Assembly session | നിയമസഭാ സമ്മേളനം ജൂൺ 10ന് തുടങ്ങും; തിരഞ്ഞെടുപ്പ് തോൽവിയോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് എൽഡിഎഫ്; വർധിത വീര്യത്തോടെ പ്രതിപക്ഷം


പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യ ഫോക്കസായി മാറ്റിയിട്ടും ഗുണം ചെയ്തില്ല
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂൺ പത്തിന് തുടങ്ങാനിരിക്കെ ഭരണകക്ഷിയായ എൽ.ഡി.എഫ് പ്രതിരോധത്തിൽ. ലോക് സഭാ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങേണ്ടി വന്ന കനത്ത തിരിച്ചടിയുടെ ക്ഷീണം മാറാതെയാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങൾ നിയമസഭാ സമ്മേളനത്തിനെത്തുന്നത്.
സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിലുണ്ടായതെന്ന് ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാരിനെ സമ്മർദത്തിലാക്കാനാണ് പ്രതിപക്ഷ നിര ഒന്നടങ്കം ശ്രമിക്കുക.
ബജറ്റ് പാസാക്കാനാണ് സഭ ചേരുന്നത്. 28 ദിവസത്തേക്കാണ് സഭ ചേരുക. ആദ്യദിവസം ചോദ്യോത്തര വേളയ്ക്ക് ശേഷം അല്പസമയം സഭ നിർത്തി വയ്ക്കും. ബില്ലുകളുടെ അവതരണവും ആദ്യ ദിവസം തന്നെ തുടങ്ങും.
ജൂൺ 13 മുതൽ 15 വരെ ലോക കേരള സഭ നടക്കുമെന്നും നാലാം സമ്മേളനമാണ് ഇത്തവണത്തെത് എന്നും സ്പീക്കർ എഎൻ ഷംസീർ അറിയിച്ചിട്ടുണ്ട്. അന്നേ ദിവസങ്ങളിൽ നിയമസഭ ഉണ്ടാവില്ല. ജൂൺ 17 വരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച രണ്ടു ജനപ്രതിനിധികൾക്ക് തുടരാൻ അവകാശമുണ്ടെന്ന് സ്പീക്കർ അറിയിച്ചിട്ടുണ്ട്.
ജൂൺ പത്തിന് സഭ ചേരുമ്പോൾ പാർലമെൻഡറി കാര്യമന്ത്രിയായി കേരള നിയമസഭയിൽ കെ രാധാകൃഷ്ണൻ വരുന്ന സമ്മേളനത്തിലും തുടരും. മുഖ്യമന്ത്രിയുടെ മകൾക്ക് വിദേശ ബാങ്കിൽ അകൗണ്ട് ഉണ്ടെന്ന ആരോപണം, പൊലീസ് - ഗുണ്ടാ ബന്ധങ്ങൾ തുടങ്ങിയവ നിയമസഭയെ പ്രക്ഷുബ്ധമാക്കിയേക്കും.