Festival | നാടെങ്ങും വിജയദശമി ആഘോഷം; കുട്ടികളെ എഴുത്തിനിരുത്തി; ആശംസകളുമായി പ്രമുഖര്‍
● ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ ആശംസ.
● സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍.
● ശാരദമഠത്തില്‍ പ്രസാദമായി പൂജിച്ച പേന നല്‍കി.
കൊച്ചി: (KVARTHA) ക്ഷേത്രങ്ങളില്‍ വിദ്യാരംഭച്ചടങ്ങുകള്‍ (Vijayadashami Vidyarambham) നടക്കുകയാണ്. ക്ഷേത്രങ്ങള്‍ക്കു പുറമേ സാംസ്‌കാരിക, സാമുദായിക സ്ഥാപനങ്ങളുടെ നേതൃത്വത്തിലും അക്ഷരപൂജയും വിദ്യാരംഭ ചടങ്ങുകളുമായി രംഗത്തുണ്ട്. സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖര്‍ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തുന്നു. ചോറ്റാനിക്കര ദേവീ ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കാനെത്തി.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍ ദേവീക്ഷേത്രം, പൂജപ്പുര സരസ്വതി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, കരിക്കകം ശ്രീചാമുണ്ഡി ദേവി ക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. ശാന്തിഗിരി ആശ്രമത്തില്‍ പ്രാര്‍ഥനാലയത്തിലും ശിവഗിരി മഠത്തില്‍ ശാരദാദേവി സന്നിധിയിലും വിദ്യാരംഭച്ചടങ്ങ് നടന്നു. ശാരദമഠത്തിലെ വഴിപാടുകള്‍ക്ക് പ്രസാദമായി പൂജിച്ച പേന നല്‍കി.
ശാന്തിഗിരിയില്‍ പ്രാര്‍ഥനാലയം, താമര പര്‍ണശാല, സഹകരണ മന്ദിരം എന്നിവിടങ്ങളിലും ശിവഗിരിയില്‍ പര്‍ണശാല, വൈദികമഠം, ബോധാനന്ദ സ്വാമി പീഠം, മഹാസമാധി സന്നിധി എന്നിവിടങ്ങളിലും ദര്‍ശനത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ദേശീയ ബാലതരംഗം ഗാന്ധി സ്മാരക നിധിയുമായി ചേര്‍ന്ന് തൈക്കാട് ഗാന്ധി ഭവനില്‍ വിദ്യാരംഭം നടത്തി.
എറണാകുളം ജില്ലയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകളും പ്രത്യേക പൂജകളും നടന്നു. പനച്ചിക്കാട് ക്ഷേത്രമടക്കമുള്ള ആരാധനാലയങ്ങളിലും, മലപ്പുറത്ത് തുഞ്ചന്‍ പറമ്പ് അടക്കമുള്ള സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കുന്നു. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ചടങ്ങുകളും ആഘോഷവുമാണ് തിരൂര്‍ തുഞ്ചന്‍ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലുമടക്കം നടന്നത്. തുഞ്ചന്‍പറമ്പില്‍ രാവിലെ 4.30 മുതല്‍ വിദ്യാരംഭം തുടങ്ങി. 50 ആചാര്യന്മാരാണ് കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ച് നല്‍കിയത്.
ഇതിനിടെ, വിജയദശമി അക്ഷരങ്ങളുടെ ലോകത്തേക്ക് എത്തുന്ന കുട്ടികള്‍ക്ക് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന കുഞ്ഞു കൂട്ടുകാര്‍ക്ക് നന്മയും വിജയവും നേരുന്നുവെന്ന് മോഹന്‍ലാല്‍ കുറിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു മോഹന്‍ലാലിന്റെ ആശംസ.
'ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാര്‍ക്കും നന്മയും വിജയവും നേരുന്നു. എല്ലാവര്‍ക്കും സ്‌നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകള്‍', എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
നിലവില്‍ എമ്പുരാന്റെ ഷൂട്ടിങ്ങാണ് മോഹന്‍ലാലിന്റേതായി തിരുവനന്തപുരത്ത് നടക്കുന്നത്. 2019ല്‍ റിലീസ് ചെയ്ത ചിത്രമാണ് ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തില്‍ പൃഥ്വിരാജ്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. വിവേക് ഒബ്‌റോയ് പോയിട്ട് മറ്റ് താരങ്ങള്‍ എമ്പുരാനിലും ഉണ്ടാകും. ചിത്രം ഈ വര്‍ഷം അവസാനമോ 2025 ആദ്യമോ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
വിജയദശമി ആശംസകളുമായി ശശി തരൂര്‍ എംപിയും രംഗത്തെത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ ജനങ്ങള്‍ക്ക് വിജയദശമി ആശംസകള്‍ നേര്‍ന്നു. അനീതിക്ക് മേല്‍ നീതി വിജയം കൈവരിക്കുന്ന ദിനമാണിത്. സത്യത്തിലും ധാര്‍മ്മികതയിലുമുള്ള വിശ്വാസത്തിന്റെ പ്രതീകമാണ് ഈ ആഘോഷമെന്നും മുര്‍മു എക്സില്‍ കുറിച്ചു.
എത്ര ബുദ്ധിമുട്ടേറിയ അവസരങ്ങളിലും നാം നീതിക്കൊപ്പം നിലകൊള്ളുമെന്ന പ്രതിജ്ഞ ഈ ദിനത്തില്‍ കൈക്കൊള്ളണം. എല്ലാവരുടെയും ജീവിതത്തില്‍ ഈ ഉത്സവം സന്തോഷവും അഭിവൃദ്ധിയും എത്തിക്കട്ടെ. നമ്മുടെ രാജ്യം എപ്പോഴും പുരോഗതിയിലൂടെ പാതയിലൂടെ മുന്നോട്ട് പോകട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാവര്‍ക്കും വിജയദശമി ആശംസകള്‍ എന്നായിരുന്നു മോദി എക്സില്‍ കുറിച്ചത്. ദുര്‍ഗാമാതാവിന്റെയും ഭഗവാന്‍ ശ്രീരാമന്റെയും അനുഗ്രഹത്തിലൂടെ എല്ലാവര്‍ക്കും ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം വരിക്കാനാകട്ടെയെന്നും അദ്ദേഹം കുറിച്ചു.
വിജയദശമി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. സാമൂഹിക പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നാണ് ആ സമൂഹം ആര്‍ജ്ജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന പ്രക്രിയയുടെ പ്രാധാന്യവും ഈ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് വിദ്യാരംഭ ദിനമാണ്. നിരവധി കുഞ്ഞുങ്ങള്‍ ഈ വിദ്യാരംഭ ദിനത്തില്‍ അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവട് വെക്കുകയാണ്. ഇന്ന് സൗപര്‍ണ്ണിക, നതാലിയ, അലൈഖ, നമിത്, വമിക, ഘയാല്‍ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഈ വിദ്യാരംഭ ദിനം അതിനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവട്ടെ. എല്ലാവര്‍ക്കും മഹാനവമി- വിജയദശമി ആശംസകളെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
#vijayadashami #vidyarambham #kerala #mohanlal #festival #culture #india #education