Visits | 'മുനമ്പം' തിരഞ്ഞെടുപ്പ് വിഷയമാക്കി ബിജെപി; പാലക്കാട്ടെ സ്ഥാനാർഥി സമരപന്തലിലെത്തി


● ബിജെപി സ്ഥാനാർത്ഥി മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
● മുനമ്പം പോലെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സുരേന്ദ്രൻ.
● കൽപ്പാത്തിയിലും വഖഫിൻ്റെ ഭീഷണിയെന്ന് ബിജെപി അധ്യക്ഷൻ.
എറണാകുളം: (KVARTHA) വഖഫ് ഭൂമി പ്രശ്നത്തിൽ മുനമ്പത്ത് നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ മുനമ്പത്തെ സമര പന്തലിലെത്തി. നീതി നിഷേധിക്കപ്പെട്ടവൻ്റെ അവകാശ സമരമാണ് മുനമ്പത്ത് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേവലം മുനമ്പത്തെ മാത്രം പ്രശ്നമായി വഖഫ് അധിനിവേശത്തെ കാണാൻ കഴിയില്ല. പാലക്കാട് നിന്ന് തെരഞ്ഞെടുക്കപ്പെട്ടാൽ മുനമ്പം നിവാസികളുടെ നാവായി ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമര പന്തലിൽ എത്തിച്ചേർന്നുകൊണ്ട് മുനമ്പം രാഷ്ട്രീയ വിഷയമായി ഉയർത്താനാണ് ബിജെപിയുടെ ശ്രമം.
അതിനിടെ മുനമ്പം പോലെയുള്ള വിഷയങ്ങൾ ജനങ്ങൾ ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാലക്കാട് പറഞ്ഞു. മാധ്യമ മപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. എൻഡിഎ സ്ഥാനാർഥി മുനമ്പത്ത് പോയി പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് മുനമ്പത്ത് മാത്രമുള്ള പ്രശ്നമല്ല. നൂറണിയിലും കൽപ്പാത്തിയിലും എല്ലാം വഖഫിൻ്റെ ഭീഷണിയുണ്ട്.
തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിനടുത്ത് 600 ഓളം വീടുകളെ ബാധിക്കുന്ന തരത്തിൽ വഖഫ് ഭീഷണി ഉയർന്നുവന്നിരിക്കുകയാണ്. എൻഡിഎ യും സ്ഥാനാർത്ഥി സി കൃഷ്ണകുമാറും ഇരകൾക്കൊപ്പം നിൽക്കും.
യുഡിഎഫ്- എൽഡിഎഫ് സ്ഥാനാർത്ഥികൾ ഈ വിഷയത്തിൽ നിന്നും ഒളിച്ചോടുകയാണ്. അവർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പത്തനംതിട്ട ഡീൽ പാലക്കാട്ടുകാർ തിരിച്ചറിയുമെന്ന് കെ സുരേന്ദ്രൻ
പത്തനംതിട്ട സ്വദേശിയായിട്ടുള്ള പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് സിപിഎം പത്തനംതിട്ട ജില്ലാഘടകം പിന്തുണ നൽകിയത് ഡീലിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് പാലക്കാട്ടുകാർ തിരിച്ചറിയുമെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കോൺഗ്രസും സിപിഎമ്മും ആയിട്ടുള്ള അന്തർധാര ഉച്ചസ്ഥായിയിൽ നിൽക്കുന്നുവെന്നതിൻ്റെ ഉദാഹരണമാണ് പത്തനംതിട്ട സിപിഎമ്മിൻ്റെ പേജിൽ വന്ന രാഹുലിനെ വിജയിപ്പിക്കണമെന്ന പോസ്റ്റെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇൻഡി മുന്നണി ഇവിടെ യാഥാർത്ഥ്യമായിരിക്കുകയാണ്. പരസ്പരം സഹായിച്ചു കൊണ്ടാണ് ഇവർ എല്ലാകാലത്തും മത്സരിക്കുന്നത്. ഇത്തവണ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി തന്നെ അത് പ്രകടമാക്കിയത് ഏതായാലും നന്നായി. പത്തനംതിട്ടകാരനായിട്ടുള്ള സ്ഥാനാർത്ഥിയാണ് രാഹുൽ. അദ്ദേഹത്തിനെ പത്തനംതിട്ടയിലെ സിപിഎം പിന്തുണയ്ക്കുന്നത് പ്രാദേശിക വികാരമാണ്. പാലക്കാട്ടെ വോട്ടർമാർ പാലക്കാട്ടുകാരനായ കൃഷ്ണകുമാറിന് മാത്രമേ വോട്ട് ചെയ്യൂ. സിപിഎം വോട്ട് മറിച്ചാലും കഴിഞ്ഞ തവണത്തെ അനുഭവം ജനങ്ങളുടെ മുൻപിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#MunambamProtest, #BJP, #KeralaPolitics, #ElectionNews, #WaqfIssue, #Palakkad