Religion | മോഹൻലാലിൻ്റെ ശബരിമലയിലെ പൂജ: മമ്മൂട്ടി മാപ്പ് പറയണമെന്ന് ചിലർ; വഴിപാട് വിവരങ്ങൾ പുറത്ത് വിട്ടത് ലാലിനോട് അടുപ്പമുള്ളവരെന്ന് ദേവസ്വം ബോർഡ്


● മോഹൻലാൽ ശബരിമലയിൽ മമ്മൂട്ടിക്കായി വഴിപാട് കഴിച്ചത് വിവാദമായി.
● വഴിപാട് രഹസ്യം പുറത്തായതിൽ ദേവസ്വം ബോർഡ് വിശദീകരണം തേടി.
● സോഷ്യൽ മീഡിയയിൽ വിഷയം ചർച്ചയായി.
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) രോഗബാധിതനായ മെഗാ സ്റ്റാർ മമ്മൂട്ടിക്കായി ശബരിമലയിൽ ഉഷപൂജ വഴിപാട് കഴിച്ചതു വിവാദമാക്കി കടുത്ത ആശയ വാദികൾ. മുതിർന്ന മാധ്യമപ്രവർത്തകനായ ഒ അബ്ദുല്ലയാണ് മോഹൻലാൽ വഴിപാട് കഴിച്ചതിന് രോഗ ചികിത്സയിലുള്ള മമ്മൂട്ടി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു ചാനൽ ചർച്ചകളിൽ രംഗത്തുവന്നത്. മമ്മൂട്ടിയുടെ അറിവോ സമ്മതപ്രകാരമോ ആണ് മോഹൻലാൽ പൂജ കഴിച്ചതെങ്കിൽ അതു തെറ്റാണെന്നാണ് ജമാത്തെ ഇസ്ലാമി സഹയാത്രികനായ ഒ അബ്ദുല്ലയുടെ വാദം. ഇസ്ലാമിക നിയമം പിൻതുടരുന്നയാൾക്ക് അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ല. ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ഒരു മതവിശ്വാസി മറ്റു ദൈവങ്ങൾക്ക് ആരാധന അർപിക്കുന്നത് തെറ്റാണെന്നും ഒ അബ്ദുല്ല ചൂണ്ടിക്കാട്ടി.
എന്നാൽ മോഹൻലാലിന് അദ്ദേഹത്തിൻ്റെ വിശ്വാസപ്രകാരം മമ്മുട്ടിക്ക് വേണ്ടി സുഹൃത്തും സഹപ്രവർത്തകനുമെന്ന നിലയിൽ ആരാധന നടത്താൻ സ്വാതന്ത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാൽ മമ്മൂട്ടിക്കായി ശബരിമലയിൽ നടത്തിയ പൂജ ഇസ്ലാമിക വിശ്വാസപ്രകാരം തെറ്റാണെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയും പ്രതികരിച്ചു. മമ്മുട്ടിയുടെ അറിവോ സമ്മതമോ കൂടിയാണ് ഇതു നടത്തിയതെങ്കിൽ ഇസ്ലാമിക വിശ്വാസപ്രകാരം അനുവദിക്കാൻ കഴിയില്ല. എന്നാൽ തൻ്റെ വിശ്വാസമനുസരിച്ചു മോഹൻലാൽ സ്വയം ഇഷ്ടപ്രകാരം ചെയ്തതാണെങ്കിൽ അദ്ദേഹത്തിന് അതിനു പൂർണ സ്വാതന്ത്ര്യമുണ്ടെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
ഇതിനിടെ മമ്മൂട്ടിക്കായി ശബരിമലയിൽ പൂജ കഴിച്ച മോഹൻലാലിന് പിൻതുണയുമായി ഒട്ടേറെ പേർ രംഗത്തുവന്നിട്ടുണ്ട്. ഇതാണ് കേരളമെന്നാണ് കെ ടി ജലീൽ എംഎൽഎ ഇതേ കുറിച്ചു തൻ്റെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. അനുകൂലിച്ചും പ്രതികരിച്ചും സോഷ്യൽ മീഡിയയിൽ സംവാദങ്ങൾക്ക് ചൂടുപിടിക്കവെ ഈ കാര്യത്തിൽ നിശബ്ദത പാലിക്കുകയാണ് ഇരുതാരങ്ങളും. ഇതിന് പുറമേ വഴിപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തിയതിന് മോഹൻലാലിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ വിശദീകരണമാവശ്യപ്പെട്ട് വാർത്താകുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ശബരിമലയിലെ വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്നാണ് തിരുവിതാകൂർ ദേവസ്വം ബോർഡിൻ്റെ വാദം. നടൻ മമ്മൂട്ടിയുടെ പേരിൽ മോഹൻലാൽ നടത്തിയ വഴിപാട് വിവരങ്ങൾ പുറത്തുവിട്ടത് ദേവസ്വം ബോർഡാന്നൈ മോഹൻലാലിന്റെ പ്രസ്താവന തെറ്റാണ്. വസ്തുതകൾ ബോധ്യപ്പെട്ട് നടൻ മോഹൻലാൽ പ്രസ്താവന തിരുത്തുമെന്ന് പ്രത്യാശിക്കുന്നതായി ദേവസ്വം ബോർഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശബരിമലയിലെ വഴിപാടുമായി ബന്ധപ്പെട്ട മോഹൻലാൽ നടത്തിയ ഈ പ്രസ്താവന തെറ്റാണെന്നാണ് ദേവസ്വം ബോർഡിൻ്റെ നിലപാട്. വഴിപാടുമായി ബന്ധപ്പെട്ട് വാർത്തകളിൽ ആദ്യം പുറത്തുവന്നത് തീർഥാടകന് ലഭിക്കുന്ന രസീതാണ്.അതായത് വഴിപാട് കഴിച്ച മോഹൻലാലിനോ അല്ലെങ്കിൽ മോഹൻലാലിന്റെ ഒപ്പമുള്ള ആളുകൾക്കോ ദേവസ്വം ബോർഡ് നൽകിയ രസീതാണ് ആദ്യം പുറത്തുവന്നത്. ഈ വസ്തുതകൾ ചൂണ്ടിക്കാട്ടിയാണ് വാർത്ത ചോർത്തിയത് ദേവസ്വം ബോർഡല്ലെന്നുള്ള അധികൃതരുടെ വാദം.
ഇതിനാൽ മോഹൻലാൽ സത്യം മനസ്സിലാക്കി നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മാർച്ച് 18 നാണ് നടൻ മോഹൻലാൽ ശബരിമലയിൽ ദർശനം നടത്തിയത്. രോഗബാധിതനായ മമ്മൂട്ടിക്കായി പൂജയും ആയുർ രക്ഷാ വഴിപാട് കഴിക്കുന്നതിനുമായിരുന്നു സന്ദർശനം. എന്നാൽ, ഉഷപൂജാ വിവാദം കത്തുമ്പോൾ മൗനം പാലിക്കുകയാണ് താര രാജാക്കൻമാർ.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?
Controversy arises over Mohanlal's Sabarimala pooja for Mammootty's health. Devaswom Board clarifies that the receipt leak was not from them. Religious debates ensue, with both actors maintaining silence.
#Mohanlal, #Mammootty, #Sabarimala, #DevaswomBoard, #Controversy, #KeralaNews