Festival | പറശ്ശിനി മടപ്പുര മുത്തപ്പന്‍ ദേവസ്ഥാനം പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബര്‍ രണ്ടിന് കൊടിയേറും


● കൊടിയേറ്റുന്നതോട് കൂടി ഉത്സവത്തിന് ആരംഭം കുറിക്കും.
● വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യം സമര്‍പിക്കും.
● പൂര്‍വിക ആയോധന കലാ അഭ്യാസത്തോടെ കാഴ്ച.
● ഉത്സവത്തിന് കരിമരുന്ന് പ്രയോഗം ഒഴിവാക്കിയിട്ടുണ്ട്.
● അരവണ പായസം മുത്തപ്പന്റെ പ്രസാദമായി നല്‍കുന്നില്ല.
● കോലാധാരിയോട് കോലം കെട്ടേണ്ടായെന്ന് നിര്‍ദേശം.
പറശ്ശിനിക്കടവ്: (KVARTHA) പറശ്ശിനി മടപ്പുര മുത്തപ്പന്‍ ദേവസ്ഥാനത്ത് ഈ വര്‍ഷത്തെ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബര്‍ രണ്ടിന് തിങ്കളാഴ്ച രാവിലെ 9.46 നും 10.16 നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ കൊടിയേറുമെന്ന് മടപ്പുര കുടുംബാംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പി എം സതീശന്‍ മടയന്റെ സാന്നിധ്യത്തില്‍ മാടമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരി കൊടിയേറ്റുന്നതോട് കൂടി ഉത്സവത്തിന് ആരംഭം കുറിക്കും. ഉച്ചക്ക് തറവാട്ടിലെ മുതിര്‍ന്ന സ്ത്രീ, വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങള്‍ ശ്രീകോവിലില്‍ സമര്‍പിക്കും. തുടര്‍ന്ന് വൈകുന്നേരം മൂന്ന് മണിമുതല്‍ മലയിറക്കല്‍ കര്‍മ്മവും, 3.30 മുതല്‍ തയ്യില്‍ തറവാട്ടുകാരുടെ പൂര്‍വിക ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തില്‍ പ്രവേശിക്കും. ഇതോട് കൂടി തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വര്‍ണപ്പകിട്ടാര്‍ന്ന കാഴ്ചവരവുകള്‍ പ്രവേശിക്കും.
മുത്തപ്പ സന്നിധിയില്‍ സന്ധ്യക്ക് മുത്തപ്പന്റെ വെള്ളാട്ടവും, തുടര്‍ന്ന് അന്തിവേലക്ക് പറശ്ശിനി മടപ്പുര കുടുംബാംഗങ്ങളും കഴകക്കാരും കുന്നുമ്മല്‍ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടും. ശേഷം പഞ്ചവാദ്യ സംഘത്തോട് സഹിതം കലശം എഴുന്നള്ളിച്ച് മടപ്പുരയില്‍ പ്രവേശിക്കും. ഡിസംബര്‍ മൂന്നിന് പുലര്‍ചെ 5:30 ന് തിരുവപ്പന ആരംഭിക്കും.
രാവിലെ 10 മണിയോട് കൂടി തയ്യില്‍ തറവാട്ടുകാരെയും തുടര്‍ന്ന് വിവിധ ദേശങ്ങളില്‍ നിന്നും വന്ന കാഴ്ച വരവുകാരെയും മുത്തപ്പന്‍ അനുഗ്രഹിച്ച് യാത്രയയക്കും. ഡിസംബര്‍ ആറിന് കലശാട്ടത്തോടുകൂടി മഹോത്സവം കൊടിയിറങ്ങും. തുടര്‍ന്ന് എല്ലാ ദിവസങ്ങളിലും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടായിരിക്കുന്നതാണ്.
ഉത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ പറശ്ശിനി മടപ്പുര മുത്തപ്പന്‍ കഥകളിയോഗം വക കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാരെ ഉള്‍പെടുത്തി കഥകളിയും, ഡിസംബര്‍ ഏഴിന് രാത്രി 10 മണിക്ക് പത്മശ്രീ രാമചന്ദ്ര പുലവറും സംഘവും അവതരിപ്പിക്കുന്ന തോല്‍ പാവക്കൂത്തും ഉണ്ടായിരിക്കുന്നതാണ്. ഉത്സവത്തിന് കരിമരുന്ന് പ്രയോഗം ഒഴിവാക്കിയിട്ടുണ്ട്. മടപ്പുരയില്‍ നിന്നും മുത്തപ്പന്റെ പ്രസാദമായി പയര്‍, തേങ്ങാപ്പൂള്‍, ചായ എന്നിവയാണ് പ്രസാദമായി ഭക്തര്‍ക്ക് വിതരണം ചെയ്യുന്നത്.
അരവണ പായസം മുത്തപ്പന്റെ പ്രസാദമായി നല്‍കുന്നില്ല. പുറത്തുനിന്നും എത്തി പായസം വില്‍ക്കുന്നവരോട് ശ്രീ മുത്തപ്പന്റെ പേര് മാറ്റണമെന്ന് അറിയിച്ചിട്ടുണ്ട്. കോലധാരി ആള്‍ദൈവമായി പ്രത്യക്ഷപ്പെടുന്നത് മടപ്പുരക്കെതിരായ നീക്കമായതിനാല്‍ മടയന്‍ നടപടി എടുത്തിട്ടുണ്ട്. കോലാധാരിയോട് കോലം കെട്ടേണ്ടായെന്ന് മടയന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പി എം വിനോദ് കുമാര്‍, പി സജീവന്‍, ശരത് പ്രമോദ്, പി എം സുജിത്ത് കുമാര്‍, ടി എം സുജിത്ത് എന്നിവര്‍ പങ്കെടുത്തു.
#keralafestivals, #muthappanthtemple, #theyyam, #indianfestivals, #culturalheritage