Politics | വടക്കുംനാഥനും തെക്കേമൂര്‍ത്തിയും ഇന്ദ്രപ്രസ്ഥത്തിലെ 'രാജാവും'; സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ നാടകം

 
contemporary indian political drama

ഒഡീഷയിലെ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വലിയ മുന്നേറ്റം നടത്തുകയും അവിടെ ആദ്യമായി അധികാരത്തിലേറുകയും ചെയ്തതോടെ ശ്രീരാമനെയും തന്നിലെ ഭഗവാനെയും മോദി ഉപേക്ഷിച്ചു, പകരം ഒഡീഷയിലെ പുരിജഗന്നാഥനെയാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടിയത്

അർണവ് അനിത

(KVARTHA) സിംഹം വേട്ടായാടുമെന്ന് ഉറപ്പാകുമ്പോള്‍ അവനുമായി ചങ്ങാത്തം കൂടാനേ കുറുക്കന്‍ ശ്രമിക്കൂ. കുറുക്കന്‍ കുശാഗ്രബുദ്ധിക്കാരനാണല്ലോ. കുറുക്കന്റെ കൗശലത്തോടെ രാഷ്ട്രീയ ശത്രുവായിരുന്ന നരേന്ദ്രമോഡിക്കൊപ്പം ചേരുകയും ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രധാനമന്ത്രിക്കസേര താങ്ങിനിര്‍ത്തുകയും ചെയ്യുന്ന രണ്ട് പേരുടെ നയതന്ത്രത്തെ കുറിച്ചാണ് പറയാന്‍ പോകുന്നത്. ഒരാള്‍ ഇന്ത്യയുടെ വടക്കും നാഥന്‍മാരില്‍ ഒരാളായ നിതീഷ് കുമാറാണ്. മറ്റേത് തെക്കേയറ്റത്തുള്ള അധികാരമൂര്‍ത്തികളിലൊരാളായ ചന്ദ്രബാബു നായിഡുവും. ഇരുവരുടെയും ജനതാദള്‍ യുണൈറ്റഡും (ജെ.ഡി.യു) തെലുങ്ക് ദേശം പാര്‍ട്ടിയും (ടി.ഡി.പി) ബിഹാറിലും ആന്ധ്രാപ്രദേശിലും കരുത്ത് കാട്ടിയിരുന്നില്ലായിരുന്നെങ്കില്‍ മോഡി 3.0യില്‍ നിന്ന് പൂജ്യത്തിലേക്ക് മൂക്കുംമുത്തിവീണേനെ.

contemporary indian political drama

അധികാരം സാധ്യതകളുടെ കലയാണെന്ന് ആരോ പറഞ്ഞത് വെറുതെയല്ല, അവിടെ എന്തും സംഭവിക്കാം. തെങ്ങിന് മുകളില്‍ ഇരിക്കുന്ന പോലെയാണ് ഏത് നിമിഷവും കൈവിട്ട് പോകാം. അങ്ങനെ താഴെ വീണ് ഉടയാതിരിക്കാനാണ് തന്റെ ഇടത്തും വലത്തും ഇരുന്നിരുന്ന അമിത്ഷായേയും രാജ്‌നാഥ് സിംഗിനേയും എന്‍.ഡി.എ യോഗത്തില്‍ നിന്ന് മോദി മാറ്റിയിരുത്തിയതും പകരം അവിടേക്ക് ചന്ദ്രബാബുവിനെയും ബിഹാര്‍ ബാബുവിനെയും പ്രാണപ്രതിഷ്ഠ നടത്തി ഇരുത്തിയതും. എന്നാല്‍ ഈ ഇരുപ്പുവശം എത്രകാലം എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയം ഉയര്‍ത്തുന്ന ഏറ്റവും വലിയ ചോദ്യം. 

നിതീഷിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും ട്രാക്ക് റെക്കോഡ് അത്ര വെടിപ്പല്ല, മോഡിയുടെയും ബിജെപിയുടെയും കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. സത്യപ്രതിജ്ഞ വരെ സഖ്യകക്ഷി യോഗങ്ങളില്‍ നരേന്ദ്രമോദി ഇരുവരെയും അഭിനന്ദിക്കുകയും പുകഴ്ത്തുകയും ചെയ്തു. അവരും തിരിച്ച് അതേ ശൈലിയാണ് സ്വീകരിച്ചത്. ഇതെല്ലാം വെറും നാടകം മാത്രമാണെന്ന് ഇവര്‍ക്കെല്ലാം അറിയാം. പിന്നെന്തിനാണ് ഇങ്ങിനെ വിഡ്ഡിവേഷം കെട്ടുന്നതെന്ന് ചോദിച്ചാല്‍ അധികാരത്തിന്റെ അപ്പക്കഷ്ണം കിട്ടാന്‍ വേറെ വഴിയില്ല.

ശ്രീരാമനെ മുന്നില്‍ നിര്‍ത്തിയാണ് മോദി മൂന്നാമൂഴത്തില്‍ 400 സീറ്റ് നേടിനിറങ്ങിയത്. അയോധ്യയില്‍ ബാബ്‌റി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിതതോടെ രാജ്യത്തെ ഹിന്ദുക്കളെല്ലാം ഹര്‍ഷപുളകിതരായെന്ന് മോഡിയും കൂട്ടരും വിശ്വസിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം, അരാജകത്വം, സാമൂഹ്യ അസമത്വം എന്നീ കഠിന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഭൂരിപക്ഷത്തിന്റെ ശ്രദ്ധതിരിക്കാനായെന്നും കരുതിയ മോഡിയും ബിജെപിയും മൂഢസ്വര്‍ത്തിലായിരുന്നെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. തോല്‍ക്കുന്നതിന് തൊട്ട് മുന്‍പ് വരെ മോദിക്ക് അസാധ്യമായ ആവേശമായിരുന്നു. അതുകൊണ്ടാണ് സാക്ഷാല്‍ ശ്രീരാമനെ പോലും മറന്നുകൊണ്ട് തന്റെ ദൈവീകപരിവേഷം മോദി അവതരിപ്പിച്ചത്. 

ഒഡീഷയിലെ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വലിയ മുന്നേറ്റം നടത്തുകയും അവിടെ ആദ്യമായി അധികാരത്തിലേറുകയും ചെയ്തതോടെ ശ്രീരാമനെയും തന്നിലെ ഭഗവാനെയും മോദി ഉപേക്ഷിച്ചു, പകരം ഒഡീഷയിലെ പുരിജഗന്നാഥനെയാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടിയത്. അവിടെ വിജയിച്ചത് കൊണ്ട് ജഗന്നാഥനെ പ്രകീര്‍ത്തിച്ചു. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബിജെപിയുടെ സിറ്റിംഗ് എം.പി ലല്ലു സിംഗ് തോറ്റുതുന്നംപാടിയെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായില്ലേ, അതിന്റെ നന്ദിസൂചകമായി പോലും ജയ്ശ്രീരാം വിളിക്കാന്‍ മോഡി തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയതോടെ ശ്രീരാമനെയും മറന്നു. ഇതാണ് ഹിന്ദുത്വം. അധികാരത്തിന് വേണ്ടി ദൈവങ്ങളെ തോളിലേറ്റുകളും അത് കിട്ടാതാകുമ്പോള്‍ താഴെയിറക്കുകയും ചെയ്യുന്നു. നാളെ പുരി ജഗന്നാഥ ഭഗവാന്റെ കാര്യത്തിലും ഇതേ അനുഭവം ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല.

തിരഞ്ഞെടപ്പ് ഫലം വന്നതിന് പിന്നാലെ മോഡി ആദ്യം വിളിച്ചത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയായിരുന്നു. മോഡിയുടെ കരുണയില്‍ മുഖ്യമന്ത്രിയായി തുടരുന്ന നിതീഷിന്റെ ഔദാര്യത്തോടെ പ്രധാനമന്ത്രിയാകാനായിരുന്നു ആ വിളി. കാലത്തിന്റെ കാവ്യനീതിയെന്ന് ഇതിനെ വിളിക്കാനാവില്ല, കൊടുത്താല്‍ കൊല്ലത്തുംകിട്ടും എന്നേ പറയാനൊക്കൂ. കഴിഞ്ഞ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ജെഡിയുവിനെ പിളര്‍ത്തുക എന്ന ഹീനതന്ത്രം മോദിയും ഷായും പയറ്റി. ഇത് മനസ്സിലാക്കിയ നിതീഷ് പൊട്ടിത്തെറിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി. ഇത് മോഡിക്കും കൂട്ടര്‍ക്കും മുഖത്ത് അടികിട്ടിയ പോലെയായി. 

പ്രതിപക്ഷ ക്യാമ്പിലെത്തിയ നീതീഷ് മോദിയോട് പകവീട്ടാനുള്ള കോപ്പുകൂട്ടി. അങ്ങനെയാണ് ഇന്ത്യ സഖ്യം പിറക്കുന്നത്. നിതീഷിനെ സഖ്യത്തിന്റെ കണ്‍വീനറും പ്രധാനമന്ത്രിയുമാക്കാമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ വാഗ്ദാനം നല്‍കി. അപകടം മനസ്സിലാക്കി മോദി നീതീഷിനെ ഇഡി കേസിലടക്കം കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കരക്കമ്പി. അതില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ടെന്നറിയില്ല, എന്തായാലും ഒരു കാര്യം നടന്നു, യാതൊരുപ്രശ്‌നങ്ങളുമില്ലാതിരുന്നിട്ടും ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യം ഉപേക്ഷിച്ച് നിതീഷ് എന്‍ഡിഎ കൂടാരത്തിലെത്തി. നിതീഷ് പോയി നിതീഷ് വന്നു- എന്ന് മാധ്യമങ്ങള്‍ ശീര്‍ഷകമെഴുതി. അതിനപ്പുറം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നും സംഭവിച്ചില്ല. ബിഹാറിലെ ജനങ്ങളും നിതീഷിന്റെ കാലുവാരല്‍ കലയ്ക്ക് പിന്തുണ നല്‍കുന്നതായി ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മോദിയെ പിന്തുണച്ചെങ്കിലും നിതീഷ് ഏത് സമയവും കസേര വലിച്ചിടാം. അത് മോദിക്കും അറിയാം. അതുകൊണ്ട് ഇരുവരും തമ്മിലുള്ള രസതന്ത്രം ഇനി എങ്ങനെയായിരിക്കും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

മോദിയും ചന്ദ്രബാബു നായിഡുവും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നെന്ന് അറിയാന്‍ വെറുതെ ഗൂഗിളില്‍ ഒന്ന് പരതിയാല്‍ മതി, കാര്യങ്ങള്‍ വൃത്തിയായി മനസ്സിലാക്കാന്‍ കഴിയും. ആന്ധ്രയില്‍ അധികാരത്തിലിരിക്കുന്നവര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് 2019 ജനുവരി മൂന്നിന് മോദി ആരോപിച്ചിരുന്നു. അവരൊക്കെ സംസ്ഥാനത്തിന് പുറത്ത് താവളം കണ്ടെത്താന്‍ സ്രമിക്കുകയാണെന്നും ആന്ധ്രയില്‍ അവരുടെ അടിത്തറ ഇളകിയിരിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു. രണ്ട് മാസം കഴിഞ്ഞ് മോദി വീണ്ടും നായിഡുവിനെതിരെ ആക്രമണം നടത്തി. യു ടേണ്‍ ബാബു എന്നാണ് അന്ന് മോദി പരിഹസിച്ചത്. സംസ്ഥാനത്തിന്റെ വികസനമല്ല നായിഡുവിന്റെ ലക്ഷ്യമെന്നും ആക്ഷേപിച്ചു.

മോദി തന്നേക്കാള്‍ ജൂനിയറായതിന്റെ ദുരഭിമാനം അയാൾക്കുണ്ടെന്നും അതൊഴിവാക്കാനായി ഞാന്‍ സാര്‍ എന്നാണ് വിളിച്ചിരുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റിനെ പോലും മിസ്റ്റര്‍ പ്രസിഡന്റ് എന്ന് വിളിച്ചാല്‍ മതിയെന്നും 2018 ജനുവരി 31ന് ചന്ദ്രബാബു നായിഡു പരിഹസിച്ചിരുന്നു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാമെന്ന ഉറപ്പ് മോദി പാലിക്കാത്തിനെ തുടര്‍ന്ന് ആറ് കൊല്ലം മുമ്പ് നായിഡു എന്‍ഡിഎ സഖ്യം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കീരിയും പാമ്പും പോലെയാണ് ഇരുവരും തമ്മിലടിച്ചിരുന്നത്. അവസാനം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മോദി തന്നെ പെടുത്തുമെന്ന് ഉറപ്പായതോടെ നായിഡു മടങ്ങിയെത്തി. അതിനും മുമ്പ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ കുരുക്കില്‍ നായിഡു ജയിലിലായിരുന്നു. വീണ്ടുമൊരു കാരാഗൃഹവാസം നായിഡുവിന് താങ്ങാനാകില്ലായിരുന്നു.

അധികാരത്തിനും പദവിക്കും വേണ്ടി പരസ്‌പരം തമ്മിലടിച്ചും ചങ്ങാത്തം കൂടിയും ജനത്തെ പറ്റിക്കാന്‍ ഒരുങ്ങിത്തിരിച്ച ഒരുകൂട്ടം പറ്റിപ്പുകാരുടെ കൂട്ടമായി ഇന്ത്യന്‍ രാഷ്ട്രീയം അധപതിച്ചിരിക്കുന്നു. ഭരണം കയ്യേറുക എന്നതിനപ്പുറം യാതൊരു ലക്ഷ്യവും ഇവരുടെ മുന്നിലില്ല, അതിന് വേണ്ടി കൂടെ നില്‍ക്കുന്നവരെയും  ആയുധമാക്കുകയും അകറ്റിനിര്‍ത്തുകയും ആട്ടിപ്പായിക്കുകയും ചെയ്യുന്നു. ഇവരെ നിയന്ത്രിക്കാനും നിലയ്ക്കുനിര്‍ത്താനും ദൈവത്തേക്കാള്‍ കഴിവുള്ള വലിയ ശക്തി ഈ രാജ്യത്തുണ്ടെന്ന് ഭരണത്തിലുള്ളവര്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല, ആ ശക്തിയാണ്  ബുള്‍ഡോസര്‍ രാജിന് ഒരു പരിധിവരെ തടയിട്ടത്, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെ ദളിതരും മുസ്ലിങ്ങളും പിന്നോക്കക്കാരുമായ സാധാരണക്കാര്‍. അവരാണ് ഇന്ത്യയുടെ ശക്തി. അതിനെ പരാജയപ്പെടുത്താന്‍ ഏത് വലിയ കൊലകൊമ്പനും കഴിയില്ല.

sp അധികാരം സാധ്യതകളുടെ കലയാണ്

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia