CPM | പാര്‍ട്ടിക്കുള്ളിലും പിണറായിക്കെതിരെയുള്ള അമര്‍ഷം പുകയുന്നോ, വിമര്‍ശനങ്ങളില്‍ ഉയരുന്നത് കലാപക്കൊടിയോ?
രണ്ടാംടേമിന്റെ പകുതി പിന്നിടുന്ന പിണറായി വിജയന് ഏറ്റ തിരിച്ചടിയായാണ് പാര്‍ട്ടിക്കുളളില്‍ നിന്നുയരുന്ന എതിര്‍ശബ്ദങ്ങള്‍ വിലയിരുത്തപ്പെടുന്നത്
നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേറ്റ കനത്ത തോല്‍വിയുടെ കാരണം മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയും രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണപരാജയവുമാണെന്ന സി.പി.എം സംസ്ഥാനസമിതിയോഗത്തിലെ വിമര്‍ശനം പാര്‍ട്ടിക്കുളളില്‍ രാഷ്ട്രീയസമവാക്യങ്ങളെ മാറ്റിമറിച്ചേക്കും. പാര്‍ട്ടിയിലും സര്‍ക്കാരിനും തിരുത്തലുകളോ വിമര്‍ശകരുമില്ലാതെ രണ്ടാംടേമിന്റെ പകുതി പിന്നിടുന്ന പിണറായി വിജയന് ഏറ്റ തിരിച്ചടിയായാണ് പാര്‍ട്ടിക്കുളളില്‍ നിന്നുയരുന്ന എതിര്‍ശബ്ദങ്ങള്‍ വിലയിരുത്തപ്പെടുന്നത്.
പിണറായിയുടെ തട്ടകമായ കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍പോലും സര്‍ക്കാരിന്റെ ഭരണപരാജയത്തെ വിമര്‍ശിച്ചുവെന്നാണ് വിവരം. കേന്ദ്രകമ്മിറ്റി പ്രതിനിധിയായ സീതാറാം യെച്യൂരിയും ഭരണവിരുദ്ധവികാരമുണ്ടെന്ന് യോജിച്ചതോടെ പിണറായിക്ക് പിടിവള്ളികള്‍ നഷ്ടപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെതിരെയല്ല ജനം വോട്ടുചെയ്തതെന്നും നരേന്ദ്രമോദിക്കെതിരെയായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. മോദിക്കെതിരെ വോട്ടു ചെയ്യുമ്പോള്‍ ഇടതുപക്ഷത്തെ ജനംകണ്ടില്ലെന്നും കോണ്‍ഗ്രസിനാണ് അവര്‍ വോട്ടു ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
എന്നാല്‍ ഇക്കാര്യം പാടെ അവഗണിച്ചുകൊണ്ടുള്ളതാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സംസ്ഥാന സമിതിയോഗത്തില്‍ അവതരിപ്പിച്ച കരട് റിപ്പോര്‍ട്ട്. ഇതിനെ ചുവടുപിടിച്ചുകൊണ്ടു ചൂടേറിയ ചര്‍ച്ചകള്‍ മറ്റു അംഗങ്ങള്‍ ഏറ്റെടുത്തതോടെ പിണറായിക്കെതിരെയുളള വിമര്‍ശനമായി ഏറെക്കാലത്തിന് ശേഷം അതുമാറി. മുഖ്യമന്ത്രിയുടെ രാജിയാരും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ഇനിയും ഈരീതിയില്‍ തുടരാന്‍ കഴിയില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് ഉയരുന്നത്.
അതേസമയം സംസ്ഥാനസര്‍ക്കാരില്‍ നേതൃമാറ്റത്തിനെ കുറിച്ചുളള അണിയറ ചര്‍ച്ചകളും സി.പി.എം അഖിലേന്ത്യാ നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷം നേതൃമാറ്റമുണ്ടായാല്‍ പിണറായിക്കു പകരം മുഖ്യമന്ത്രിസ്ഥാനത്തേക്ക് മറ്റൊരാള്‍ വരാനും സാധ്യതയുണ്ട്. എന്നാല്‍ അതു മുഹമ്മദ് റിയാസോ, വി എന്‍ വാസവനോയാകണമെന്ന മുഖ്യമന്ത്രിയുടെ അഭീഷ്ടം നടക്കാന്‍ സാധ്യതയും വളരെ കുറവാണ്.
sp രാഷ്ട്രീയസമവാക്യങ്ങളെ മാറ്റിമറിച്ചേക്കും