BJP | കണ്ണൂരില്‍ ഉള്‍പ്പെടെ വടക്കന്‍ കേരളത്തിലെ 3 മണ്ഡലങ്ങളില്‍ ഒരു ലക്ഷത്തിന് മുകളില്‍ വോട്ടുവിഹിതം വര്‍ധിപ്പിച്ച് ബിജെപിയുടെ കുതിപ്പ്


അടുത്ത തെരഞ്ഞെടുപ്പില്‍ ഈമണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കാനാണ് ബി.ജെ.പി നീക്കം നടത്തുക
കണ്ണൂര്‍: (KVARTHA) സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തില്‍ ഇതുവരെയില്ലാത്ത സാന്നിധ്യമറിയിച്ചു ബി.ജെ.പി നേട്ടമുണ്ടാക്കി. ഒരുലക്ഷത്തിലേറെ വോട്ടുകളാണ് വടകര, കാസര്‍കോട്, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നേടിയത്. ഇതോടെ ഈമൂന്ന് മണ്ഡലങ്ങളും എന്‍.ഡി.എയുടെ എ ക്ലാസ് മണ്ഡലമായി മാറിയിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ഈമണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കാനാണ് ബി.ജെ.പി നീക്കം നടത്തുക.
സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളാണ് ഈ മൂന്ന് മണ്ഡലങ്ങളും. വിരലില്‍ എണ്ണാവുന്ന നിയമസഭാ മണ്ഡലങ്ങള്‍ മാത്രമേ ഇവിടെ യു.ഡി.എഫിനുളളൂ. എന്നിട്ടും സി.പി.എം കോട്ടകളില്‍ കടന്നു കയറി വോട്ടു നേടാന്‍ യു.ഡി. എഫിന് കഴിഞ്ഞു. ഇതിനൊപ്പം ബി.ജെ.പിയും തങ്ങളുടെ വോട്ടിങ് ഷെയര്‍ വര്‍ധിപ്പിച്ചു. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി വന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി രഘുനാഥ് 1,16,449 വോട്ടുകളാണ് നേടിയത്. 2019ല്‍ കണ്ണൂരില്‍ മത്സരിച്ച സി.കെ പത്മനാഭന്‍ 65,000 വോട്ടുകള്‍ മാത്രമാണ് ഇവിടെ നേടിയിരുന്നത്. അതിന്റെ നേരെ ഇരട്ടി വോട്ടു നേടാന്‍ സി.രഘുനാഥിലൂടെ ബി.ജെ.പിക്ക് കഴിഞ്ഞു.
കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുകഴിഞ്ഞില്ല. എന്നാല്‍ സി.പി.എം കേന്ദ്രങ്ങളില്‍ കടന്നുകയറി വോട്ടുപിടിക്കാനും നിഷ്പക്ഷ വോട്ടുകള്‍ നേടാനും സി രഘുനാഥിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി ബലിദാനികളുടെ ഗ്രാമങ്ങള്‍ ഏറെയുളള വടകരയിലും ബി.ജെ.പി നിലമെച്ചപ്പെടുത്തി. യുവമോര്‍ച്ച നേതാവ് പ്രഫുല്‍ കൃഷ്ണയിലൂടെയായിരുന്നു ബി.ജെ.പി നേട്ടമുണ്ടാക്കിയത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണ 1,10,701 വോട്ടുകളും നേടി. കഴിഞ്ഞ തവണ വി.കെ സജീവന്‍ നേടിയതിനൊക്കാള്‍ ഇരട്ടി വോട്ടുകളാണ് എന്‍. ഡി. എ സ്ഥാനാര്‍ത്ഥി നേടിയത് അവര്‍ പോലും പ്രതീക്ഷിക്കാതെയാണ്. കാസര്‍കോട് ബി.ജെ.പിക്ക് സ്വാധീനമുളള മണ്ഡലങ്ങളിലൊന്നാണ്. മഞ്ചേശ്വരത്തും കാസര്‍കോട്ടും നിയമസഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടി നേരത്തെ രണ്ടാംസ്ഥാനം നേടിയിരുന്നു. വിവാദങ്ങള്‍ക്കിട നല്‍കാതെ മത്സരിച്ച എം. എല്‍ അശ്വിനി 1,68152 വോട്ടുകളാണ് നേടിയത്.