Overview | ശബരിമല ദർശനത്തിനുള്ള  ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് എങ്ങനെ? അറിയാം വിശദമായി 

 
Sabarimala Virtual Queue Booking: A Detailed Guid
Sabarimala Virtual Queue Booking: A Detailed Guid

Image Credit: Facebook / Sabarimala Devaswom

● ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം കേരള പൊലീസാണ് ആദ്യമായി നടപ്പാക്കിയത്.
● കോവിഡ് കാലത്ത് വെർച്വൽ ക്യൂ ബുക്കിംഗ് നിർബന്ധമാക്കി.
● തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഇപ്പോൾ ബുക്കിംഗ് ചുമതല വഹിക്കുന്നത്.
● 2022-23 ൽ 3,95,634 പേർ സ്പോട്ട് ബുക്കിംഗ് നടത്തി.

റോക്കി എറണാകുളം


(KVARTHA) ശബരിമല എന്നത് ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലേ തന്നെ ഹൈന്ദവ വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ശബരിമല ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രത്തിലേയ്ക്ക് ഒരോ വർഷവും ലക്ഷക്കണക്കിന് ആളുകൾ ആണ് തീർത്ഥാടനത്തിനായി എത്തുന്നത്. ഹൈന്ദവർ മാത്രമല്ല മറ്റ് മതത്തിൽപ്പെട്ടവരും ഇവിടേയ്ക്ക് വരാറുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശബരിമല മണ്ഡല- മകരവിളക്ക് കാലയളവുമുതൽ ഇവിടേയ്ക്ക് എത്തുന്നവരുടെ തിരക്ക് വലിയ തോതിൽ അനുഭവപ്പെടുന്നു. 

ഇവിടേയ്ക്ക് എത്തുവാനുള്ള ബുക്കിങ്  ഇപ്പോൾ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.  ബുക്ക് ചെയ്യാതെ എത്തുന്നവര്‍ക്കും ദര്‍ശനം നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് നിയമസഭയിലാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിവില്ലാതെ എത്തുന്ന ഭക്തര്‍ക്ക് വേണ്ടി ദര്‍ശന സൗകര്യം ഒരുക്കുമെന്നും  മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം ശബരിമലയിലെ ഓണ്‍ലൈന്‍ ബുക്കിങിനെ കുറിച്ച് അറിവ് പകരുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.

കുറിപ്പിൽ പറയുന്നത്: 'ശബരിമല ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രത്തിലെ വെർച്വൽ ക്യൂ സംവിധാനം കേരളാ പൊലീസാണ് ആദ്യമായി ഭാഗികമായി നടപ്പാക്കിയത്. ആദ്യ കാലഘട്ടത്തിൽ പ്രതിദിനം ഒരു നിശ്ചിത എണ്ണം ഭക്തർക്ക് സ്പെഷ്യൽ ആയി മരക്കൂട്ടത്തു നിന്ന് ചന്ദ്രാനനൻ റോഡ് വഴി സന്നിധാനത്ത് എത്തുക മാത്രമായിരുന്ന വെർച്വൽ ക്യൂ ബുക്കു ചെയ്‌തു വരുന്നവർക്കു നൽകിയിരുന്ന സേവനം. പിന്നീട് കോവിഡ് കാലത്ത് ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം വന്നതോടെ വെർച്വൽ ക്യൂവിലൂടെ മാത്രം ദർശനം അനുവദിച്ചിരുന്നു. 

കോവിഡിനു ശേഷം കേരളാ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2022-23 ലെ ശബരിമല മണ്ഡല- മകരവിളക്ക് കാലയളവു മുതൽ വെർച്വൽ ക്യൂ ബുക്കിംഗിന്റെ ചുമതല കേരളാ പൊലീസിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തു. തുടർന്ന് ശബരിമലയിലെ ദർശനം വെർച്വൽ ക്യൂ ബുക്കിംഗിലൂടെ മാത്രമാക്കി നടപ്പാക്കി. 2022-23 ൽ ആദ്യമായി ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധമാക്കിയ സാഹചര്യ ത്തിൽ ഓൺലൈൻ ബുക്കിംഗ് ചെയ്യാൻ സാധിക്കാതെയോ , അതേ കുറിച്ച് അറിയാതെയോ എത്തിയിരുന്ന ഭക്തജനങ്ങൾക്ക് അവരുടെ സൗകര്യാർത്ഥം സ്പോട്ട് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തി. 

പമ്പ, നിലക്കൽ, വണ്ടിപ്പെരിയാർ, ഏറ്റുമാനൂർ, വൈക്കം, കീഴില്ലം, പെരുമ്പാവൂർ, എരുമേലി, കൊട്ടാര ക്കര, ചെങ്ങന്നൂർ, പന്തളം, ശ്രീകണ്ഠേശ്വരം എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തി. ഘട്ടം ഘട്ടമായി സ്പോട്ട് ബുക്കിംഗ് ഒഴിവാക്കി ഓണലൈൻ ബുക്കിംഗ് മാത്രമാക്കണമെന്നായിരുന്നു പൊലീസുമായി ചർച്ചചെയത് അന്നെടുത്തിരുന്ന തീരുമാനമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ചെങ്ങന്നൂർ, പന്തളം, വണ്ടിപ്പെരിയാർ, നിലക്കൽ, പമ്പ, ഏറ്റുമാനൂർ, കൊട്ടാരക്കര, എരുമേലി എന്നിവിടങ്ങളിൽ മാത്രം സ്പോട്ട് ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തി. 

2022-23 കാലത്ത് മണ്ഡല- മകരവിളക്ക് കാലയളവിൽ ആകെ 3,95,634 പേരാണ് സ്പോട്ട് ബുക്കിംഗ് നടത്തിയതെങ്കിൽ അത് 2023-24 കാലം ആയപ്പോൾ 4,85,063 ബുക്കിംഗ് ആയി. ഓൺലൈൻ ബുക്കു ചെയ്‌തില്ലങ്കിലും ദർശനം സാദ്ധ്യമാകും എന്ന തോന്നൽ കൂടുതൽപേർ ഓൺലൈൻ ബുക്ക് ചെയ്യാതെ വരുന്നതിന് കാരണമായി. 

1) ഏത് വെബ്‌സൈറ്റ് വഴിയാണ് ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തേണ്ടത്? 
sabarimalaonline(dot)org എന്ന വെബ് സൈറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത് 

2) ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാം? 
വെബ്സൈറ്റില്‍ മൊബൈല്‍ നമ്പര്‍ / ഇമെയില്‍ ഐഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം ശബരിമല ദര്‍ശനത്തിനുള്ള ദിവസവും സമയവും തിരഞ്ഞെടുക്കാവുന്നതാണ്. 

3) ഏതൊക്കെ സമയത്ത് ദർശനം? 
തിരഞ്ഞെടുത്ത ദര്‍ശന സമയത്തിന് 24 മണിക്കൂര്‍ മുന്‍പും തിരഞ്ഞെടുത്ത ദര്‍ശന സമയം കഴിഞ്ഞ് 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നത് വരെയും പമ്പയിലും സത്രത്തിലും വെരിഫിക്കേഷന്‍ നടത്തി മലകയറ്റം ആരംഭിക്കാന്‍ സാധിക്കും. വൈകി വരുന്നവര്‍ക്കോ നേരത്തെ എതുന്നവര്‍ക്കോ ദര്‍ശന സൗകര്യം നഷ്ടമാകാതിരിക്കാമാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 

4) ബുക്കിങ്ങ് കൺഫർമേഷൻ എങ്ങനെ? 
തിരഞ്ഞെടുത്ത സ്ലോട്ട് ഉപയോഗിച്ച് ബുക്കിംഗ് പൂര്‍ത്തിയാക്കിയാല്‍ ബുക്കിംഗ് confirmation ഇമെയില്‍, SMS മുഖാന്തിരം ലഭ്യമാകും, ഇതോടൊപ്പം വെര്‍ച്വല്‍-ക്യൂ ബുക്കിംഗ് പാസ്സ് അപ്പോള്‍ തന്നെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ഈ പാസ് പ്രിന്റൗട്ട് എടുക്കുകയോ മൊബൈലില്‍ PDF രൂപത്തില്‍ സൂക്ഷിക്കുകയോ ചെയ്യാം. 

5) എങ്ങനെ ദർശനം? 
ദര്‍ശനത്തിനെത്തുന്ന സമയം പമ്പയിലെയും സത്രത്തിലെയും വെരിഫിക്കേഷന്‍ കൗണ്ടറില്‍ ഗവ. അംഗീകൃത ഐഡി കാര്‍ഡിനൊപ്പം പാസ്സ് കൂടി പരിശോധനക്കായി നല്‍കി പരിശോധിച്ച ശേഷം മല കയറ്റം തുടങ്ങാവുന്നതാണ്. (ദര്‍ശന സമയം തെരെഞ്ഞെടുത്ത ശേഷം ആവശ്യമെങ്കില്‍ അപ്പം, അരവണ, മഞ്ഞള്‍ കുങ്കുമം, ആടിയ ശിഷ്ടം നെയ്യ് ഇവയില്‍ ഇത് പ്രസാദം വേണമെങ്കിലും ഓണ്‍ലൈനായി തന്നെ ബുക്ക് ചെയ്യാന്‍ സാധിക്കും) 

6) ദര്‍ശനത്തിന് എത്ര സമയം മുമ്പ് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താന്‍ കഴിയും? 
സ്ലോട്ട് ലഭ്യമാണെങ്കില്‍ ദര്‍ശനത്തിന ഉദ്ദേശിക്കുന്ന സമയത്തിന് 24 മണിക്കൂര്‍ മുൻപ് വരെ ഓണ്‍ലൈന്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. 

7) ഒരേസമയം പരമാവധി എത്രപേര്‍ക്ക് ബുക്ക് ചെയ്യാം? 
ഒരു ലോഗിന്‍ ഐഡിയില്‍ നിന്ന് പരമാവധി 10 പേര്‍ക്കുള്ള ദര്‍ശനം ബുക്ക് ചെയ്യാം. ഒരു ദിവസത്തേക്ക് പരമാവധി 5 പേരുടെ ദര്‍ശനവും ബുക്ക് ചെയ്യാം 

8) ഏതെല്ലാം തിരിച്ചറിയല്‍ രേഖകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആയി ഉപയോഗിക്കാം? 
ആധാര്‍, പാസ്‌പോര്‍ട്ട്, വോട്ടർ ഐഡി എന്നിവയാണ് അംഗീകൃത ഐഡി കാര്‍ഡുകൾ'

ഇനിയുള്ള മാസം ശബരിമല ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുവാനുള്ള തയാറെടുപ്പിലാകും പലരും. ദിവസങ്ങളോളം പ്രാർത്ഥിച്ച് വ്രതം നോറ്റ് ഇരുമുടിക്കെട്ട് തലയിലേന്തിയാണ് സ്വാമി അയ്യപ്പനെ കാണാൻ ഭക്തർ ശബരിമലയിൽ എത്തുന്നത്. ശബരിമല ദർശനം എന്നത് വിശ്വാസികൾ ഒരു പുണ്യമായി കരുതുന്നു. ഒപ്പം ഭാഗ്യവും അനുഗ്രഹവും ആണെന്ന് വിശ്വസിക്കുന്നു. ഈ അറിവ് ശബരിമല ദർശനത്തിന് തയാറെടുക്കുന്ന എല്ലാവർക്കും ലഭിക്കാനായി ഈ ലേഖനം സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും പങ്കിടുക.
 

#Sabarimala #virtualqueue #onlinebooking #keralapilgrimage #temple #india #travel #darshan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia