Emotional Depth | എന്താണ് 'ബ്ലൂ ക്രിസ്മസ്'? സങ്കടങ്ങളുടെ ഇരുട്ടില്‍ പ്രതീക്ഷയുടെ നക്ഷത്രം
● ബ്ലൂ ക്രിസ്മസ് എന്നത് ദീർഘരാത്രിയാണ്.
● ഇത് ദുഃഖിതർക്ക് സമാധാനം നൽകുന്നു.
● ലോകമെമ്പാടും ആചരിക്കപ്പെടുന്നു.
ആന്‍സി ജോസഫ്
(KVARTHA) ക്രിസ്മസ് സമാഗതമായിരിക്കുകയാണ്. ലോകമെങ്ങും ക്രിസ് മസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇനി അതിന് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം. യേശു ജനിച്ചതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുന്നത്. ക്രിസ്ത്യാനികളെ സംബന്ധിച്ച് പറഞ്ഞാല്‍ ഈ ദിവസം അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതുമാണ്. ഇതോടൊപ്പം മറ്റൊരു ആചരണവും ക്രിസ് മസിനൊപ്പം നടക്കുന്നുണ്ട്. അതാണ് 'ബ്ലൂ ക്രിസ്മസ്'. പലര്‍ക്കും അത്രയ്ക്ക് സുപരിചിതമായിരിക്കില്ല ഇത്. 'ബ്ലൂ ക്രിസ്മസിനെക്കുറിച്ച് അറിവ് ഇല്ലാത്തവര്‍ക്ക് അതിനെക്കുറിച്ച് വെളിച്ചം പകരുന്ന ഒരു കുറിപ്പാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
കുറിപ്പില്‍ പറയുന്നത്: 'ദൈവപുത്രന്‍ മനുഷ്യപ്പിറവിയെടുത്തതിന്റെ ആഘോഷമാണ് ക്രൈസ്തവര്‍ക്ക് ആഗമന കാലം. നാലാഴ്ച നീളുന്ന തിരുപ്പിറവിയുടെ ആമോദം. ക്രിസ്മസിന് മുന്‍പുള്ള നാലാമത്തെ ഞായറാഴ്ചയാണ് ആഗമനകാലത്തിന്റെ തുടക്കം. പിന്നീടങ്ങോട്ട് തിരുപ്പിറവിക്കുള്ള തയ്യാറെടുപ്പാണ്. ഈ നാളുകളിലെ ഏറ്റവും നീളമുള്ള രാത്രിയാണ് ബ്ലൂ ക്രിസ്മസ് ആയി കണക്കാക്കുന്നത്. സന്തോഷങ്ങള്‍ക്കും , ആഘോഷ ങ്ങള്‍ക്കുമിടയില്‍ നഷ്ടങ്ങളും, വേദനകളും അനുസ്മരിക്കുന്ന ദിവസമാണ് ബ്ലൂ ക്രിസ്മസ് (Blue Christmas).
ചുറ്റിലും സന്തോഷത്തിരകള്‍ ഉയരുമ്പോളും വേദനിക്കുന്നവര്‍ നമുക്കിടയിലുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്നവര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ ബ്ലൂ ക്രിസ്മസിന് നടത്താറുണ്ട്. വിഖ്യാത ഗായകന്‍ എല്‍വിസ് പ്രെസ്ലിയുടെ ബ്ലൂ ക്രിസ്മസ് എന്ന ഗാനം പുറത്തുവന്നതോടെയാണ് ലോകമാകെ ഈ ആചാരത്തിന് പ്രസിദ്ധിയുണ്ടാകുന്നത്. പല തരത്തിലാണ് ബ്ലൂ ക്രിസ്മസ് ആചരിക്കപ്പെടുന്നത്. സംഗീതം, ധ്യാനം, പ്രാര്‍ത്ഥന, മെഴുകുതിരി തെളിയിക്കല്‍ അങ്ങനെയങ്ങനെ.
നമ്മുടെ ദക്ഷിണായനാന്തത്തിന് (മകര സംക്രാന്തി) സമാനമായി വര്‍ഷത്തിലെ ദൈര്‍ഘ്യമേറിയ രാത്രി ദിവസമാണ് ബ്ലൂ ക്രിസ്മസ് ആയി ആചരിക്കുന്നത്. സാധാരണയായി ഡിസംബര്‍ 21നാണ് ബ്ലൂ ക്രിസ്മസ് ആചരിക്കുക. മാനസികാരോഗ്യത്തെ കുറിച്ച് സജീവമായ ചര്‍ച്ചകള്‍ ആരംഭിച്ച 1990ലാണ് ബ്ലൂ ക്രിസ്മസ് വിപുലമായി ആചരിക്കാന്‍ ആരംഭിച്ചത്. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ അന്നേ ദിവസം ക്രമീകരിക്കും. തെളിയിച്ച മെഴുതിരികള്‍ക്ക് നടുവില്‍ പോയവര്‍ഷം വിട്ടുപിരിഞ്ഞ ഉറ്റവര്‍ക്കായി കൂടി ഇരിപ്പിടങ്ങള്‍ ഒഴിച്ചിടും. വേര്‍പാടിന്റെ ദുഖത്തെ മായ്ച്ചുകളയാനുള്ള പ്രാര്‍ഥനകളോടും, സ്നേഹ സംഭാഷണങ്ങളോടും ആ രാത്രി കടന്നുപോകും.
പള്ളികളില്‍ നിന്നും പുറത്തു കടന്ന ആചാരം പിന്നീട് യുദ്ധത്തിലും ജോലിക്കിടയിലും മരിച്ചു പോയ സൈനികരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഓര്‍മ പുതുക്കുന്ന ദിവസമായി. ദക്ഷിണായനാന്തത്തില്‍ ഉത്തരാര്‍ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലും ദൈര്‍ഘ്യമേറിയ രാത്രിയും അനുഭവപ്പെടുന്നതിനാലാണ് തീര്‍ത്തും വികാരനിര്‍ഭരമായ ഓര്‍മദിനവും ഈ ദിവസം ആചരിക്കുന്നത്. ഏതൊരു ദുര്‍ഘടമായ സാഹചര്യങ്ങളെയും അതിജീവിക്കാന്‍ മനുഷ്യനെ സഹായിക്കുന്നത് പ്രതീക്ഷകളാണ്. സ്വാസ്ഥ്യത്തിലേക്ക് എത്തിച്ചേരുന്നതിനായി സഹജീവികള്‍ക്ക് വാക്കും നോക്കും കൊണ്ട് സഹായമാവുകയെന്ന മഹത്തായ ആശയമാണ് ബ്ലൂ ക്രിസ്മസ് മുന്നോട്ട് വയ്ക്കുന്നത്.
വിഷമതകള്‍ പങ്കു വയ്ക്കാനും അതില്‍ നിന്ന് പുറത്തുകടക്കാനും പരസ്പരം മനസിലാക്കിയും കൈത്താങ്ങലായും മുന്നോട്ട് പോകാനുള്ള മാനസിക പിന്തുണ കൂടി അത്തരം സാഹചര്യങ്ങളില്‍ ഉള്ളവര്‍ക്ക് ബ്ലൂ ക്രിസ്മസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സന്തോഷവും, സമാധാനവും നിറഞ്ഞ അന്തരീക്ഷം ഒരുക്കുകയാണ് പ്രധാനപ്പെട്ട ഘടകം. വേദനയും സങ്കടങ്ങളും മനുഷ്യജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും കടന്നുവരാമെന്നും അനുകമ്പാപൂര്‍വം സ്നേഹത്തോടെ, അതില്‍ നിന്നും പുറത്തുകടക്കാനാകുമെന്ന് ബ്ലൂ ക്രിസ്മസ് ചൂണ്ടിക്കാട്ടുന്നു. സങ്കടത്തിന്റെ ഇരുള്‍മേഘ ങ്ങള്‍ക്കപ്പുറം സന്തോഷത്തിന്റെ നക്ഷത്രം വാനില്‍ ഉദിക്കുമെന്ന പ്രതീക്ഷ കൂടിയാണ് ഓരോ ബ്ലൂ ക്രിസ്മസും നല്‍കുന്നത്'.
ബ്ലൂ ക്രിസ്മസിനെക്കുറിച്ച് കൃത്യമായ ഒരു അറിവ് നല്‍കുന്നു ഈ കുറിപ്പ്. ബ്ലൂ ക്രിസ്മസ്, സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഇടയില്‍ നഷ്ടങ്ങളും വേദനകളും അനുഭവിക്കുന്നവര്‍ക്ക് ഒരു പ്രതീക്ഷയുടെ വെളിച്ചം തെളിക്കുന്നു. ഇത് എല്ലവര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തലാണ്, നമ്മള്‍ ഒറ്റയ്ക്കല്ല, നമുക്കു ചുറ്റും നമ്മെ സ്‌നേഹിക്കുന്നവരുണ്ട്. ഇത് ലേഖനം കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കുമല്ലോ.
#BlueChristmas #Christmas #Hope #Grief #Spirituality #MentalHealth #WinterSolstice