ടുചോര്‍ച്ചയുണ്ടായെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞത്. നേതൃതലത്തില്‍ ഉള്‍പ്പെടെ തിരുത്തേണ്ട കാര്യങ്ങള്‍ ഉണ്ടെന്നും നാസര്‍ വ്യക്തമാക്കി. ആസൂത്രിതമായല്ലെങ്കിലും പലപാടുനിന്നും മുഖ്യമന്ത്രിക്കെതിരേ പാര്‍ട്ടിയില്‍ പട വരുന്നത് ശ്രദ്ധേയമാണ്.

g sudhakaran and p jayarajan argue for correction in cpm

രണ്ടാം പിണറായി സര്‍ക്കാരില്‍ ഏറെ പഴികേട്ട വകുപ്പുകളിലൊന്ന് ആഭ്യന്തരമാണ്. കേന്ദ്രത്തില്‍ ആഭ്യന്തരവകുപ്പിനെ ഉപയോഗിച്ച് നരേന്ദ്രമോദി എന്തൊക്കെ ചെയ്‌തോ അതേ ശൈലിയിലായിരുന്നു കേരളത്തില്‍ പിണറായിയുടെ പൊലീസ് ഭരണവും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരേ പോലും യു.എ.പി.എ ചുമത്തിയതും സി.എ.എ വിരുദ്ധസമരക്കാര്‍ക്കെതിരേ കേസെടുത്തതും മാവോയിസ്റ്റ് വേട്ടയും ഈരാറ്റുപേട്ടയില്‍ വൈദികനെ വാഹനമിടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ഥികളുടെ മതം പറഞ്ഞതുമൊക്കെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. 

സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടവും ടി.പി കേസ് പ്രതികളുടെ ജയില്‍ഭരണവും തുടരെയുള്ള പരോളും ആഭ്യന്തരവകുപ്പിന്റെ യശസ് കെടുത്തി. വകുപ്പിന് സ്വതന്ത്ര ചുമതലയുള്ള മന്ത്രി വേണമെന്ന ആവശ്യവും മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല. പൊലീസ് റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടത്തില്ലെന്ന പിടിവാശി   4000 കുടുംബങ്ങളെയെങ്കിലും എല്‍.ഡി.എഫിനെതിരേ തിരിയാനിടയാക്കി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ രാജി ആവശ്യപ്പെട്ട് ആരും വരേണ്ടെന്നത് പ്രതിപക്ഷത്തിനുമാത്രമുള്ള മുന്നറിയിപ്പല്ല. പാര്‍ട്ടിയിലും ഘടകക്ഷികളിലും അതേ മനോനിലയുള്ളവരുണ്ടെന്നത് മുഖ്യമന്ത്രിക്ക് നല്ല ബോധ്യമുണ്ട്. 

പ്രതിപക്ഷത്തിന്റെ നവടപ്പിക്കുന്നതിനൊപ്പം സ്വന്തം ചോരയ്ക്കു ദാഹിക്കുന്ന പാര്‍ട്ടിയിലെ ചിലരെക്കൂടി ലക്ഷ്യമിട്ടാണ് കഴിഞ്ഞദിവസം പിണറായി വിജയന്‍ നയം വ്യക്തമാക്കിയത്. 15 മുതല്‍ സി.പി.എം നേതൃയോഗങ്ങള്‍ നടക്കുകയാണ്. സംസ്ഥാനസമിതിയിലും സെക്രട്ടേറിയറ്റിലും തനിക്കെതിരേ വിമര്‍ശനമുയരുമെന്ന മുന്നറിവ് മുഖ്യമന്ത്രിക്കുണ്ട്. അത്തരം ആരോപണങ്ങളെ പ്രതിരോധിക്കാന്‍ കൂടിയാണ് ഒരു മുഴം മുമ്പേ പിണറായി നിലപാട് വ്യക്തമാക്കിയത്.

sp  'തോല്‍വിയില്‍നിന്ന് പാഠം പഠിക്കണം'

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia