Tragedy | 'പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ ഉണ്ടായ സംഭവത്തില്‍ അതീവ ദുഃഖമുണ്ട്'; മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച് നരേന്ദ്ര മോദി

 
Mahakumbh Mela accident: Narendra Modi condoles the families of the deceased
Mahakumbh Mela accident: Narendra Modi condoles the families of the deceased

Photo Credit: X/Narendra Modi

● അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നാണ് അപകടം. 
● തിക്കിലും തിരക്കിലുംപെട്ട് നിരവധി പേരെ കാണാതായിട്ടുണ്ട്.
● സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍.
● ഊഹാപോഹങ്ങളില്‍ വീഴരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ദില്ലി: (KVARTHA) ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭമേളയിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമായ മൗനി അമാവാസി നാളില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ച ഭക്തരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തില്‍ സങ്കടമുണ്ടെന്നും പരുക്കേറ്റവര്‍ വേഗം സുഖപ്പെടട്ടെയെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും മോദി പറഞ്ഞു. 

'പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ ഉണ്ടായ സംഭവത്തില്‍ അതീവ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും'- മോദി പറഞ്ഞു. 

സംഭവത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയതായി പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. യോഗി ആദിത്യനാഥുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കുംഭമേളയിലെ രക്ഷാപ്രവര്‍ത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് യുപി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. 

ബുധനാഴ്ച പുലര്‍ച്ചെ 2:30 ഓടെ അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിരക്കിനെ തുടര്‍ന്ന് സ്‌നാനം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിക്കുകയായിരുന്നു. 15 പേര്‍ മരണത്തിന് കീഴടങ്ങുകയും നാല്‍പതിലേറെ പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തിക്കിലും തിരക്കിലുംപെട്ട് നിരവധി പേരെ കാണാതെയും ആയിട്ടുണ്ട്. അതേസമയം, അപകടത്തില്‍ മരണമോ പരുക്കേറ്റതോ സംബന്ധിച്ചുള്ള വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. 

ഊഹാപോഹങ്ങളില്‍ വീഴരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് പറഞ്ഞ യോഗി തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥനയും നടത്തി. സംഗംഘട്ടിലേക്ക് സ്‌നാനത്തിനായി പോകരുതെന്നും സമീപമുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കണമെന്നും യോഗി അഭ്യര്‍ത്ഥിച്ചു. ഉന്നതതല യോഗം വിളിച്ച യോഗി ആദിത്യനാഥ് കുംഭമേള അധികൃതരുമായി ചര്‍ച്ച നടത്തി. തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സന്യാസി സമൂഹം അറിയിച്ചു. കുംഭമേളയിലെ വിശേഷ ദിനത്തില്‍ ഒരു കോടി പേരെങ്കിലും എത്തിയതായാണ് അനൗദ്യോഗിക കണക്കുകള്‍. 

അതേസമയം, കുംഭമേള അപകടത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. വിഐപി സന്ദര്‍ശനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ക്രമീകരണങ്ങളിലെ വീഴ്ചക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സാധാരണക്കാരായ തീര്‍ത്ഥാടകര്‍ സര്‍ക്കാരിന്റെ വീഴ്ചക്ക് ഇരയായെന്നും ഇനിയെങ്കിലും ക്രമീകരണങ്ങള്‍ നേരാംവണ്ണം സജ്ജമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 

സെല്‍ഫ് പ്രമോഷന് കോടികള്‍ ചെലവഴിക്കുന്നവര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ മറന്നുവെന്ന് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. പാതിവെന്തത് പോലെയായിരുന്നു ക്രമീകരണങ്ങള്‍. ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഖര്‍ഗെ പറഞ്ഞു. 

സജ്ജീകരണങ്ങളിലെ പാളിച്ച ആശങ്കയുണ്ടാക്കുന്നതാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് എത്രയും വേഗം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണം. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കണം. കൂട്ടം തെറ്റിയവരെ കണ്ടെത്താന്‍ സത്വര ഇടപെടല്‍ വേണമെന്നും ദുരന്തത്തെ നിസാരവത്ക്കരിക്കരുതെന്നും അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു. ദുരന്തത്തില്‍ നടുക്കവും ദു:ഖവും രേഖപ്പെടുത്തി മായാവതിയും രംഗത്തെത്തി. സുരക്ഷ ഒരുക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു.

ഈ ദുരന്തത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ പങ്കുവെക്കുക. കുംഭമേളയിലെ സുരക്ഷയെക്കുറിച്ച് നിങ്ങൾക്ക് എന്ത് പറയാനുണ്ട്?

Prime Minister Narendra Modi has expressed deep sorrow over the stampede at the Kumbh Mela in Prayagraj. He has also assured that all necessary steps will be taken to ensure the safety of pilgrims.

#KumbhMela #Stampede #Tragedy #India #Prayagraj #Modi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia